നാഗ്പുർ റൂറൽ (മഹാരാഷ്ട്ര): പ്രദേശത്തിന്റെ ബാക്കിയുള്ള ഭാഗങ്ങളിൽ 47 ഡിഗ്രി തുടരുമ്പോഴും ഇവിടെ തണുപ്പാണ്. അല്പം അകലെയായി 13 ഡിഗ്രി തണുപ്പിൽ നിലനിർത്തിയിരിക്കുന്ന ഒരു ചെറിയ സ്ഥലമുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ‘സ്നോഡോം’. അതും ചുട്ടുപൊള്ളുന്ന വിദർഭയിൽ! അതിലെ ഐസ് റിങ്ക് നിലനിർത്താൻതന്നെ ദിവസവും 4,000 രൂപയുടെ വൈദ്യുതി വേണം.
നാഗ്പുർ-റൂറൽ ജില്ലയിലെ ബാസാർഗാംവ് ഗ്രാമപഞ്ചായത്തിലെ ഫൺ & ഫൂഡ് വില്ലേജ് വാട്ടർ & അമ്യൂസ്മെന്റ് പാർക്കിലേക്ക് സ്വാഗതം. വൻസമുച്ചയത്തിന്റെ ഓഫീസിൽ സന്ദർശകരെ സ്വാഗതം ചെയ്തുകൊണ്ട് മഹാത്മാ ഗാന്ധിയുടെ ഒരു ച്ഛായാചിത്രം തൂക്കിയിരിക്കുന്നു. എല്ലാ ദിവസവും ഡിസ്കോയും ഐസ് സ്കേറ്റിംഗും ഐസ് സ്ലൈഡിംഗും ‘കോക്ക്ടെയിലോടുകൂടിയ നിറച്ചുവെച്ച ബാറും‘ നിങ്ങൾക്ക് ഉറപ്പ് തരുന്നു ഈ പാർക്ക്. 40 ഏക്കർ പാർക്കിൽ 18 തരം വാട്ടൽ സ്ലൈഡുകളും കളികളുമുണ്ട്. സമ്മേളനങ്ങൾ മുതൽ ചെറിയ ഒത്തുകൂടലുകൾക്കുവരെ അവിടെ നിങ്ങൾക്ക് വിവിധ സേവനങ്ങൾ ലഭിക്കുന്നു.
ബാസാർഗാംവ് ഗ്രാമം (ജനസംഖ്യ 3,000) ഭീമമായ ജലദൌർല്ലഭ്യം അനുഭവിക്കുന്ന ഒരു ഗ്രാമമാണ്. “വീട്ടിലേക്കാവശ്യമുള്ള വെള്ളം കൊണ്ടുവരുന്നതിന് മാത്രം സ്ത്രീകൾക്ക്, നിത്യവും, പല തവണയായി 15 കിലോമീറ്ററുകൾ നടക്കേണ്ടിവരുന്നു” എന്ന് യമുനാബായി ഉയികെ എന്ന സർപാഞ്ച് (ഗ്രാമമുഖ്യ) പറയുന്നു. “ഗ്രാമത്തിൽ ആകെയുള്ളത് ഒരു പൊതുകിണർ മാത്രമാണ്. ചിലപ്പോൾ നാലഞ്ച് ദിവസത്തിലൊരിക്കലോ, പത്തുദിവസത്തിലൊരിക്കലോ ഒക്കെയാണ് ഞങ്ങൾക്ക് വെള്ളം കിട്ടുക”.
ജലദൌർല്ലഭ്യം നേരിടുന്ന പ്രദേശമായി 2004-ൽ പ്രഖ്യാപിക്കപ്പെട്ട പ്രദേശത്താണ് ബാസാർഗാംവ് സ്ഥിതി ചെയ്യുന്നത്. മേയ് മാസം വരെ, ദിവസവും ആറുമണിക്കൂറും അതിലപ്പുറവും നീളുന്ന വൈദ്യുതതടസ്സവും ഈ ഗ്രാമം അനുഭവിക്കുന്നു. ഇത്, ആരോഗ്യത്തെയും പരീക്ഷയ്ക്ക് തയ്യാറാവുന്ന കുട്ടികളുടെ ജീവിതത്തെയുമടക്കം ജീവിതത്തിന്റെ സമസ്ത മേഖലയേയും ഒരുപോലെ ബാധിക്കുന്നുണ്ട്. വേനൽക്കാലത്ത് 47 ഡിഗ്രിവരെയെത്തുന്ന ചൂട് കൂടുതൽ ദുരിതങ്ങളുണ്ടാക്കുന്നു.
ഗ്രാമീണമേഖലയിലെ ഈ ഉരുക്കുനിയമങ്ങളൊന്നും ഫൺ & ഫൂഡ് വില്ലേജിന് ബാധകമല്ല. ബാസാർഗാംവിന് സ്വപ്നം കാണാൻ കഴിയുന്നതിലധികം ജലം ഈ സ്വകാര്യ മരുപ്പച്ചയിലുണ്ട്. ഒരു മിനിറ്റ് പോലും വൈദ്യുതി നിലയ്ക്കുകയുമില്ല. “വൈദ്യുത ബില്ലിനത്തിൽ, ഞങ്ങൾ ശരാശരി 4 ലക്ഷം രൂപ പ്രതിമാസം കൊടുക്കുന്നുണ്ട്”, പാർക്കിന്റെ ജനറൽ മാനേജർ ജസ്ജീത് സിംഗ് പറയുന്നു.






