“എന്റെ അച്ഛൻ ഒരു ദിവസക്കൂലിക്കാരനായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റ് ജീവിതത്തിലെ ആനന്ദം മീൻപിടുത്തമായിരുന്നു. എന്തെങ്കിലും പണിയെടുത്ത് ഒരു കിലോഗ്രാം അരി മേടിക്കാനുള്ള പണം സമ്പാദിക്കും അദ്ദേഹം...എന്നിട്ട് ഒരൊറ്റ പോക്കാണ് ആ ദിവസത്തേക്ക്! എന്റെ അമ്മയാണ് എല്ലാ കാര്യവും നോക്കുക”, ബെൽഡംഗയിലെ ഉത്തർപാര പ്രദേശത്തെ വീടിന്റെ ടെറസ്സിലിരുന്ന് കോഹിനൂർ ബീഗം പറഞ്ഞു.
“ആലോചിച്ചുനോക്കൂ, ആ ഒരു കിലോ അരികൊണ്ടുവേണം അമ്മയ്ക്ക് നാല് മക്കളേയും, അച്ഛമ്മയേയും, അച്ഛനേയും ഒരമ്മായിയേയും തന്നെത്തന്നെയും ഊട്ടാൻ” അവർ ഒന്ന് നിർത്തി വീണ്ടും തുടർന്നു. “അതും പോരാഞ്ഞ്, മീൻ പിടിക്കാനുള്ള ചൂണ്ടയിൽ കൊരുക്കാനുള്ള വറ്റ് അമ്മയോട് ചോദിക്കാനുള്ള ധൈര്യവും അദ്ദേഹത്തിനുണ്ടായിരുന്നു. ആ മനുഷ്യൻ ഞങ്ങളുടെ ക്ഷമ പരീക്ഷിച്ചിരുന്നു”!.
ബംഗാളിലെ മൂർഷിദാബാദ് ജിലയിലെ ജാനകി നഗർ പ്രാഥമിക വിദ്യാലയ പ്രൈമറി സ്കൂളിലെ ഉച്ചഭക്ഷണം തയ്യാറാക്കിയിരുന്ന പാചകക്കാരിയാണ് 55 വയസ്സുള്ള കോഹിനൂർ ആപ (ചേച്ചി). ഒഴിവുകിട്ടുന്ന സമയത്ത് അവർ ബീഡി തെറുപ്പും, ആ തൊഴിൽ ചെയ്യുന്ന സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളിലും മുഴുകാറുണ്ടായിരുന്നു. മൂർഷിദാബാദിൽ ആ തൊഴിലിൽ ഏർപ്പെട്ടിരുന്ന സ്ത്രീകൾ അതീവദരിദ്രവിഭാഗക്കാരായിരുന്നു. നടുവൊടിക്കുന്ന പണിയാണത്. കുട്ടിക്കാലം മുതൽക്ക് പുകയിലയുമായി നിത്യസമ്പർക്കത്തിലായതിനാൽ, അവരുടെ ആരോഗ്യത്തിനും അത് ഭീഷണിയാവുന്നുണ്ട്. വായിക്കാം: ബീഡിത്തൊഴിലാളിസ്ത്രീകളുടെ ആരോഗ്യം നശിക്കുമ്പോൾ–
2021 ഡിസംബറിലെ ഒരു പകൽസമയത്ത് ഈ റിപ്പോർട്ടർ കോഹിനൂർ ആപയെ കണ്ടുമുട്ടി. ബീഡിത്തൊഴിലാളികളുടെ ഒരു പ്രചാരണ പരിപാടിക്കിടയിൽ. പിന്നീട്, അല്പം ഒഴിവുകിട്ടിയപ്പോൾ അവർ അവരുടെ കുട്ടിക്കാലത്തെക്കുറിച്ച് സംസാരിക്കുകയും, സ്വന്തമായി രചിച്ച ഒരു പാട്ട് പാടിത്തരികയും ചെയ്തു. ബീഡിത്തൊഴിലാളികളുടെ അദ്ധ്വാനം, ചൂഷണം, അവരുടെ തൊഴിലന്തരീക്ഷം എന്നിവയെക്കുറിച്ചുള്ള ഒരു പാട്ട്.
കുടുംബത്തിന്റെ മോശമായ സാമ്പത്തികസ്ഥിതി കുട്ടിക്കാലത്ത് വീട്ടിനകത്ത് ധാരാളം അസ്വാരസ്യങ്ങൾക്ക് വഴിവെച്ചിരുന്നു എന്ന് അവർ പറഞ്ഞു. ആ ചെറിയ പെൺകുട്ടിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്. “എനിക്ക് ഒമ്പത് വയസ്സുള്ളപ്പോൾ, ഒരു ദിവസം, വീട്ടിലെ തിരക്കുകൾകിടയിൽ, അമ്മയിരുന്ന് കരയുന്നത് ഞാൻ കണ്ടു. കൽക്കരിയും, ചാണകവരളിയും വിറകുമൊക്കെ മണ്ണുകൊണ്ടുള്ള അടുപ്പിൽ നിറയ്ക്കുകയായിരുന്നു അമ്മ. പാചകം ചെയ്യാൻ ഒരുതരി അരിമണിയുണ്ടായിരുന്നില്ല വീട്ടിൽ”.






