“ആളുകൾ എന്റെ ശ്വശുരനോട് ചോദിക്കാറുണ്ട്, ‘നിങ്ങളുടെ വീട്ടിലെ ഒരു പെൺകുട്ടി വീട്ടിൽനിന്ന് പുറത്ത് പോയി പൈസ സമ്പാദിക്കുന്നുണ്ടെന്നോ’? ഞാൻ ഈ പട്ടണത്തിന്റെ മകളല്ല, അതിനാൽ, ഇവിടെ നിയമങ്ങൾ എന്നോട് കൂടുതൽ കർക്കശമാണ്” ഫാത്തിമ ബീബി പറയുന്നു.
ഒരു കൂസലുമില്ലാതെ തന്റെ പർദ്ദ അഴിച്ച് മുൻവശത്തെ വാതിലിനടുത്ത് തൂക്കിവെച്ച് സംസാരിച്ചുകൊണ്ട് ഫാത്തിമ വീട്ടിനകത്തേക്ക് കയറുന്നു. “ചെറിയ കുട്ടിയായിരുന്നപ്പോൾ ഞാൻ കരുതി, എന്റെ സ്ഥലം അടുക്കളയായിരിക്കുമെന്ന് – പാചകം ചെയ്യലും വീട്ടുഭരണവും” പണ്ടത്തെ ആ ഓർമ്മയിൽ അവർ ചിരിക്കുന്നു. “ഞാൻ എന്തെങ്കിലും ചെയ്യാൻ ശ്രമിച്ചപ്പോഴൊക്കെ എന്റെ കുടുംബം എനിക്കെല്ലാ സ്വാതന്ത്ര്യവും തന്നു. പുറത്ത് പോവാനും ജീവിതം കൊണ്ട് എന്തെങ്കിലുമൊക്കെ നേടാനും. ഞാനൊരു മുസ്ലിം പെൺകുട്ടിയായിരിക്കാം. പക്ഷേ എനിക്ക് ചെയ്യാൻ കഴിയാത്തതായി ഒന്നുമില്ല”, 28 വയസ്സുള്ള ഊർജ്ജസ്വലയായ ആ പെൺകുട്ടി പറയുന്നു. അവളുടെ വെള്ള ദുപ്പട്ടയിലെ വെള്ളിത്തൊങ്ങലുകൾ ഉച്ചവെയിലിൽ തിളങ്ങി.
ഉത്തർപ്രദേശിലെ പ്രയാഗ്രാജ് ജില്ലയിലെ (പണ്ടത്തെ അലഹബാദ്) മഹേവ പട്ടണത്തിലാണ് ഫാത്തിമയുടെ താമസം. സമീപത്തുള്ള യമുനാനദിയെപ്പോലെ ജീവിതം യാതൊരു തിരക്കുമില്ലാതെ ഒഴുകുന്ന ഒരു ചെറുപട്ടണം. കാൽക്കീഴിലെ ഒരു പുല്ലുപോലും ഉപയോഗിക്കപ്പെടാതെ പോകരുതെന്ന് തീരുമാനിച്ച അവൾ ഇന്ന് നിപുണയായ ഒരു കരകൌശലവിദഗ്ദ്ധയും സംരംഭകയുമാണ്. മുളപോലെയുള്ള ഒരിനം പുല്ലായ സർപാത്തിന്റെ പുറമേയുള്ള ഭാഗം (മുഞ്ജ് എന്ന് വിളിക്കുന്നു അതിനെ) ഉപയോഗിച്ച് വിവിധയിനം ഗൃഹോപകരണങ്ങൾ നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നു ഫാത്തിമ.
ചെറിയ പെണ്ണായിരുന്നപ്പോൾ എന്ത് തൊഴിലാണ് ചെയ്യുക എന്ന് അവൾക്കറിയില്ലായിരുന്നു. പക്ഷേ മൊഹമ്മദ് ഷക്കീലിനെ വിവാഹം കഴിച്ച് മഹേവയിലെത്തിയപ്പോൾ അവൾ ചെന്നുപെട്ടത്, അറിയപ്പെടുന്ന ഒരു മുഞ്ജ് കരകൌശലവിദഗ്ദ്ധയുടെ വീട്ടിലായിരുന്നു. ഭർത്തൃമാതാവായ ആയിഷ ബീഗത്തിന്റെ അടുത്ത്.














