"ക്വിറ്റ് ഇൻഡ്യ സമരകാലത്ത് താങ്കളുടെ ഭർത്താവ് ബൈദ്യനാഥ് 13 മാസങ്ങൾ ജയിലിലായിരുന്നത് താങ്കളെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടായിരുന്നിരിക്കണം?" പുരുലിയയിൽ വച്ച് ഞാൻ ഭവാനി മഹാതോയോട് ചോദിച്ചു. "അത്തരം വലിയൊരു കൂട്ടുകുടുംബം നടത്തുന്നതും..."
“അദ്ദേഹം വീട്ടിൽ തിരിച്ചെത്തിയപ്പോൾ അവസ്ഥ വളരെ മോശമായി”, അവർ ശാന്തയായി എന്നാൽ ശക്തമായി പറഞ്ഞു. "അതിനർത്ഥം അദ്ദേഹം സുഹൃത്തുക്കളെ തുടർച്ചയായി കൊണ്ടുവരുമായിരുന്നുവെന്നും ഞാനവർക്ക് ഭക്ഷണം ഉണ്ടാക്കണമെന്നുമായിരുന്നു. അവർ ഭക്ഷണം എടുക്കുമായിരുന്നു. ചിലപ്പോൾ 5, 10, 20 അല്ലെങ്കിൽ കൂടുതൽ ആളുകൾ ഉണ്ടാകുമായിരുന്നു. ഒരു നിമിഷംപോലും എനിക്ക് വിശ്രമമില്ലായിരുന്നു.”
“പക്ഷെ തീർച്ചയായും ക്വിറ്റ് ഇൻഡ്യ ലഹളയുമായുള്ള നിങ്ങളുടെ ബന്ധം..."
“അതുമായി ഞാനെന്തു ചെയ്യാനായിരുന്നു, അല്ലെങ്കിൽ അങ്ങനെയുള്ള എന്തെങ്കിലുമായി?" അവർ ചോദിച്ചു. "സമരത്തിലെനിക്കൊന്നും ചെയ്യാനില്ല, എന്റെ ഭർത്താവ് ബൈദ്യനാഥ് മഹാതോയാണ് ചെയ്തത്. വലിയൊരു കുടുംബത്തെയും മുഴുവൻ ആളുകളെയും നോക്കി എനിക്ക് വലിയ തിരക്കായിരുന്നു. എന്തുമാത്രം ഞാൻ പാചകം ചെയ്യണമായിരുന്നു – ഓരോദിവസവും പാചകം കൂടിയതേയുള്ളൂ!”, ഭവാനി പറഞ്ഞു. "ഓർക്കുക, ഞാൻ കൃഷിയും നടത്തി.”
ഞങ്ങൾ വിഷണ്ണരായി. നിരാശ ഞങ്ങളുടെ മുഖത്ത് പ്രകടമായതുപോലെ. പശ്ചിമ ബംഗാളിന്റെ ഈ വിദൂരഭാഗത്ത് ഞങ്ങൾ എത്തിയത് ഇപ്പോഴും ജീവിച്ചിരിക്കുന്ന സ്വാതന്ത്ര്യസമര സേനാനികളെ തേടിയാണ്. മാൻബസാർ ഐ ബ്ലോക്കിലെ ചേപുയ ഗ്രാമത്തിൽ നിന്നുള്ള അതിനുപറ്റിയ ഈ വലിയ വ്യക്തി ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച ചരിത്രപരമായ ആ സമരവുമായി തനിക്ക് ബന്ധമുണ്ടെന്നുള്ളത് നിഷേധിക്കുന്നു.
101-നും 104-നും ഇടയിൽ പ്രായമുള്ള ഭവാനി മഹാതൊ വളരെ വ്യക്തതയോടെയും നിശ്ചയദാർഢ്യത്തോടും കൂടി സംസാരിച്ചു. വിദൂര ഗ്രാമപ്രദേശങ്ങളിലെ ദരിദ്ര ജനങ്ങളുടെ പ്രായം രേഖപ്പെടുത്തുകയെന്നത് ഏറ്റവും നല്ല സമയങ്ങളിൽ തന്നെ വൈദഗ്ദ്യം വേണ്ട ഒന്നാണ്. ഒരു നൂറ്റാണ്ട് മുമ്പ് അവർ ജനിച്ചപ്പോൾ അങ്ങനൊന്ന് മിക്കവാറും ഇല്ലായിരുന്നു. പക്ഷെ ഭവാനിയുടെ പ്രായത്തിന്റെ കാര്യത്തിൽ ഞങ്ങൾ ഒരു കണക്കുകൂട്ടലിൽ എത്തി. മരിച്ചുപോയ ഭർത്താവിന്റെ രേഖകളുടെയും തന്റെ വലിയ കുടുംബത്തിലെ 70-കളിലുള്ള മകൻ ഉൾപ്പെടെയുള്ള അംഗങ്ങളുടെയും സഹായത്തോടെ. അതുകൂടാതെ പുരുലിയയിൽ ഞങ്ങൾ സന്ദർശിച്ച ചില ഗ്രാമങ്ങളിലെ ചില സമകാലികരിലൂടെയും. അവർക്ക് ഏതാണ്ട് ഭവാനിയുടെ അടുത്ത് പ്രായം വരും.
കാര്യക്ഷമമായി പ്രവർത്തിക്കാത്ത ഇവിടുത്തെ ആധാർകാർഡ് സമ്പ്രദായം അവരുടെ തലമുറയിൽപ്പെട്ടവരുടെമേൽ ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്ന പ്രായത്തേക്കാൾ എന്തുകൊണ്ടും വിശ്വസനീയമായ ഒരു കണക്കുകൂട്ടലാണ് ഇത്. ആധാറിൽ അവർ ജനിച്ചവർഷം നൽകിയിരിക്കുന്നത് 1925 എന്നാണ്. അതനുസരിച്ച് അവരുടെ പ്രായം 97 വയസ്സും.
അവരുടെ കുടുംബം പറയുന്നു അവർക്ക് 104 വയസ്സുണ്ടെന്ന്.









