പരിസ്ഥിതി പ്രവർത്തകനും ഫോട്ടോഗ്രാഫറുമായിരുന്ന രാധേശ്യാം ബിഷ്ണോയ്ക്ക് ഈ കഥ സമർപ്പിക്കുന്നു.
2025 മേയ് 23-ന് ജയ്സാൽമർ ജില്ലയിലുണ്ടായ ഒരു വാഹനാപകടത്തിൽ അദ്ദേഹം കൊല്ലപ്പെടു. ഐ.യു.സി.എൻ റെഡ് ലിസ്റ്റിലുള്ള ചിങ്കാരകളുടെ (ഗസാല ബെന്നെറ്റി) ആവാസവ്യവസ്ഥയായ ഭാദരിയ മാത ഒറാനിൽ (വിശുദ്ധവനങ്ങൾ) അനധികൃത നായാട്ടുകാർ കടന്നിരിക്കുന്നുവെന്നറിഞ്ഞ് രാത്രി ഏറെ വൈകി അവിടേക്ക് പുറപ്പെട്ടതായിരുന്നു അദ്ദേഹം. അദ്ദേഹത്തെ അനുഗമിച്ച വനംവകുപ്പുദ്യോഗസ്ഥരും നേർക്കുനേരെയുണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു.
വന്യജീവി ഫോട്ടോഫ്രാഫറും രാജസ്ഥാനിലെ പൊഖറാൻ തെഹ്സിൽ ആസ്ഥാനമായുള്ള പരിസ്ഥിതിപ്രവർത്തകനുമായ രാധേശ്യാം പരിസ്ഥിതി പ്രവർത്തനത്തിൽ സജീവവും ആത്മാർത്ഥമായും ഇടപെട്ടിരുന്നു. ഗ്രേറ്റ് ഇന്ത്യൻ ബുസ്റ്റാർഡ്, ചിങ്കാര തുടങ്ങിയ അപൂർവ വന്യജീവികളെ കള്ളക്കടത്തും നായട്ടും നടത്തുന്നവർക്കെതിരേ സദാ ജാഗരൂകനായിരുന്നു. തന്നെ സമീപിച്ചവർക്കൊക്കെ തന്റെ അറിവും താനെടുത്ത ചിത്രങ്ങളും പങ്കുവെക്കാൻ അദ്ദേഹത്തിന് എന്നും സന്തോഷമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം എല്ലാവർക്കും വലിയ നഷ്ടമാണ്. 39 വയസ്സ് മാത്രം പ്രായമായിരുന്ന അദ്ദേഹം ധോലിയ ഗ്രാമത്തിൽ, തന്റെ അമ്മയും, ഭാര്യയും രണ്ട് ചെറിയ കുട്ടികളോടുമൊപ്പമായിരുന്നു താമസിച്ചിരുന്നത്. അദ്ദേഹത്തെ അറിയുന്ന എല്ലാവർക്കും ഇതൊരു തീരാനഷ്ടമാണ്.

















