അഞ്ച് ദിവസം, 200 കിലോമീറ്റർ, 27,000 രൂപ - മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ റെംഡെസിവിർ കുത്തിവയ്പ്പിനായി രവി ബോബ്ഡെ നടത്തിയ ഭ്രാന്തമായ അന്വേഷണത്തിന്റെ ആകെത്തുകയാണിത്.
ഈ വർഷം ഏപ്രിൽ അവസാന വാരത്തിൽ രവിയുടെ മാതാപിതാക്കളിൽ കോവിഡ്-19 ന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതിനു ശേഷമാണ് ഇതെല്ലാം ആരംഭിച്ചത്. “അവര്ക്ക് ശക്തമായ ചുമയ്ക്ക് ശേഷം ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും നെഞ്ചുവേദന ആരംഭിക്കുകയും ചെയ്തു,” ബീഡിലെ ഹർക്കി നിംഗാവ് ഗ്രാമത്തിലെ തന്റെ ഏഴേക്കർ കൃഷിഭൂമിയിലൂടെ നടക്കുമ്പോൾ രവി (25) ഓര്മ്മിച്ചു പറഞ്ഞു. “അതിനാൽ ഞാൻ അവരെ അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.”
ഡോക്ടർ ഉടൻ തന്നെ കോവിഡ്-19 ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഒരു ആന്റിവൈറൽ മരുന്നായ റെംഡെസിവിർ നിർദ്ദേശിച്ചു. എന്നാൽ ബീഡിൽ ഈ മരുന്നുകളുടെ വിതരണം കുറവായിരുന്നു. “ഞാൻ അഞ്ച് ദിവസം മരുന്നന്വേഷിച്ച് നടന്നു,” രവി പറഞ്ഞു. “സമയം പരിമിതമായിരുന്നതിനാൽ, എന്തുചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. അങ്ങനെ ഞാൻ ആംബുലൻസ് വാടകയ്ക്കെടുത്ത് എന്റെ മാതാപിതാക്കളെ സോലാപൂരിലെ ഒരു ആശുപത്രിയിലേക്ക് മാറ്റി.” യാത്രയിലുടനീളം രവി ഉത്കണ്ഠാകുലനായിരുന്നു. “ആംബുലൻസിലെ ആ നാല് മണിക്കൂർ ഞാൻ ഒരിക്കലും മറക്കില്ല.”
തന്റെ മാതാപിതാക്കളായ അർജുൻ (55), ഗീത (48) എന്നിവരെ മജൽഗാവ് താലൂക്കിലുള്ള ഗ്രാമത്തിൽ നിന്ന് 200 കിലോമീറ്റർ അകലെ സോലാപൂർ നഗരത്തിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് ഡ്രൈവർ 27,000 രൂപ ഈടാക്കി. "എനിക്ക് സോലാപൂരിൽ അകന്ന ബന്ധത്തിൽ ഒരു ഡോക്ടറെ പരിചയമുണ്ടായിരുന്നു” രവി വിശദീകരിച്ചു. "മരുന്നിനായുള്ള ക്രമീകരണം നടത്താമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ബീഡിലുടനീളമുള്ള ആളുകൾ മരുന്ന് ലഭ്യമാക്കാൻ പാടുപെടുകയായിരുന്നു.”
എബോളയുടെ ചികിത്സയ്ക്കായി ആദ്യം വികസിപ്പിച്ചെടുത്ത റെംഡെസിവിർ, പകർച്ചവ്യാധിയുടെ തുടക്കത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കോവിഡ് -19 രോഗികൾക്ക് ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. എന്നിരുന്നാലും, 2020 നവംബറിൽ, ലോകാരോഗ്യ സംഘടന റെംഡെസിവിർ ഉപയോഗിക്കുന്നതിനെതിരെ "ഉപാധികളോടെ ശുപാർശ” നൽകി. ആശുപത്രിയിൽ പ്രവേശിപ്പിച്ച കോവിഡ്-19 രോഗികളുടെ അതിജീവനം രോഗത്തിന്റെ തീവ്രത ഏതവസ്ഥയിലാണെങ്കിലും മരുന്ന്മൂലം മെച്ചപ്പെട്ടതിനും മറ്റ് ഫലങ്ങളുണ്ടാക്കിയതിനും യാതൊരു തെളിവുമില്ലെന്ന് ലോകാരോഗ്യ സംഘടന പ്രസ്താവിച്ചു.
ചികിത്സാ മാർഗ്ഗനിർദ്ദേശങ്ങളിൽ ആന്റിവൈറൽ മരുന്ന് ഉൾപ്പെടുത്താൻ കഴിയില്ലെങ്കിലും, അത് നിരോധിച്ചിട്ടില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മഹാരാഷ്ട്ര ചാപ്റ്ററിന്റെ മുൻ പ്രസിഡന്റ് ഡോ. അവിനാശ് ഭോണ്ഡ്വെ വ്യക്തമാക്കി. "മുൻപുണ്ടായിരുന്ന കൊറോണ വൈറസ് അണുബാധ [SARS-CoV-1] കൈകാര്യം ചെയ്യാൻ റെംഡെസിവിർ ഉപയോഗിച്ചിരുന്നു, ഇത് ഫലപ്രദമാണെന്ന് കണ്ടെത്തുകയും ചെയ്തു. അതിനാലാണ് പുതിയ കൊറോണ വൈറസ് രോഗം [SARS-CoV-2 അല്ലെങ്കിൽ Covid-19] ഇന്ത്യയിൽ ആദ്യം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഞങ്ങൾ ഇത് ഉപയോഗിക്കാൻ തുടങ്ങിയത്.”









