പുകയിലയുടെ ഉപയോഗം കുറയ്ക്കാൻ ലക്ഷ്യമിട്ട് ലോകാരോഗ്യ സംഘടന രൂപം കൊടുത്ത ഫ്രേയിംവർക്ക് കൺവൻഷൻ ഓഫ് ടൊബാക്കോ കൺട്രോളിന്റെ (എഫ്.സി.ടി.സി) പശ്ചാത്തലത്തിൽ വേണം പുകയില കൃഷി കുറഞ്ഞുവരുന്നതും പുകയിലപ്പുരകൾ ഉപയോഗശൂന്യമാകുന്നതും മനസ്സിലാക്കാൻ. 2016-ൽ, എഫ്.സി.ടി.സി.യിൽ ഒപ്പുവെച്ച ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ പുകയിലയുടെ ഉത്പാദനം പടിപടിയായി കുറയ്ക്കാൻ ധാരണയിലെത്തിയിരുന്നു. ഇതിനുപിന്നാലെ, പുകയില ബോർഡ് പുതിയ പുകയിലപ്പുരകൾക്ക് ലൈസൻസ് കൊടുക്കുന്നത് നിർത്തിവെച്ചു - പുകയിലക്കൃഷിയിൽനിന്നുള്ള ലാഭം കുറഞ്ഞതോടെ കർഷകരുടെ അപേക്ഷകളും കുറഞ്ഞു.
40 വയസ്സുകാരനായ ശ്രീനിവാസ റാവു, ടി. അഗ്രഹാരം ഗ്രാമത്തിൽ പാട്ടത്തിനെടുത്ത 9 ഏക്കർ ഭൂമിയിലാണ് പുകയില കൃഷിചെയ്യുന്നത്. ഏക്കർ ഒന്നിന് വർഷത്തിൽ 30,000 രൂപ കൊടുത്ത് പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷിയിറക്കിയ റാവുവിന് കഴിഞ്ഞ സീസണിൽമാത്രം 1.5 ലക്ഷം രൂപയുടെ കടബാധ്യതയാണ് ഉണ്ടായത്. "2012-ൽ 6 ലക്ഷം രൂപ ചിലവഴിച്ച് ഞാൻ ഉണ്ടാക്കിയ പുകയിലപ്പുര കഴിഞ്ഞ വർഷം വെറും 3 ലക്ഷം രൂപയ്ക്ക് വിൽക്കേണ്ടിവന്നു.", അദ്ദേഹം പറയുന്നു. "ഇന്നത്തെ സാഹചര്യത്തിൽ ആരും പുകയിലപ്പുരകൾ വാങ്ങാൻ തയ്യാറാകുന്നില്ല. സർക്കാർ ഓരോ പുകയിലപ്പുരയ്ക്കും 10 ലക്ഷം രൂപവീതം നഷ്ടപരിഹാരം നൽകണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്; ആ തുക ലഭിച്ചാൽ നിമിഷനേരംകൊണ്ട് ഞങ്ങളും പുകയില കൃഷി ഉപേക്ഷിക്കാം. 2010-ൽ, ഗ്രാമത്തിന് പുറത്തുനിന്നുള്ള 33 മുത്തകൾ (ജോലിക്കാരുടെ സംഘങ്ങൾ) ഇവിടെയുള്ള പുകയിലപ്പുരകളിൽ ജോലി ചെയ്യാനെത്തിയിരുന്നു. ഈ വർഷം 10 മുത്തകൾ പോലും വന്നിട്ടില്ല."
ഇത്തരത്തിലുള്ള അനേകം പ്രതികൂലഘടകങ്ങൾ സൃഷ്ടിക്കുന്ന പ്രതിസന്ധിയുടെ ഫലമായി, പ്രകാശം ജില്ലയിലെ പുകയിലക്കർഷകർ കൂടുതൽ ലാഭകരമായ, കുറച്ച് വെള്ളം മാത്രം ആവശ്യമുള്ള വിളകളിലേയ്ക്ക് തിരിയാൻ നിർബന്ധിതരാകുകയാണ്. ഞാൻ മുഗ ചിന്തല ഗ്രാമത്തിൽ ചെല്ലുമ്പോൾ, സുബ്ബ റാവു തന്റെ സ്മാർട്ട് ഫോണിൽ ലാക്കർ എന്ന ഒരു വിളയെക്കുറിച്ചുള്ള ഒരു വീഡിയോ മറ്റ് കർഷകർക്ക് കാണിച്ചുകൊടുക്കുകയാണ്. "ഈ വിള നമ്മുടെ ഗ്രാമത്തിൽ ഒന്നു പരീക്ഷിക്കേണ്ടതാണ്.", അദ്ദേഹം പറയുന്നു. ബാക്കിയുള്ളവർ അദ്ദേഹത്തിന്റെ അഭിപ്രായത്തോട് യോജിച്ച്, കൂടുതൽ വിവരങ്ങൾ ആവശ്യപ്പെടുന്നു. "ശ്രീകാകുളം ജില്ലയിലും ഒഡീഷയുടെ ചില പ്രദേശങ്ങളിലും കൃഷിചെയ്യുന്ന ഒരു നാണ്യവിളയാണിത്; ഇതിന് അധികം വെള്ളം ആവശ്യമില്ല.", റാവു വിശദീകരിക്കുന്നു.
ഇതേസമയം, "ഞങ്ങളുടെ ജീവനോപാധി സംരക്ഷിക്കുക" എന്ന് കർഷകർ ആവശ്യപ്പെടുന്നത് ചിത്രീകരിക്കുന്ന പോസ്റ്ററുകൾ ഡൽഹിയിലെ ബസ് സ്റ്റോപ്പുകളിലും ഓട്ടോറിക്ഷകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പുകയില കച്ചവടക്കാരുടെ ദേശീയസംഘടനയായ അഖിൽ ഭാരതീയ പാൻ വിക്രേതാ സംഘട്ടന്റെ പേരും ലോഗോയുമാണ് ഈ പോസ്റ്ററുകളിൽ കാണുന്നത്. എന്നാൽ ഇത്തരമൊരു പ്രചാരണത്തെക്കുറിച്ച് കർഷകരോട് അന്വേഷിക്കുമ്പോൾ, അവർ പുകയില കമ്പനികളെ അധിക്ഷേപിക്കുകയാണ് ചെയ്യുന്നത്. "കർഷകർ ഒരുമിച്ചുനിന്ന് ജലസേചന സൗകര്യങ്ങൾക്ക് വേണ്ടി പോരാടുകയോ സിഗരറ്റ് കമ്പനികൾക്ക് എതിരേ സംഘടിക്കുകയോ ചെയ്തിരുന്നെങ്കിൽ, ഞങ്ങളുടെ അവസ്ഥ ഏറെ മെച്ചപ്പെടുമായിരുന്നു.", സുബ്ബ റാവു കൂട്ടിച്ചേർക്കുന്നു.
ഈ ലേഖനത്തിന്റെ മറ്റൊരു പതിപ്പ് 2018 ഫെബ്രുവരി 2-ന് 'ദി ഹിന്ദു ബിസിനസ്സ് ലൈൻ'ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരിഭാഷ: പ്രതിഭ ആർ.കെ.