ഹാതണെയിലെ സർക്കാർ ആശുപത്രിയുടെ പ്രധാന വാടത്തിനു മുൻപിൽ പാർക്ക് ചെയ്തിരിക്കുന്ന ഒരു ഓട്ടോറിക്ഷയിൽ ഒരു സ്ത്രീ വീണ് ബോധം പോയി കിടക്കുകയാണ്. മറ്റൊരു സ്ത്രീ കരഞ്ഞുകൊണ്ട് അവരുടെ നെഞ്ചിൽ ഇടിക്കുന്നു: "മാഝാ സോന്യാ, മാഝാ സോന്യാ കൂഠേ ഗേലാ രേ, മാഝാ സോന്യാ? [നീയെവിടെ പോയി എന്റെ പ്രിയപ്പെട്ടവളേ?]” ഉച്ചത്തിലുള്ള കരച്ചിൽ എല്ലാ ഭാഗത്തുനിന്നും കേൾക്കുന്നു. ചില കുടുംബങ്ങൾ കടലാസുകളൊക്കെ ശരിയാക്കാൻ ശ്രമിച്ചുകൊണ്ട് സംഘങ്ങളായി കൂടിച്ചേരുന്നു. കുറച്ചുപേർ മറ്റൊരാശുപത്രിയിൽ കിടക്ക തരപ്പെടുത്താൻ നോക്കുന്നു.
മെയ് മാസത്തിന്റെ തുടക്കത്തിലെ ചൂടുള്ള ഒരു തിങ്കളാഴ്ച ദിവസത്തെ ഉച്ചയായിരുന്നു അത്. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ ഹാതണെ ഗ്രാമത്തിലെ രേവേര ആശുപത്രിക്ക് പുറത്ത് മൊത്തം പ്രശ്നങ്ങളായിരുന്നു.
ആശുപത്രി വളപ്പിന് പുറത്ത് ഒരു മരത്തിനു കീഴിലുള്ള സിമന്റ് തറയിൽ ഒന്നിനു പുറകെ ഒന്നായി ഫോൺ വിളിച്ചു കൊണ്ടിരിക്കുകയാണ് ഗുരു ചൗധരി. സഹോദരിയുടെ ഭർത്താവ് മരിച്ച വിവരം അറിയിക്കുകയാണദ്ദേഹം. "ദേവാലാ പ്രിയ ഝാലാ കാൽ രാത്രി [അദ്ദേഹം കഴിഞ്ഞ രാത്രിയിൽ മരിച്ചു]”, അദ്ദേഹം ഫോണിലൂടെ പറഞ്ഞു കൊണ്ടേയിരിക്കുന്നു. "അദ്ദേഹം എനിക്ക് സഹോദരനെ പോലെയായിരുന്നു”, തകർന്ന് ദുഃഖിതനായി ഗുരു എന്നോട് പറഞ്ഞു. ഈ വീഡിയോ നോക്കൂ. അദ്ദേഹത്തിന് സുഖമായിരുന്നു. എന്റെ സഹോദരി അദ്ദേഹത്തോടൊപ്പം ആശുപത്രിയിലായിരുന്നു. അദ്ദേഹത്തിനുള്ള ഓക്സിജൻ ബോട്ടിലിൽ നിന്ന് ലീക്കായിക്കൊണ്ടിരുന്നു... അവർ ഡോക്ടറെ വിളിച്ച് അദ്ദേഹത്തെ പരിശോധിക്കാൻ പറഞ്ഞു കൊണ്ടേയിരുന്നു..."
ഗുരുവിന്റെ സഹോദരി ഭർത്താവ് 35-കാരനായ വാമൻ ദിഘയെ ഏപ്രിൽ 23-ന് അദ്ദേഹത്തിന്റെ കുടുബം രേവേരയിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ് ഗ്രാമത്തിനടുത്തുള്ള രണ്ട് ചെറിയ ആശുപത്രികളിൽ എത്തിച്ചിരുന്നു. "അദ്ദേഹത്തിന് നന്നായി ശ്വസിക്കാൻ കഴിഞ്ഞില്ല. കുറച്ച് ദിവസത്തേക്ക് അദ്ദേഹത്തിന് നല്ല പനിയുമുണ്ടായിരുന്നു. അതുകൊണ്ട് ഞങ്ങൾ പേടിച്ച് അദ്ദേഹത്തെ പരിശോധിക്കാൻ തീരുമാനിച്ചു”, ഗുരു പറഞ്ഞു. "ഡോക്ടർ പറഞ്ഞത് അദ്ദേഹത്തിന് ന്യുമോണിയ ഉണ്ടെന്നും കോവിഡ് ആയിരിക്കാമെന്നും അതുകൊണ്ട് ഒരു ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നുമാണ്. അടുത്തുള്ള ആശുപത്രികളിലൊന്നും കിടക്കകളും ഓക്സിജനും ഇല്ലായിരുന്നു.”
പാൽഘറിലെ മോഖാഡ താലൂക്കിലെ താകപാഡ ഗ്രാമത്തിൽ നിന്നും അതേ ജില്ലയിലെ വിക്രംഗഡ് താലൂക്കിലുള്ള സംസ്ഥാനവക രേവേര ആശുപത്രിയിലെത്താൻ അദ്ദേഹത്തിന്റെ കുടുംബത്തിന് ഏതാണ്ട് 60 കിലോമീറ്റർ യാത്ര ചെയ്യണമായിരുന്നു. താലൂക്കിൽ കോവിഡ് രോഗികൾക്കുവേണ്ടി പ്രവർത്തിക്കുന്ന ഏക ആശുപത്രിയാണിത്. ഇവിടെ 200 കിടക്കകൾ ഉണ്ട് (അവയിൽ പകുതി ഐസൊലേഷൻ കിടക്കകളാണ്, ബാക്കിയുള്ളവ ഓക്സിജൻ, വെന്റിലേറ്റർ, അഥവാ ഐ.സി.യു. സൗകര്യങ്ങളോട് കൂടിയവയും; ജില്ലാ ഭരണകൂടത്തിന്റെ വെബ്സൈറ്റിൽ ഇതുമായി ബന്ധപ്പെട്ട് കാണുന്ന വിവരങ്ങൾക്ക് ഒട്ടും വ്യക്തതയില്ല).










