ശിവാനി കുമാരിക്ക് 19 വയസ്സേയുള്ളു, എന്നാൽ തന്റെ സമയം തീരാറായതായി അവർക്കു തോന്നുന്നു.
കഴിഞ്ഞ നാലു വർഷങ്ങളായി തന്നെ വിവാഹം കഴിപ്പിക്കുന്നതിൽ നിന്നും കുടുംബത്തെ അവർ പിന്തിരിപ്പിച്ചു നിർത്തിയിരിക്കുകയാണ്, എന്നാൽ ഇനി അധികകാലം അതിനു കഴിയുമെന്ന് ഇവർ വിശ്വസിക്കുന്നില്ല. "ഇനിയും എത്ര കാലം ഇവരെ തടഞ്ഞു നിർത്താനാവുമെന്നു എനിക്കറിയില്ല," അവർ പറയുന്നു. "എന്നെങ്കിലുമൊരിക്കൽ ഇതവസാനിക്കേണ്ടതാണ്."
ബിഹാറിലെ സമസ്തിപുർ ജില്ലയിലെ ഇവരുടെ ഗ്രാമമായ ഗംഗ്സാരയിൽ പെൺകുട്ടികള് സാധാരണയായി പത്താം ക്ലാസ്സു പോലും കഴിയുന്നതിനു മുൻപ്, അല്ലെങ്കിൽ 17-18 വയസ്സാവുന്നതോടെ, വിവാഹിതരാകുന്നു.
ശിവാനി (ഈ ലേഖനത്തിലെ എല്ലാ പേരുകളും മാറ്റിയിരിക്കുന്നു) ഇതുവരെ ഒരു വിധത്തിൽ പിടിച്ചു നിന്നു. അവർ ഇപ്പോൾ ബി.കോം. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ്. കോളേജിൽ പോകാൻ അവർ എപ്പോഴും ആഗ്രഹിച്ചിരുന്നു, എന്നാൽ അതിങ്ങനെ ഒറ്റയ്ക്കായിരിക്കുമെന്ന് കരുതിയിരുന്നില്ല. "എന്റെ എല്ലാ സുഹൃത്തുക്കളും വിവാഹിതരാണ്. കൂടെ പഠിച്ചു വളർന്നവരെല്ലാം കല്യാണം കഴിഞ്ഞു പോയി," സ്വന്തം വീട്ടിലിരുന്നു തുറന്നു സംസാരിക്കാനാവാത്തതിനാൽ, ഉച്ച സമയത്ത് ഒരു അയൽവീട്ടിലിരുന്ന് അവർ പറഞ്ഞു. ഇവിടെയും, ആടുകൾ വിശ്രമിക്കുന്ന, വീടിന്റെ പുറകുവശത്തിരുന്നു മാത്രമേ സംസാരിക്കുകയുള്ളു എന്നവർ നിർബന്ധം പിടിച്ചു. "കൊറോണ സമയത്തു എന്റെ കോളേജിലെ അവസാനത്തെ കൂട്ടുകാരിയുടെയും വിവാഹം കഴിഞ്ഞു," അവർ കൂട്ടിച്ചേർത്തു.
തന്റെ സമുദായത്തിൽ വളരെ അപൂർവ്വമായി മാത്രമേ പെൺകുട്ടികൾക്ക് കോളേജിൽ പോകാൻ അവസരം ലഭിക്കാറുള്ളു എന്ന് അവർ പറയുന്നു. ശിവാനി മഹാദളിത് വിഭാഗത്തിലെ രവിദാസ് സമുദായത്തിൽ (ചമാർ ജാതിയിലെ ഒരു ഉപവിഭാഗം) ഉൾപ്പെടുന്നു. 2007 ൽ ബീഹാർ സർക്കാർ പട്ടികജാതിയിലെ ഏറ്റവും പിന്നോക്കരായ 21 സമുദായങ്ങൾക്ക് കൂട്ടായി നൽകിയ പദമാണ് മഹാദളിത്.
അവിവാഹിതയെന്ന സമൂഹത്തിലെ ദുഷ്പേരും കുടുംബാംഗങ്ങളുടെയും അയൽക്കാരുടെയും പരിചയക്കാരുടെയും നിരന്തര സമ്മർദവും അവരുടെ ഒറ്റപ്പെടലിന് ആക്കം കൂട്ടുന്നു. "ഞാൻ ആവശ്യത്തിന് പഠിച്ചുവെന്ന് അച്ഛൻ പറയുന്നു. എന്നാൽ എനിക്കൊരു പോലീസ് ഉദ്യോഗസ്ഥയാകാനാണ് ആഗ്രഹം. എനിക്കത്ര വലിയ മോഹങ്ങളൊന്നും പാടില്ലെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഞാൻ പഠിച്ചു കൊണ്ടിരുന്നാൽ എന്നെ ആരു വിവാഹം ചെയ്യുമെന്നാണ് അദ്ദേഹം ചോദിക്കുന്നത്," ശിവാനി പറഞ്ഞു. "ഞങ്ങളുടെ സമുദായത്തിൽ ആൺകുട്ടികൾ പോലും നേരത്തെ വിവാഹിതരാകുന്നു. ചിലപ്പോഴൊക്കെ എല്ലാം വേണ്ടെന്നു വയ്ക്കണോ എന്നു ഞാൻ ആലോചിക്കാറുണ്ട്. എന്നാൽ ഇവിടം വരെ എത്തിയ സ്ഥിതിക്ക് എന്റെ സ്വപ്നം സാക്ഷാത്കരിക്കണം."







