“വാങ്ങുന്തോറും ഞങ്ങൾ കടക്കാരാവുകയാണ്”. ഇത് പറയുന്നത് 40 വയസ്സുള്ള കുനാരി ശബരി എന്ന കർഷകസ്ത്രീ. സവോര ആദിവാസി സമൂഹക്കാർ താമസിക്കുന്ന ഖൈര എന്ന ഗ്രാമത്തിൽവെച്ചാണ് അവർ ഞങ്ങളോട് ഇത് പറഞ്ഞത്.
“കലപ്പയും ചാണകവുമുപയോഗിച്ചുള്ള കൃഷിയായിരുന്നു ഞങ്ങളുടേത്. ഇപ്പോൾ ആരും അത് ചെയ്യുന്നില്ല” അവർ പറഞ്ഞു. ഇപ്പോൾ എന്തിനും ഏതിനും അങ്ങാടിയിലേക്ക് പോകണം. വിത്തിനും, കീടനാശിനിക്കും, വളത്തിനും എല്ലാം. കഴിക്കുന്ന ഭക്ഷണം പോലും വാങ്ങേണ്ടിവരുന്നു. പണ്ട് ഇങ്ങനെയായിരുന്നില്ല”
പരുത്തിക്കൃഷിമൂലം ഒഡിഷയിലെ ഫലഭൂയിഷ്ഠവും പാരിസ്ഥിതികക്ഷമതയുമുള്ള വിശാലമായ ഭൂഭാഗങ്ങളിൽ പടർന്നുപിടിക്കുന്ന ആശ്രിതത്വത്തെയാണ് അവരുടെ വാക്കുകൾ പ്രതിഫലിപ്പിക്കുന്നത്. ആ പ്രദേശത്തിന് ഭക്ഷണത്തിലുണ്ടായിരുന്ന സ്വയം പര്യാപ്തതയേയും, അതിന്റെ സമ്പന്നമായ ജൈവവൈവിധ്യത്തെയും ബാധിക്കുന്നതാണ് അത്. (ഒഡീഷയിൽ കാലാവസ്ഥാ പ്രതിസന്ധിയുടെ വിത്തുകൾ വിതയ്ക്കുന്നു എന്ന ലേഖനം നോക്കുക). ആന്ധ്രാപ്രദേശുമായി അതിർത്തി പങ്കിടുന്ന റായ്ഗഢിലെ ഗുണുപുർ ബ്ലോക്കിലേക്ക്, വടക്കു-കിഴക്ക് ഭാഗത്തുള്ള സമതലത്തിലൂടെ എത്തുമ്പോൾ ഇത് കൂടുതൽ പ്രത്യക്ഷമാവും. പരുത്തി ആദ്യമായെത്തിയത് ഈ ഭാഗങ്ങളിലാണ്.
“10-12 വർഷങ്ങൾക്കുമുൻപാണ് ഞങ്ങൾ പരുത്തിയിലേക്ക് തിരിഞ്ഞത്. ഇന്ന് ഞങ്ങൾ അതിനെ ആശ്രയിക്കുന്നത് മറ്റ് മാർഗ്ഗങ്ങളില്ലാത്തതിനാലാണ്” ഗുണുപുർ ബ്ലോക്കിലുള്ള ഖൈര ഗ്രാമത്തിലെ ആളുകൾ പറയുന്നു. മൂലധനം ആവശ്യമുള്ള പരുത്തിയിലേക്ക് മാറിയപ്പോൾ, സ്വന്തമായുണ്ടായിരുന്ന വിത്തുകളും പാരമ്പര്യരീതിയിൽ ചെയ്തുവന്നിരുന്ന വൈവിധ്യകൃഷിയും നഷ്ടപ്പെട്ടുവെന്ന് പ്രദേശത്തെ ധാരാളം കർഷകർ അഭിപ്രായപ്പെട്ടു.
“ഞങ്ങൾക്ക് സ്വന്തമായ വിളകളും കൃഷിയുമുണ്ടായിരുന്നു”വെന്ന് ഖേത്ര സബാര എന്ന ചെറുപ്പക്കാരനായ സവോര കർഷകൻ പറഞ്ഞു. “അന്ധ്രക്കാർ വന്ന് ഞങ്ങളോട് പരുത്തി കൃഷിചെയ്യാൻ പറയുകയും പലതും പഠിപ്പിക്കുകയും ചെയ്തു”. ലാഭമുണ്ടാക്കാമെന്ന ചിന്ത ഗ്രാമത്തിലെ കർഷകരെ പരുത്തിയിലേക്ക് നയിച്ചുവെന്ന് തുറന്ന് സമ്മതിച്ചു സന്തോഷ് കുമാർ ദണ്ഡസേന എന്ന മറ്റൊരു കർഷകൻ. “ആദ്യമൊക്കെ അത് സന്തോഷകരമായിരുന്നു. ഞങ്ങൾക്ക് ലാഭവും കിട്ടി. “ഇപ്പോൾ നഷ്ടവും ദുരിതവും മാത്രമാണ് ഞങ്ങൾക്ക്. ഞങ്ങൾ തകർന്നതോടെ, സന്തോഷമുണ്ടായത്, വട്ടിപ്പലിശക്കാർക്കാണ്”. അയാൾ പറഞ്ഞു.
ഞങ്ങൾ സംസാരിക്കുമ്പോൾ ജോൺ ഡീർ ട്രാക്ടറുകൾ ഗ്രാമത്തിന്റെ വഴികളിലൂടെ തലങ്ങും വിലങ്ങും ഓടുന്നുണ്ടായിരുന്നു. ജനിതകമാറ്റം വരുത്തിയ പരുത്തിയുടെ ഒഡിഷ ഭാഷയിലെഴുതിയ പരസ്യങ്ങൾ ഗ്രാമത്തിലെ ക്ഷേത്രത്തിന്റെ ചുവരുകളിൽ ഒട്ടിച്ചുവെച്ചിരുന്നു. ഗ്രാമത്തിന്റെ കവലയിലെമ്പാടും വിതയ്ക്കാനും കൊയ്യാനുമുള്ള യന്ത്രസാമഗ്രികൾ കിടപ്പുണ്ടായിരുന്നു.








