"മരുന്നുകളും പണവും ഗ്യാസുമെല്ലാം തീർന്നു", ഏപ്രിൽ മാസം പകുതിയായപ്പോൾ സുരേഷ് ബഹാദൂർ എന്നോട് പറയുകയുണ്ടായി.
നാലുവർഷമായി, ചുണ്ടിൽ ഒരു സീട്ടിയും (വിസിൽ) കയ്യിൽ ഒരു ലാത്തിയുമേന്തി, എല്ലാ രാത്രിയും സൈക്കിളിൽ റോന്തുചുറ്റി പ്രദേശത്തെ വീടുകൾക്കും കടകൾക്കും സുരക്ഷ ഉറപ്പാക്കുകയായിരുന്നു സുരേഷിന്റെ പതിവ്. സുരേഷും പിതാവ് റാം ബഹാദൂറും ആന്ധ്രാപ്രദേശിലെ പടിഞ്ഞാറൻ ഗോദാവരി ജില്ലയിലുള്ള ഭീമാവരം പട്ടണത്തിൽ സുരക്ഷാഗാർഡുകളായി ജോലി ചെയ്തുവരികയായിരുന്നു.
മാർച്ച് 22-ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ, സൈക്കിൾ ഒരു മൂലയിലേക്ക് ഒതുക്കിവച്ച സുരേഷ് പിന്നീടുള്ള സമയം മുഴുവനും ചിലവഴിച്ചത് ഫോണിൽ കോവിഡ്-19 സംബന്ധിച്ച വാർത്തകൾ തിരയാനും വീട്ടിലേയ്ക്കാവശ്യമായ ഭക്ഷണവും വെള്ളവും പാചകവാതകവുമെല്ലാം കണ്ടെത്താനുമാണ്.
23-കാരനായ സുരേഷ്, 43 വയസ്സുകാരൻ ശുഭം ബഹാദൂറിനും 21 വയസ്സുള്ള രാജേന്ദ്ര ബഹാദൂറിനുമൊപ്പം തമ്മി രാജുനഗർ പ്രദേശത്തെ ഒരു വാടകവീട്ടിലാണ് താമസിച്ചിരുന്നത്. സുരേഷിന്റെ സ്വദേശമായ, നേപ്പാളിലെ ഭജാങ് ജില്ലയിൽ ഉൾപ്പെടുന്ന ദിക്ലാ ഗ്രാമത്തിൽനിന്നുതന്നെയുള്ള സുഹൃത്തുക്കളാണിവർ. ഭീമാവരം പട്ടണത്തിന്റെ വേറൊരു ഭാഗത്ത് മുറി വാടകയ്ക്കെടുത്ത് താമസിച്ചിരുന്ന റാം ബഹാദൂറും ലോക്ക്ഡൗൺ തുടങ്ങിയതിന് പിന്നാലെ ഇവർക്കൊപ്പം താമസമാക്കി.
ലോക്ക്ഡൗണിനു മുൻപുവരെ, എല്ലാ മാസത്തിലെയും ആദ്യത്തെ രണ്ടാഴ്ച, റാമും സുരേഷും വീടുകളിലും കടകളിലും കയറിയിറങ്ങി തങ്ങളുടെ ശമ്പളം വാങ്ങുമായിരുന്നു. ഓരോ വീട്ടിൽനിന്നും 10-20 രൂപയും കടകളിൽനിന്ന് 30-40 രൂപയുമായിരുന്നു കണക്ക്. ഇത്തരത്തിൽ ഓരോരുത്തരും 7,000-9,000 രൂപ സമ്പാദിച്ചിരുന്നു. അനൗപചാരികമായ ഒരു ഏർപ്പാട് ആയതുകൊണ്ടുതന്നെ, ഈ തുകയിൽ ഏറ്റക്കുറച്ചിലുകളുണ്ടാകും- "ചില മാസങ്ങളിൽ 5,000 രൂപ മാത്രമേ കിട്ടിയിരുന്നുള്ളൂ", ഏപ്രിലിൽ സംസാരിച്ചപ്പോൾ റാം ബഹാദൂർ പറഞ്ഞു. "ഇപ്പോൾ അതും നിന്നുപോയി."






