ഒരു വീരനായകന്റെ രംഗപ്രവേശംപോലെ തോന്നിച്ചു ആ വരവ്. ചക്കയുടെ വ്യാപാരം സ്ത്രീകൾക്ക് പറ്റിയ പണിയല്ലെന്ന് – അതിന്റെ ഗതാഗതവും, ചുമക്കലും മറ്റും കാരണം - ആ ആറ് പുരുഷന്മാർ പറഞ്ഞ് അഞ്ചുമിനിറ്റ് തികച്ചായില്ല, ലക്ഷ്മി കടയ്ക്കകത്തേക്ക് പ്രവേശിച്ചു. മഞ്ഞസാരി ധരിച്ച്, നരച്ച തലമുടി കൊണ്ടപോലെ കെട്ടിവെച്ച്, മൂക്കിലും ചെവിയിലും സ്വർണ്ണാഭരണങ്ങൾ ധരിച്ചായിരുന്നു അവരുടെ വരവ്. “ഈ കച്ചവടത്തിലെ ഏറ്റവും പ്രമുഖയായ വ്യക്തിയാണ് അവർ”, ബഹുമാനത്തോടെ ഒരു കർഷകൻ പറയുന്നു.
“ഞങ്ങളുടെ വിളകൾക്ക് വില നിശ്ചയിക്കുന്നത് അവരാണ്”.
പാൻരുട്ടിയിലെ ഒരേയൊരു ചക്ക വ്യാപാരിയും, കാർഷികവ്യാപാരത്തിലെ മുതിർന്ന വനിതാ വ്യാപാരികളിലൊരാളുമാണ് 65 വയസ്സുള്ള എ.ലക്ഷ്മി.
തമിഴ്നാട്ടിലെ ഗൂഡല്ലൂർ ജില്ലയിലെ പാൻരുട്ടി പട്ടണം, ചക്കയ്ക്ക് പ്രസിദ്ധമാണ്. ചക്കയുടെ വിളവെടുപ്പ് കാലത്ത്, നൂറുകണക്കിന് ടൺ ചക്ക ദിവസവും ഇവിടെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നു. ചക്ക ചന്തകൾ എന്ന നിലയ്ക്ക് പട്ടണത്തിൽ പ്രവർത്തിക്കുന്ന 22 കടകളിൽ വിൽക്കുന്ന ആയിരക്കണക്കിന് കിലോഗ്രാം ചക്കകൾക്ക് വർഷാവർഷം വിലയിടുന്നത് ലക്ഷ്മിയാണ്. ഒരു ചെറിയ കമ്മീഷൻ - ഓരോ 1,000 രൂപയ്ക്കും 50 രൂപ – അവർക്ക് കിട്ടുന്നു. കൂടുതൽ കൊടുക്കാൻ കർഷകർ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതും ആവാം. ചക്കയുടെ കാലത്ത്, തന്റെ ദൈനംദിന വരുമാനം ഏകദേശം 1,000-ത്തിനും 2,000-ത്തിനും ഇടയിലാണെന്നാണ് ലക്ഷ്മി അനുമാനിക്കുന്നത്.
ഇത് സമ്പാദിക്കാൻ ദിവസവും 12 മണിക്കൂർ ജോലിയെടുക്കണം അവർക്ക്. രാവിലെ 1 മണിക്ക് അവർ ജോലി തുടങ്ങും. “ചരക്ക് (വില്പനസാധനങ്ങൾ) കൂടുതലുണ്ടെങ്കിൽ വ്യാപാരികൾ എന്നെ കാണാൻ വീട്ടിലേക്ക് വളരെ നേരത്തേ എത്തും“, ലക്ഷ്മി വിശദീകരിക്കുന്നു. എത്ര വൈകിയാലും പുലർച്ചെ 3 മണിക്കുള്ളിൽ അവർ ഓട്ടോറിക്ഷയിൽ ചന്തയിലെത്തും. ഉച്ചയ്ക്ക് 1 മണിവരെ. അത് കഴിഞ്ഞ് വീട്ടിൽ പോയി ഭക്ഷണം കഴിച്ച് വിശ്രമിക്കും. വൈകീട്ട് വീണ്ടും ചന്തയിലേക്ക് പോകുന്നതുവരെ.
“ചക്ക കൃഷിചെയ്യുന്നതിനെക്കുറിച്ച് എനിക്ക് അധികമൊന്നും അറിയില്ല”, മണിക്കൂറുകളോളം ആളുകളോട് സംസാരിച്ചും ബഹളം കൂട്ടിയിട്ടും നേർത്തുപോയ ശബ്ദത്തിൽ അവർ പറയുന്നു. “എന്നാൽ വില്പനയെക്കുറിച്ച് എനിക്ക് ചിലതൊക്കെ അറിയാം”, വിനയത്തോടെ അവർ പറയുന്നു. മൂന്ന് പതിറ്റാണ്ടായി ഈ വ്യാപാരരംഗത്ത് പ്രവർത്തിക്കുന്ന ആളാന് അവർ. അതിന് മുമ്പ്, 20 വർഷത്തോളം, അവർ തീവണ്ടിയിൽ ഇത് വിറ്റുനടക്കുകയും ചെയ്തിരുന്നു.















