ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അരങ്ങേറിയ കോളനിവാഴ്ചയുടെയും വിഭജനത്തിന്റെയും അടങ്ങാത്ത അലയൊലികൾ അസമിൽ പ്രകടമാകുന്നത് വ്യത്യസ്ത മാനങ്ങളിലാണ്. നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ് (എൻ.ആർ.സി) എന്ന, 1.9 ദശലക്ഷം ആളുകളെ രാജ്യമില്ലാത്തവരാക്കി മാറ്റാൻ വഴിയൊരുക്കുന്ന പൗരത്വ നിർണ്ണയ പ്രക്രിയയാണ് ഇതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തം. 'ഡൗട്ട്ഫുൾ (ഡി) വോട്ടർ' എന്ന ഒരു വിഭാഗം പൗരന്മാരെ സൃഷ്ടിക്കുകയും അവരെ ഡിറ്റൻഷൻ സെന്ററുകളിൽ തടവിൽ പാർപ്പിക്കുകയും ചെയ്യുന്ന സമ്പ്രദായം ഈ പ്രക്രിയയുടെ ഭാഗമായി രൂപപ്പെട്ടതാണ്. 1990-കളുടെ അവസാനം തൊട്ട് അസമിലുടനീളം ഫോറിനേഴ്സ് ട്രൈബ്യൂണലുകൾ കൂണുപോലെ മുളച്ചു പൊന്തിയതും 2019 ഡിസംബറിൽ സിറ്റിസൺഷിപ്പ് അമൻഡ്മെന്റ് ആക്ട് (സി.എ.എ- പൗരത്വ ഭേദഗതി നിയമം) പാസ്സാക്കിയതുമെല്ലാം സംസ്ഥാനത്തെ പൗരത്വ തർക്കം രൂക്ഷമാക്കാനേ സഹായിച്ചിട്ടുള്ളൂ.
ഇന്നും തുടരുന്ന ഈ പ്രതിസന്ധിയുടെ ഇരകളായ ആറു പേർ തങ്ങളുടെ ജീവിതാനുഭവങ്ങൾ വിവരിക്കുമ്പോൾ, പൗരത്വ തർക്കം വ്യക്തി ജീവിതങ്ങളിലും ചരിത്രത്തിലും സൃഷ്ടിക്കുന്ന ആഘാതങ്ങൾ നമുക്ക് മുന്നിൽ വെളിവാകുന്നു. എട്ട് വയസ്സുള്ളപ്പോൾ നെല്ലി കൂട്ടക്കൊലയെ അതിജീവിച്ച റാഷിദ ബീഗത്തിന്റെ പേര് എൻ.ആർ.സിയിൽ ഉൾപ്പെടുത്തിയിട്ടില്ല; അവരുടെ കുടുംബാംഗങ്ങൾ എല്ലാവരും പട്ടികയുടെ ഭാഗമായിരിക്കെയാണിത്. ഷാജഹാൻ അലി അഹമ്മദിന്റെയും അദ്ദേഹത്തിന്റെ നിരവധി കുടുംബാംഗങ്ങളുടെയും പേരും പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു. അസമിലെ പൗരത്വ തർക്കവുമായി ബന്ധപ്പെട്ട് സജീവമായി പ്രവർത്തിക്കുന്ന ഒരു ആക്ടിവിസ്റ്റാണ് ഷാജഹാൻ ഇപ്പോൾ.


