ദക്ഷിണ മുംബൈയിലെ ഭൂലേശ്വറിന്റെ ഇടുങ്ങിയ ഗല്ലികളിൽ താമസിക്കുന്ന മൻസൂർ ആലം ഷെയ്ക്ക് അതിരാവിലെ 5 മണിക്ക് എഴുന്നേറ്റ് ജോലിക്ക് പോവാൻ തയ്യാറായി. മെലിഞ്ഞ് നീണ്ട അയാൾ മിക്കവാറും ഒരു ലുങ്ക് ധരിച്ചാണ് തന്റെ 550 ലിറ്റർ വെള്ളം കൊള്ളുന്ന ലോഹ കൈവണ്ടി കവാസ്ജി പട്ടേൽ ടാങ്കിലേക്ക് തള്ളിക്കൊണ്ടുപോയി വെള്ളം നിറയ്ക്കുക. താമസസ്ഥലത്തുനിന്ന് ഏകദേശം ഒരു കിലോമീറ്റർ അപ്പുറത്ത്, മിർസാ ഗാലിബ് മാർക്കറ്റിനടുത്തുള്ള ദൂധ് ബസാറിലെ പൊതുശൌചാലയത്തിനടുത്തുള്ള തുറസ്സായ ഒരു സ്ഥലത്ത് വണ്ടി നിർത്തി, ടാങ്കിൽനിന്ന് വെള്ളം ശേഖരിച്ച്, അടുത്തുള്ള വീടുകളിലും കടകളിലും അയാൾ അതെത്തിക്കും.
ഈ തൊഴിൽ ചെയ്യുന്ന വളരെച്ചുരുക്കം ഭിഷ്തികളീൽ ഒരാളാണ് 50 വയസ്സുള്ള മൻസൂർ. മൂന്ന് പതിറ്റാണ്ടായി, മുംബൈയിലെ ഈ ചരിത്രപ്രധാനമുള്ള ഉൾപ്പട്ടണത്തിലെ ആളുകൾക്ക് കുടിക്കാനും അലക്കാനും കഴുകാനുമുള്ള വെള്ളം കൊണ്ടുവന്നിരുന്നത് മൻസൂറായിരുന്നു. കോവിഡ് 19, തൊഴിലിനെ തടസ്സപ്പെടുത്താൻ തുടങ്ങിയതുവരെ, മഷാക്കിൽ വെള്ളം ചുമന്നെത്തിച്ചിരുന്ന അപൂർവ്വമാളുകളിൽ ഒരാളായിരുന്നു അയാൾ. 30 ലിറ്റർ വെള്ളം സംഭരിക്കാവുന്ന തോൽസ്സഞ്ചികൾക്കാണ് മഷാക്ക് എന്ന് പറയുന്നത്. അത് ചുമന്ന് വെള്ളമെത്തിക്കുന്നവരെ മഷാക്ക് വാലകൾ എന്നും വിളിക്കും.
തോൽസ്സഞ്ചികളിൽ വെള്ളം വിതരണം ചെയ്യുന്ന പരമ്പരാഗത രീതി ഇപ്പോൾ ഇല്ലാതായിക്കഴിഞ്ഞെന്ന് മൻസൂർ പറയുന്നു. 2021-ൽ അയാൾ പ്ലാസ്റ്റിക് ബക്കറ്റുകളിലേക്ക് മാറി. “പ്രായം ചെന്ന ഭിഷ്തികൾ ഇനി സ്വന്തം ഗ്രാമങ്ങളിലേക്ക് തിരിച്ചുപോകണം. ചെറുപ്പക്കാർ പുതിയ ജോലി കണ്ടെത്തുകയും ചെയ്യണം“, അയാൾ പറയുന്നു. വടക്കേന്ത്യയിലെ ഭിഷ്തി എന്ന പേരിലുള്ള മുസ്ലിം സമുദായത്തിന്റെ പരമ്പരാഗത തൊഴിലാണ് വെള്ളം ചുമക്കൽ. പേഴ്സ്യൻ വാക്കായ ഇതിന്റെ അർത്ഥം, വെള്ളം ചുമക്കുന്നവർ എന്നാണ്. അറബിയിൽ സക്ക എന്നും ഇക്കൂട്ടരെ വിശേഷിപ്പിക്കാറുണ്ട്. അർത്ഥം അതുതന്നെയാണ്. വെള്ളം കൊണ്ടുവരുന്നവർ എന്ന്. രാജസ്ഥാൻ, ഉത്തർ പ്രദേശ്, ഹരിയാന, ദില്ലി, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ഇവരെ മറ്റ് പിന്നാക്കവിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഗുജറാത്തിൽ ഇക്കൂട്ടർ പക്കാലികൾ എന്ന പേരിലും അറിയപ്പെടുന്നു.

























