റാണിയുടെ മുടി രണ്ടായി വകവെടുത്ത്, എണ്ണ തേച്ച്, മുറുക്കെ മെടഞ്ഞിടുകയാണ് പൂനം. പക്ഷേ, റബ്ബർ ബാൻഡ് കെട്ടുന്നതിന് മുൻപേ, റാണി തന്റെ സഹോദരങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം കളിക്കാനായി ഓടി. “ദോസ്ത് സബ് കെ ആബിതൈ, ഇ സബ് സാഞ്ച് ഹൊയിതെ ഘർ സെ ഭാഗ് ജായ് ചാഹേ ഖേലാ ലേൽ (കൂട്ടുകാർ വരുന്നതോടെ വൈകുന്നേരം അവർ കളിക്കാനോടും)”, അത്താഴം പാചകം ചെയ്യുന്ന പൂനം ദേവി, തന്റെ മക്കളെ കുറിച്ച് പറഞ്ഞു. റാണി അവരുടെ എട്ട് വയസ്സുള്ള രണ്ടാമത്തെ മകളാണ്.
പൂനത്തിന് 3 പെണ്മക്കളും ഒരു മകനുമാണ്. പക്ഷേ നാലു പേരിൽ ഇളയവനായ മകനു മാത്രമേ ജനന സർട്ടിഫിക്കറ്റ് ഉള്ളൂ. “ഹംരാ ലാഗ് മേം ഇതേ പായ് രഹിതൈ ത ബൻവായിയെ ലേത്തിയെ സബ്കൈ (കാശുണ്ടായിരുന്നെങ്കിൽ ഞാൻ ബാക്കി മൂന്നു പേർക്കും കൂടെ എടുത്തേനെ),“ അവർ പറയുന്നു.
ഗ്രാമീണ ബിഹാറിലെ പല പാർപ്പിടങ്ങളെയും പോലെ അവരുടെ കച്ച വീടും മുളവടികളാൽ വേലി തീർത്തതായിരുന്നു. ദിവസ വേതന പണിക്കാരനായ ഭർത്താവ് മനോജിനൊപ്പം (38 വയസ്സ്) മധുബനി ജില്ലയിലെ ബേനിപ്പട്ടി ബ്ലോക്കിലെ ഏക്താര ഗ്രാമത്തിലാണ് അവരുടെ താമസം. മനോജിന്റെ മാസവരുമാനം ഏകദേശം 6,000 വരും.
“എനിക്കിപ്പോൾ 25 വയസ്സും ഏതാനും മാസങ്ങളുമാണ് പ്രായം,” പൂനം പറയുന്നു (ആരുടെയും യഥാർത്ഥ നാമം ഇവിടെ പരാമർശിച്ചിട്ടില്ല). “എന്റെ ആധാർ കാർഡ് ഭർത്താവിന്റെ കൈവശമാണ്, അദ്ദേഹം ഇപ്പോൾ വീട്ടിലില്ല. വിവാഹം കഴിയുമ്പോൾ എത്രയായിരുന്നു പ്രായം എന്ന് ഞാൻ വ്യക്തമായി ഓർക്കുന്നില്ല.” ഇപ്പോൾ 25 ആണെങ്കിൽ മിക്കവാറും 14 ആയിരിക്കണം വിവാഹസമയത്തെ പ്രായം.
പൂനത്തിന്റെ മക്കളെയെല്ലാം വീട്ടിലാണ് പ്രസവിച്ചത്. “ദായ് (വയറ്റാട്ടി) ആണ് എപ്പോഴും സഹായിച്ചിരുന്നത്. സ്ഥിതി അത്രയും ഗുരുതരമായാൽ മാത്രമേ ഞങ്ങൾ ആശുപത്രിയിൽ പോകാറുള്ളൂ,” മനോജിന്റെ അമ്മായി 57കാരി ശാന്തി ദേവി പറയുന്നു. മനോജിന്റെ വീടിന്റെ അതേ തെരുവിൽ തൊട്ടടുത്ത് താമസിക്കുന്ന അവർ പൂനത്തെ സ്വന്തം മരുമകളെ പോലെയാണ് പരിപാലിക്കുന്നത്.







