അരനൂറ്റാണ്ട് മുൻപ് താൻ രൂപം കൊടുത്ത കോലാപ്പുരിലെ ചെറിയ അണക്കെട്ടിന്റെ മുകളിലെ പാലത്തിനുമുകളിൽ ചുട്ടുപൊള്ളുന്ന വെയിലും ചൂടും വകവെക്കാതെ അയാളിരുന്നു. കുറച്ച് മുൻപ് ഉച്ചഭക്ഷണസമയത്ത് ഞങ്ങൾ ചോദിച്ച ചോദ്യങ്ങൾക്ക് ക്ഷമയോടെ മറുപടി പറയുകയായിരുന്നു അദ്ദേഹം. പാലത്തിന് മുകളിലൂടെ ഞങ്ങളോടൊപ്പം സന്തോഷത്തോടെയും ഊർജ്ജസ്വലതയോടെയും നടന്നുകൊണ്ട്, 1959-ൽ ഈ ചെറിയ ഡാം നിലവിൽ വന്നതിനെക്കുറിച്ച് അദ്ദേഹം വിവരിച്ചുകൊണ്ടിരുന്നു.
ആറ് പതിറ്റാണ്ടുകൾക്കിപ്പുറത്തും, ഗൺപതി ഈശ്വർ പാട്ടീലിന് ജലസേചനത്തെക്കുറിച്ചും കർഷകരെക്കുറിച്ച് കൃഷിയെക്കുറിച്ചും നല്ല ധാരണയുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തെക്കുറിച്ച് അദ്ദേഹത്തിനറിയാം. അതിന്റെ ഭാഗമായിരുന്നു ഒരിക്കൽ ആ മനുഷ്യൻ. 101 വയസ്സുള്ള ഗൺപതി, ഇന്ത്യയിൽ ഇന്ന് ജീവിച്ചിരിപ്പുള്ള അവസാനത്തെ സ്വാതന്ത്ര്യസമരസേനാനിയാണ്.
“ഞാൻ വെറും ദൂതൻ മാത്രമായിരുന്നു“. 1930-ന് ശേഷമുള്ള തന്റെ ജീവിതത്തെക്കുറിച്ച് അയാൾ ആത്മാർത്ഥമായ വിനയത്തോടെയും സത്യസന്ധതയോടെയും പറയാൻ തുടങ്ങി. “ഒളിവിലുള്ള ബ്രിട്ടീഷ്-വിരുദ്ധ പ്രസ്ഥാനങ്ങളുടെ സന്ദേശവാഹകൻ”. അതിൽ, നിരോധിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളുടെയും, സോഷ്യലിസ്റ്റുകളുടേയും സംഘടനകളുണ്ട്, 1942-ലെ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനകാലം മുതലുള്ള കോൺഗ്രസ്സ് പാർട്ടിയുമുണ്ട്. ആൾ സമർത്ഥനായിരിക്കണം. കാരണം, ഒരിക്കൽപ്പോലും അയാൾ പിടിക്കപ്പെട്ടില്ല. “ഞാൻ ജയിലിൽ പോയിട്ടില്ല” ഏതാണ്ടൊരു കുറ്റബോധത്തോടെ അയാൾ പറഞ്ഞു. താമ്രപത്രമോ, 1972-ന് ശേഷം സ്വാതന്ത്ര്യസമരപോരാളികൾക്ക് കൊടുക്കാൻ തുടങ്ങിയ പെൻഷനോ അയാൾ സ്വീകരിച്ചില്ല എന്ന് മറ്റുള്ളവർ പറഞ്ഞാണ് ഞങ്ങളറിഞ്ഞത്.







