2019 മാര്‍ച്ചില്‍ പ്രോജക്റ്റ് മാനേജരായി ബെംഗളൂരുവില്‍ ജോലി ലഭിച്ചപ്പോള്‍ ഈരപ്പ ബാവ്ഗെക്ക് ഒരുതരത്തിലും അറിയില്ലായിരുന്നു ഒരു വര്‍ഷത്തിനു ശേഷം ലോക്ക്ഡൗണ്‍ മൂലം തനിക്ക് പ്രസ്തുത ജോലി നഷ്ടപ്പെടുമെന്ന്. കൂടാതെ, വടക്ക്-കിഴക്കന്‍ കര്‍ണ്ണാടകയിലെ ബീദര്‍ ജില്ലയിലെ തന്റെ ഗ്രാമമായ കമതാനയിലെ എം.ജി.എന്‍.ആര്.ഇ.ജി.എ. പണിയിടങ്ങളില്‍ പണിയെടുക്കേണ്ടി വരുമെന്നും.
“ഒരുമാസം വീട്ടില്‍ ജോലിയൊന്നുമില്ലാതിരുന്നതിനു ശേഷം, വരുമാനം നേടാനും കുടുംബം കഴിഞ്ഞുകൂടാനും സഹായിക്കുന്ന എന്‍.ആര്.ഇ.ജി.എ. പ്രക്രിയയെക്കുറിച്ച് ഏപ്രില്‍ മാസത്തില്‍ ഞാന്‍ മനസ്സിലാക്കി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് കഷ്ടിച്ചേ ഞങ്ങളുടെ പക്കല്‍ പണമുണ്ടായിരുന്നുള്ളൂ. തോട്ടമുടമകള്‍ക്ക് തൊഴിലാളികളെ ആവശ്യമില്ലാതിരുന്നതിനാല്‍ എന്റെ അമ്മയ്ക്ക് പോലും പണി കണ്ടെത്തുക ബുദ്ധിമുട്ടായിരുന്നു”, അദ്ദേഹം പറഞ്ഞു.
ലോക്ക്ഡൗണ്‍ മൂലം നഷ്ടപ്പെട്ട പ്രസ്തുത ജോലി അദ്ദേഹത്തിന് ലഭിച്ചത് കഠിനാദ്ധ്വാനത്തിനും വലിയ കടങ്ങള്‍ വരുത്തിവച്ചതിനും ശേഷമായിരുന്നു. കൂടാതെ, കുടുംബാംഗങ്ങളുടെ പിന്തുണയും ഉപജീവനമാത്രമായ വരുമാനത്തില്‍ നിന്നും വിദ്യാഭ്യാസത്തിലൂടെ ഉയരണമെന്നുള്ള അവരുടെ നിശ്ചയദാര്‍ഢ്യവും കൊണ്ടും.
ഈരപ്പ തന്റെ ബി.ടെക്. ബിരുദം 2017-ല്‍ ഒരു സ്വകാര്യ കോളേജില്‍ നിന്നും പൂര്‍ത്തിയാക്കിയതാണ്. അതിനുമുന്‍പ് ഒരു സര്‍ക്കാര്‍ പോളിടെക്നിക്കില്‍ നിന്നും 2013-ല്‍ ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും നേടി. രണ്ട് സ്ഥാപനങ്ങളും ബീദര്‍ പട്ടണത്തില്‍ തന്നെയാണ്. ബിരുദത്തിന് ചേരുന്നതിനു മുന്‍പ്, കാര്‍ഷികോപകരണങ്ങള്‍ നിര്‍മ്മിക്കുന്ന പൂനെയിലെ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ എട്ട് മാസക്കാലം അദ്ദേഹം ടെക്നിക്കല്‍ ട്രെയ്നിയായി ജോലി ചെയ്തു. പ്രതിമാസം 12,000 രൂപയായിരുന്നു വേതനം. “ഞാനൊരു നല്ല വിദ്യാര്‍ത്ഥിയായിരുന്നു. അതിനാല്‍ ഞാന്‍ കരുതി വലിയ ഉത്തരവാദിത്തങ്ങള്‍ വഹിക്കാനും കൂടുതല്‍ സമ്പാദിക്കാനും എനിക്ക് പറ്റുമെന്ന്. എന്നെയും ഒരുദിവസം എഞ്ചിനീയര്‍ എന്നു വിളിക്കുമെന്ന് ഞാന്‍ കരുതി”, 27-കാരനായ ഈരപ്പ പറഞ്ഞു.
വിദ്യാഭ്യാസത്തിനുവേണ്ടി അദ്ദേഹത്തിന്റെ കുടുംബം നിരവധി വായ്പകള്‍ എടുത്തു. “മൂന്ന് വര്‍ഷത്തിനുള്ളില്‍ [ബി.ടെക്കിന്റെ] എനിക്ക് ഏകദേശം 1.5 ലക്ഷം രൂപ വേണമായിരുന്നു”, അദ്ദേഹം പറഞ്ഞു. “പ്രാദേശിക സ്വയംസഹായ സംഘങ്ങളില്‍നിന്നും (Self-Help Groups - SHGs) എന്റെ മാതാപിതാക്കള്‍ ചിലപ്പോള്‍ 20,000 എടുത്തു, ചിപ്പോള്‍ 30,000.” 2015 ഡിസംബറില്‍ അദ്ദേഹം അഞ്ചാം സെമസ്റ്ററില്‍ ആയിരിക്കുമ്പോള്‍ 48-കാരനായ പിതാവ് മഞ്ഞപ്പിത്തം മൂലം മരിച്ചു. പിതാവിന്റെ ചികിത്സയ്ക്കായി ഒന്നര ലക്ഷത്തോളം രൂപ അദ്ദേഹത്തിന്റെ കുടുംബം ബന്ധുക്കളില്‍ നിന്നും എസ്.എച്.ജി.കളില്‍ നിന്നുമായി വായ്പ എടുത്തിരുന്നു. “ഞാന്‍ ബിരുദം പൂര്‍ത്തിയാക്കിയപ്പോഴേക്കും എന്റെ ചുമലുകളില്‍ ഒരുപാട് ഉത്തരവാദിത്തങ്ങള്‍ ഉണ്ടായിരുന്നു”, ഈരപ്പ പറഞ്ഞു.
അങ്ങനെ ഒരു ചെറുകിട പ്ലാസ്റ്റിക് മോള്‍ഡിംഗ് മെഷീന് നിര്‍മ്മാണ യൂണിറ്റില്‍ പ്രോജക്റ്റ് മാനേജരായി 20,000 രൂപ ശമ്പളത്തില്‍ അദ്ദേഹത്തിന് ജോലി ലഭിച്ചപ്പോള്‍ കുടുംബത്തിന് സന്തോഷമായി. അത് 2019 മാര്‍ച്ചില്‍ ആയിരുന്നു. “ഞാനെന്റെ അമ്മയ്ക്ക് എല്ലാ മാസവും 8,000-10,000 രൂപ അയച്ചുകൊടുത്തിരുന്നു. പക്ഷെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ എല്ലാം മാറി”, അദ്ദേഹം പറഞ്ഞു.










