ഫട്!
മുളന്തോക്കിൽ (തുപ്കി എന്ന് പറയും) വെടിയുണ്ടക്ക് പകരം പെംഗ് എന്ന പഴം വെച്ച് വെടിവെക്കുമ്പോൾ ഉണ്ടാവുന്ന ശബ്ദമാണ് കേട്ടത്. ചത്തീസ്ഗഢിലെ ജഗ്ദൽപുർ പട്ടണത്തിൽ ആഘോഷിക്കാറുള്ള ഉത്സവത്തിന് ആചാരപരമായ ഗാർഡ് ഓഫ് ഓണറിന് ആ രണ്ട് വസ്തുക്കളാണ് ഉപയോഗിക്കുക.
മുളയുടെ തണ്ടുപയോഗിച്ചുണ്ടാക്കുന്നതാണ് തുപ്കി എന്ന ‘തോക്ക്’. അതിനുള്ളിൽ, പെംഗ് എന്ന കാട്ടുപഴം വെക്കും. ഭഗവാൻ ജഗന്നാഥന്റെ ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന ആഘോഷത്തിൽ ഈ തോക്കുകൊണ്ടാണ് വെടിവെക്കുക. എല്ലാ വർഷവും ജൂലായ് മാസത്തിൽ നടക്കുന്ന ഈ ഉത്സവത്തിന് സംസ്ഥാനത്തെ ബസ്തർ മേഖലയിൽനിന്ന് ആയിരക്കണക്കിന് ആളുകളെത്താറുണ്ട്.
“അടുത്തുള്ള ഗ്രാമങ്ങളിൽനിന്നൊക്കെ ആളുകൾ ഗോഞ്ച ഉത്സവത്തിനെത്തും. കൂടെ തുപ്കിയും തീർച്ചയായും ഉണ്ടാവും”, ജഗ്ദൽപുരിലെ താമസക്കാരനായ വനമാലി പാണിഗ്രാഹി പറയുന്നു. തുപ്കി ഉപയോഗിക്കാത്ത ഒരു പ്രകടനം അദ്ദേഹത്തിന് ഓർമ്മയിലില്ല.
വെടിയുണ്ടയ്ക്ക് പകരം ഉപയോഗിക്കുന്ന പെംഗ് ഒരു ചെറിയ, ഉരുണ്ട, പച്ചയും മഞ്ഞയും കലർന്ന കാട്ടുപഴമാണ്. മൽകാംഗിനി (ശാസ്ത്രീയനാമം, സെലാസ്ട്രസ് പനികുലാറ്റസ് വൈൽഡ്) എന്ന കാട്ടുവള്ളിയിൽ കുലകളായി ഉണ്ടാവുന്ന ഫലമാണ് പെംഗ്. സമീപത്തുള്ള കാടുകളിലാണ് ഈ കാട്ടുവള്ളികൾ അധികം കാണുക.
ഗോഞ്ച ഉത്സവം പുരിയിലും ആഘോഷിക്കാറുണ്ടെങ്കിലും, തുപ്കിയും പെംഗും ഉപയോഗിച്ചുള്ള ആചാരവെടി ബസ്തർ മേഖലയ്ക്ക് മാത്രം സ്വന്തമാണ്. കാട്ടിലെ വന്യമൃഗങ്ങളെ ഓടിക്കാൻ ഒരുകാലത്ത് ഈ ‘തോക്ക്’ ഉപയോഗിച്ചിരുന്നു.









