ഞങ്ങൾ കുന്നുകളും പാടങ്ങളും കയറിയിറങ്ങി നടക്കുകയായിരുന്നു. ആനയുടെ കാൽപ്പാടുകൾ അന്വേഷിച്ച്.
പതുപ്പുള്ള മണ്ണിൽ പതിഞ്ഞ വലിയ കാലടിപ്പാടുകൾ ധാരാളം കണ്ടു. ഊൺപാത്രങ്ങളുടെ വലിപ്പമുള്ളവ. പഴയത് പലതും പൊടിഞ്ഞുതുടങ്ങിയിരുന്നു. മറ്റ് ചിലത്, ആന ചെയ്ത കാര്യങ്ങൾ വ്യക്തമായി സൂചിപ്പിക്കുന്നവയായിരുന്നു. ഒരു ചെറിയ നടത്തം, നല്ല ശാപ്പാട്, ധാരാളം ആനപ്പിണ്ടം. വലിച്ചുവാരിയിട്ട കുറേ സാധനങ്ങളും കണ്ടു. കരിങ്കല്ലിന്റെ തൂണുകൾ, കമ്പികൊണ്ടുള്ള വേലികൾ, മരങ്ങൾ, വാതിലുകൾ.
ആനയുടേതായി കാണുന്ന എല്ലാം ക്യാമറയിലാക്കാൻ ഞങ്ങൾ ഒന്ന് നിന്നു. കാൽപ്പാടുകളുടെ ചിത്രങ്ങൾ ഞാൻ എന്റെ എഡിറ്റർക്ക് അയച്ചുകൊടുത്തു. “അതിന്റെ കൂടെ ആനയുമുണ്ടായിരുന്നോ”, പ്രതീക്ഷയോടെ അദ്ദേഹം മറുപടിയിൽ ചോദിക്കുന്നു. മൂപ്പരുടെ പ്രതീക്ഷകൾ ശരിയാവരുതേ എന്ന് ഞാൻ പ്രാർത്ഥിച്ചു.
കാരണം, കൃഷ്ണഗിരി ജില്ലയിലെ ഗംഗനഹള്ളി ഊരിലെ ആനകൾ നിങ്ങളെ തുമ്പിക്കൈകൊണ്ട് അനുഗ്രഹിച്ച് പഴം ചോദിക്കാറില്ല എന്നാണ് ഞാൻ കേട്ടിട്ടുള്ളത്. അതെല്ലാം അമ്പലങ്ങളിലെ ആനകളുടെ ഏർപ്പാടാണ്. ഇവിടെയുള്ളത് അവരുടെ ശുണ്ഠിക്കാരായ ബന്ധുക്കളാണ്. എപ്പോഴും വിശപ്പുള്ളവർ.
2021 ഡിസംബറിൽ കൃഷ്ണഗിരി ജില്ലയിലെ റാഗി കർഷകരെ കാണാൻ വേണ്ടി ഞാൻ നടത്തിയ യാത്ര എന്നെ കൊണ്ടുചെന്നെത്തിച്ചത് ആനത്താരയിലേക്കാണ് (ആനകൾ വിഹരിക്കുന്ന വഴി). കൃഷിയുടെ സാമ്പത്തികശാസ്ത്രത്തെക്കുറിച്ച് ചർച്ചയുണ്ടാകുമെന്നായിരുന്നു എന്റെ കണക്കുകൂട്ടൽ. അതുണ്ടാവുകയും ചെയ്തു. വളരെ കുറച്ച്. പകരം, ഓരോ കൃഷിഭൂമികളിൽനിന്നും ഞാൻ കേട്ടത് എന്തുകൊണ്ട് അവർ ആവശ്യത്തിനുള്ള വളരെ കുറച്ച് റാഗി മാത്രം കൃഷി ചെയ്യുന്നു എന്നതിനെക്കുറിച്ചാണ്. ആനകളായിരുന്നു അതിന്റെ കാരണം. വിലക്കുറവ്, (പിടിച്ചുനിൽക്കാൻ ഒരു കിലോ റാഗിക്ക് 35 മുതൽ 37 രൂപവരെയെങ്കിലും കിട്ടേണ്ട സ്ഥലത്ത് 25 മുതൽ 27 രൂപവരെയായിരുന്നു അവർക്ക് കിട്ടിക്കൊണ്ടിരുന്നത്), കാലാവസ്ഥാവ്യതിയാനം പിന്നെ അതിശക്തമായ മഴയും. ഇവയെല്ലാം ചേർന്ന് അവരെ തകർത്തുകളഞ്ഞിരുന്നു. അതിന്റെ കൂടെ ആനകളുടെ തുമ്പിക്കൈകളും കൊമ്പും ചേർന്നപ്പോൾ ഭീമമായ ഒരു കച്ചിത്തുരുമ്പാണ് തകർന്നുപോയത്.
“ആനകൾക്ക് വളരെയധികം കഴിവുകളുണ്ട്. കമ്പിവലകൾ താഴ്ത്തി എങ്ങിനെ മറുവശത്തേക്ക് പോകണമെന്ന് അവയ്ക്കറിയാം. മരങ്ങളുമ്പയോഗിച്ച് വേലികളിലെ വൈദ്യുതബന്ധത്തെ ഇല്ലാതാക്കാനറിയാം” അനന്തരാമു റെഡ്ഡി വിശദീകരിക്കുന്നു. “അവ എപ്പോഴും അവയുടെ കൂട്ടത്തെ അന്വേഷിക്കും”, അനന്തൻ എന്ന് വിളിപ്പേരുള്ള അയാൾ ദേങ്കനികോട്ട താലൂക്കിലെ വടപ്പാളയത്തെ ഒരു കർഷകനാണ്. മേലഗിരി റിസർവ് ഫോറസ്റ്റിന്റെ അറ്റത്തേക്ക് അയാൾ ഞങ്ങളെ കൊണ്ടുപോയി. കാവേരി നോർത്ത് വൈൽഡ്ലൈഫ് സാങ്ച്വറിയുടെ ഭാഗമാണത്.


















