നിറഞ്ഞു കവിഞ്ഞ മാരുതി വാൻ നീങ്ങാറായി. കർഷകർ ലഭ്യമായ എല്ലാ സ്ഥലങ്ങളും കയ്യടക്കിയിരിക്കുന്നു. ചിലർ മറ്റുള്ളവരുടെ മടിയിലിരിക്കുന്നു. പിറകിലെ ഇരിപ്പിടവും കഴിഞ്ഞുള്ള ചെറിയൊരു ഭാഗത്ത് അവരുടെ ബാഗുകളും ഊന്നുവടികളുമെല്ലാം കൂട്ടിയിട്ടിരിക്കുന്നു.
പക്ഷേ മംഗൾ ഘാട്ഗേ തൊട്ടടുത്തുള്ള ഒരു സീറ്റ് ബോധപൂർവ്വം ഒഴിച്ചിട്ടിരിക്കുകയാണ്. അവിടെ ഇരിക്കാൻ അവർ ആരേയും അനുവദിക്കുന്നില്ല- ഇത് വേറൊരാൾക്കായി ‘കരുതിയിരിക്കുന്നു’. അപ്പോൾ മീരാഭായ് ലാങ്കെ വാനിനടുത്തേക്കു നടന്നു വന്ന് ഒഴിച്ചിട്ട സ്ഥലത്തിരുന്നുകൊണ്ട് സാരി നേരേയാക്കിയിട്ടു. മംഗൾ അവരുടെ കൈ മീരാഭായുടെ തോളിലൂടെ ഇട്ടു. വാതിലടഞ്ഞു. അപ്പോൾ മംഗൾ ,ഡ്രൈവറോടു പറഞ്ഞു, "ചൽ രേ [നമുക്ക് പോകാം]”.
53-കാരിയായ മംഗളും 65-കാരിയായ മീരാഭായിയും നാസികിലെ ദിണ്ടോരി താലൂക്കിലെ ശിന്ദ്വട് ഗ്രാമത്തിൽ നിന്നുള്ളവരാണ്. പക്ഷേ ദശകങ്ങളോളം ഒരേ ഗ്രാമത്തിൽ താമസിച്ചതല്ല, കഴിഞ്ഞ കുറച്ചു വർഷങ്ങളാണ് അവരുടെ ബന്ധം ഊട്ടിയുറപ്പിച്ചത്. "ജോലിയും വീട്ടിലെ കാര്യങ്ങളുമായി ഞങ്ങൾക്കു ഗ്രാമത്തിൽ തിരക്കാണ്”, മംഗൾ പറഞ്ഞു. “സമരസ്ഥലങ്ങളിൽ കൂടുതൽ സംസാരിക്കാൻ ഞങ്ങൾക്കു സമയം കിട്ടും.”
2018 മാർച്ചിൽ നാസികിൽ നിന്നും മുംബൈയിലേക്കു നടത്തിയ ദീർഘദൂര കിസാൻ ജാഥയിൽ രണ്ടുപേരും ഒരുമിച്ചുണ്ടായിരുന്നു. 2018 നവംബറിൽ കിസാൻ മുക്തി മോർച്ചയ്ക്കു വേണ്ടി ഡൽഹിയിലേക്ക് ഒരുമിച്ചു യാത്ര ചെയ്തു. നാസികിൽ നിന്നും ഡൽഹിയിലേക്കുള്ള വാഹന ജാഥയിലും ഇപ്പോൾ അവർ ഒരുമിച്ചുണ്ട്. എന്തിനാണ് സമരത്തിൽ പങ്കെടുക്കുന്നതെന്നു ചോദിച്ചപ്പോൾ മംഗൾ പറഞ്ഞു, "പോടാസാഠി (വയറിനുവേണ്ടി)“.
കേന്ദ്ര സർക്കാർ ഈ വർഷം സെപ്തംബറിൽ കൊണ്ടുവന്ന മൂന്നു കാർഷിക നിയമങ്ങൾക്കെതിരെ പതിനായിരക്കണക്കിനു കർഷകർ ദേശീയ തലസ്ഥാന അതിർത്തികളിലെ മൂന്നു സ്ഥലങ്ങളിലായി സമരം ചെയ്യുന്നു. തങ്ങളുടെ പിന്തുണയും ഐക്യദാർഢ്യവും പ്രകടിപ്പിക്കുന്നതിനായി മഹാരാഷ്ട്രയിലെ ഏകദേശം 2,000 കർഷകർ ഡിസംബർ 21-ന് നാസികിൽ ഒത്തു ചേർന്നു. ഏകദേശം 1,400 കിലോമീറ്ററുകൾ അകലെ ഡൽഹിയിലേക്കുള്ള ജാഥയിൽ പങ്കെടുക്കുന്നതിനായിരുന്നു ഇത്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (മാർക്സിസ്റ്റ്) യോടു ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന അഖിലേന്ത്യാ കിസാൻ സഭയാണ് ഇവരെ സംഘടിപ്പിച്ചത്.
മംഗളും മീരാഭായിയും ഊർജ്ജസ്വലരായ ഈ സമരക്കാരുടെ കൂട്ടത്തിലുള്ളവരാണ്.





