പനാമിക്കിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഏകദേശം 100 ആളുകൾ കോവിഡ്-19 വാക്സിൻ കുത്തിവയ്ക്കുന്നതിനു വേണ്ടി കാത്തിരിക്കുന്നത് ഞാൻ കണ്ടു. അന്ന് ഓഗസ്റ്റ് 11 ആയിരുന്നു. രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് മറ്റ് ഇന്ത്യക്കാർ അത്തരത്തിലുള്ള ആയിരക്കണക്കിന് കേന്ദ്രങ്ങളിൽ കാത്തിരിക്കുന്നത് പോലെയാണോ ഇത്? തികച്ചും അങ്ങനെയല്ല. ലേഹിലെ പനാമിക് ബ്ലോക്കിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം സമുദ്രനിരപ്പിൽ നിന്നും 19,091 അടി ഉയരത്തിലാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നിരിക്കിലും, അതേ പേരിലുള്ള പ്രധാന ഗ്രാമം ഏതാനും ആയിരങ്ങൾ അടി താഴെയാണ്. ഏതാണ്ട് 11,000 അടി ഉയരത്തിലുള്ള ഈ പി.എച്.സി. എവിടെയുമുള്ള വാക്സിനേഷൻ കേന്ദ്രങ്ങളെക്കാൾ സമുദ്ര നിരപ്പിൽനിന്നും ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്നു.
കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന്റെ മിക്ക ഭാഗങ്ങളിലേക്കും കോവിഡ്-19 വാക്സിൻ എത്തിക്കുന്നതും അവിടെ അവ ശേഖരിച്ചു വയ്ക്കുന്നതും മാത്രം വളരെ അദ്ധ്വാനമുള്ള പ്രവൃത്തിയാണ്. വളരെ അകലെയുള്ള സ്ഥലങ്ങളിൽനിന്നും കേന്ദ്രത്തിലേക്ക് എത്തുന്നവർ നേരിടുന്ന വെല്ലുവിളി മറക്കരുത്.
അസാധാരണമായ ഉയരത്തെക്കാൾ ഈ കേന്ദ്രത്തിന് പല പ്രത്യേകതകളുമുണ്ട്. ഇതിനെ അസാധാരണമായ നിലപാട് എന്ന് വിളിക്കുക. സിയാച്ചിൻ ഹിമാനിയോട് (Siachen Glacier) ചേർന്ന് സ്ഥിതി ചെയ്യുന്ന ലേഹിലെ ഈ പി.എച്.സി. അസാധാരണമായ ഒരു റെക്കോർഡ് ആണ് വഹിക്കുന്നത്. ഒരൊറ്റ ദിവസത്തിൽ അത് പ്രദേശത്തുള്ള 250 സൈനികോദ്യോഗസ്ഥർക്ക് വാക്സിൻ നൽകി. അതും, ഇന്റർനെറ്റ് എന്ന് വിളിക്കാൻ പോലും പറ്റാത്ത, വളരെ മോശമായ ആശയവിനിമയ സൗകര്യങ്ങൾ ഉപയോഗിച്ചുകൊണ്ട്. എന്നിട്ടും പനാമിക്കിലെ പി.എച്.സി., ലഡാക്കിലങ്ങോളമുള്ള മറ്റുചില കേന്ദ്രങ്ങളെപ്പോലെ, അതിന്റെ വാക്സിനേഷൻ ഉദ്യമം തികച്ചും വിജയകരമായി നടപ്പാക്കി.
പക്ഷെ, ലേഹ് പട്ടണത്തിൽ നിന്നും ഏകദേശം 140 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന ഈ പി.എച്.സി.യിൽ ഇന്റര്‍നെറ്റ് കൂടാതെ എങ്ങനെയാണ് അവർ കാര്യങ്ങൾ നടത്തിയത്? ഇവിടുത്തെ കോൾഡ് ചെയിൻ ഹാൻഡ്ലറായ (ലോകാരോഗ്യസംഘടന ശുപാര്‍ശ ചെയ്യുന്ന പരിധിയില്‍ വാക്സിന്റെ താപനില സൂക്ഷിക്കുന്നയാള്‍) സെറിംഗ് പറഞ്ഞതിങ്ങനെയാണ്: "അത് വളരെ എളുപ്പമാണ്! ക്ഷമയോടെ ഞങ്ങളത് കൈകാര്യം ചെയ്യുന്നു. വളരെയധികം സമയം ഞങ്ങൾ ജോലി ചെയ്തു. പക്ഷെ, അവസാനം ഞങ്ങൾക്ക് ഫലം കിട്ടി.” അതിനർത്ഥം മിനിറ്റുകൾ കൊണ്ട് ചെയ്യാൻ പറ്റുമായിരുന്ന കാര്യങ്ങൾ പ്രശ്നങ്ങൾ നിറഞ്ഞ നെറ്റ് കണക്ഷൻ ഉപയോഗിച്ച് മണിക്കൂറുകൾ എടുത്ത് ചെയ്തു എന്നാണ്. യഥാർത്ഥ വാക്സിനേഷൻ പ്രക്രിയയ്ക്ക് വേണ്ടതില്‍ കൂടുതൽ സമയമായിരുന്നു ഇത്.
























