എല്ലാ പ്രഭാതത്തിലും ഹിമാൻഷി കുബാൽ ഒരു പാന്റ്സും ടീഷർട്ടും അണിഞ്ഞു തങ്ങളുടെ ചെറിയ തുഴവള്ളം വെള്ളത്തിലേക്ക് തള്ളിയിറക്കാൻ തന്റെ ഭർത്താവിന്റെയൊപ്പം കൂടും. വൈകുന്നേരങ്ങളിൽ വർണപ്പകിട്ടുള്ള സാരിയുടുത്തു മിക്കപ്പോഴും മുടിയിൽ അബോലി (കനകാംബരം) പുഷ്പങ്ങളണിഞ്ഞ് ആവശ്യക്കാർക്ക് മത്സ്യങ്ങൾ വൃത്തിയാക്കിയും മുറിച്ചും കൊടുക്കുന്നത് കാണാം.
ഇപ്പോൾ മുപ്പതുവയസ്സിലധികം പ്രായമുള്ള ഹിമാൻഷി ചെറുപ്പത്തിലേ മീൻപിടിക്കാൻ തുടങ്ങി. ആദ്യം തന്റെ കുടുംബത്തിനൊപ്പം മാൽവൻ താലൂക്കിലെ പുഴകളിലും അഴിമുഖങ്ങളിലുമായിരുന്നു പ്രവർത്തനം. മൂന്ന് വർഷങ്ങൾക്ക് ശേഷം ഈ ബോട്ട് വാങ്ങിയപ്പോൾ തന്റെ ഭർത്താവിന്റെയൊപ്പം അറബിക്കടലിൽ പോകാൻതുടങ്ങി. മാൽവനിലെ ദണ്ഡി കടപ്പുറത്തു ജോലിചെയ്യുന്ന സ്ത്രീകളിൽ വേഗത്തിൽ വലയെറിയാൻ സാധിക്കുന്ന ചുരുക്കംചിലരിൽ ഒരാളാണ് അവർ. താലൂക്കിലെ 111,807 ജനസംഖ്യയിൽ 10,635 നിവാസികൾ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നു.
"ഞാൻ മറ്റു ബോട്ടുകളിൽ മത്സ്യങ്ങളെ വേർതിരിക്കുന്ന ജോലി ചെയ്യുമായിരുന്നു," അവർ പറഞ്ഞു. "മൂന്ന് വർഷങ്ങൾക്കു മുൻപ് ഞങ്ങൾക്ക് സ്വന്തമായി ഈ ചെറിയ ബോട്ട് വാങ്ങാനുള്ള പണമുണ്ടായി. അപ്പോൾ മുതൽ ഞങ്ങൾ ഒരുമിച്ചാണ് മീൻ പിടിക്കാൻ പോകുന്നത്."
അടുത്തുനിന്ന ഒരു ലേലക്കാരൻ "തീൻഷെ, തീൻഷെ ദാഹ, തീൻഷെ വീസ് !" [300, 310, 320 രൂപ] എന്നുറക്കെ വിളിച്ചുപറഞ്ഞു. കുറെ മീൻപിടുത്തക്കാർ അവരുടെ ബോട്ടുകളിൽ നിന്ന് മീൻനിറച്ച പെട്ടികൾ വലിച്ചിറക്കി കടപ്പുറത്ത് അട്ടിയിട്ടു നിരത്തി. വ്യാപാരികളും അവരുടെ പ്രതിനിധികളും ആൾക്കൂട്ടത്തിനിടയിലൂടെ ഏറ്റവും മികച്ച കച്ചവടത്തിനുവേണ്ടി വിലപേശി നടന്നു. അലഞ്ഞുതിരിയുന്ന നായകളും പൂച്ചകളും വേഗത്തിൽ പറന്നിറങ്ങുന്ന പക്ഷികളോടൊപ്പം വിരുന്നിൽ അവരവർക്കുള്ള പങ്കുപറ്റിക്കൊണ്ടിരുന്നു.
"പൊതുവെ എല്ലാ പ്രഭാതങ്ങളിലും ഞങ്ങൾ മീൻ പിടിക്കും," ഹിമാൻഷി പറഞ്ഞു. "മോശം കാലാവസ്ഥ അല്ലെങ്കിൽ മറ്റു കാരണങ്ങൾകൊണ്ട് ഞങ്ങൾ പോയില്ലെങ്കിൽ മത്സ്യം മുറിക്കാനും കഴുകാനും രാവിലത്തെ ചന്തയിൽ പോകും. പിന്നെ എല്ലാ വൈകുന്നേരങ്ങളിലും ഞങ്ങൾ ലേലത്തിനുണ്ടാകും."
ഇന്ത്യയിലുടനീളം മീൻപിടുത്തം പുരുഷന്മാരുടെ തൊഴിലാണ്. എന്നാൽ മിക്കവാറും ഹിമാൻഷിയെ പോലുള്ള സ്ത്രീകളാണ് മത്സ്യങ്ങളെ നന്നാക്കുക, വിൽക്കുക തുടങ്ങി ഈ വ്യവസായത്തിന്റെ മറ്റുകാര്യങ്ങളിൽ പ്രധാനികൾ. രാജ്യത്തെ മത്സ്യബന്ധനവ്യവസായ കേന്ദ്രങ്ങളിൽ മത്സ്യം പിടിച്ചതിനു ശേഷമുള്ള തൊഴിലുകൾ ചെയ്യുന്നവരിൽ 66.7 ശതമാനം വരുന്ന ഈ സ്ത്രീകൾ ഈ തൊഴിലിന്റെ ഒരു അവിഭാജ്യഘടകമാണ്. ഏതാണ്ട് നാലുലക്ഷം സ്ത്രീകൾ മീൻപിടുത്തമൊഴികെ മത്സ്യബന്ധനത്തിന്റെ മറ്റു മേഖലകളിൽ ജോലിചെയ്യുന്നതായി 2010-ലെ മറൈൻ ഫിഷറീസ് സെൻസസ് രേഖപെടുത്തിയിട്ടുണ്ട്. മാത്രമല്ല നാല്പത്തിനായിരത്തോളം സ്ത്രീകൾ മത്സ്യകൃഷിക്കു വേണ്ടി മത്സ്യവിത്തുകൾ (മീൻമുട്ടകൾ) ശേഖരിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്നു.
"ഇത് വളരെ തളർത്തുന്ന ഒരു തൊഴിലാണ് - വാങ്ങുക, കൊണ്ടുപോകുക, ഐസ് ഇട്ടു സൂക്ഷിക്കുക തുടങ്ങി മുറിക്കുന്നതും വിൽക്കുന്നതും വരെ. എല്ലാം ഞങ്ങൾ സ്വയം ചെയ്യും," ദണ്ഡി കടപ്പുറത്തെ ഒരു കച്ചവടക്കാരിയായ ജുവാനിറ്റ (മുഴുവൻ പേര് രേഖപെടുത്തിയിട്ടില്ല) പറഞ്ഞു. ഇഷ്ടികയും ആസ്ബെസ്റ്റോസും കൊണ്ടുള്ള അവരുടെ ഒറ്റമുറി വീടിന്റെ ഭിത്തിയിലെ ഒരു കമ്പിയിൽ ലേലത്തിൽ അവർ മത്സ്യം വാങ്ങിയതിന്റെ അനവധി ബില്ലുകൾ കോർത്തിട്ടിരുന്നു.

















