"കാർഷികമേഖലയിൽ പ്രതിസന്ധി എന്നൊന്നില്ല.'
പഞ്ചാബിലെ ശക്തമായ അർത്തിയാസ് അസോസിയേഷന്റെ വൈസ് പ്രസിഡന്റ് ദർശൻ സിങ്ങ് സംഘേരയെ പരിചയപ്പെടൂ. ബർനാല ജില്ലാ ചാപ്റ്ററിന്റ "ബോസും' അദ്ദേഹമാണ്. അർത്തിയാസ് എന്നാൽ കമ്മീഷൻ ദല്ലാളുമാർ എന്നർത്ഥം. കർഷകരെയും ഉപഭോക്താവിനെയും ബന്ധിപ്പിക്കുന്ന ഇടനിലക്കാർ. വിളവെടുത്തശേഷമുള്ള ലേലവും അത് ഉപഭോക്താക്കളിലെത്തിക്കുന്നതുമടക്കം എല്ലാം ഈ ഇടനിലക്കാരാണ് ചെയ്യുന്നത്. ഇൗ വ്യവസായത്തിന്റെ ചരിത്രം പരിശോധിച്ചാൽ പണം കടം കൊടുക്കുന്നവരും ഇവർതന്നെയെന്ന് മനസിലാകും. സംസ്ഥാനത്തെ കർഷകരുടെ മേലുള്ള ദല്ലാളുമാരുടെ നിയന്ത്രണം വ്യക്തമാക്കുന്നതാണ് ഇവയെല്ലാം.
ദല്ലാളുമാർ രാഷ്ട്രീയമായും ശക്തരാണ്. നിയമസഭാംഗങ്ങൾ അവരെസംബന്ധി്ച്ച് അവരുടെ സ്വന്തം ആളുകളാണ്. കഴിഞ്ഞ വർഷം ജൂലൈയിൽ മുഖ്യമന്ത്രി അമരീന്ദർ സിങിനെ "ഫക്റ് ഇ ക്വയാം' (സമുദായത്തിന്റെ അഭിമാനം) എന്ന പദവി നൽകി അവർ ആദരിച്ചിരുന്നു. പ്രാദേശിക മാധ്യമങ്ങൾ "മെഗാ അനുമോദന ചടങ്ങ്' എന്നാണ് പരിപാടിയെ വിശേഷിപ്പിച്ചത്. കർഷകർ ദല്ലാളുമാർക്ക് നൽകാനുള്ള കടം എഴുതിത്തള്ളുന്നത് ബുദ്ധിമുട്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്.
പഞ്ചാബിലെ ഗ്രാമീണകർഷകരുടെയും കർഷക തൊഴിലാളികളുടെയും കടബാധ്യതയെക്കുറിച്ചുള്ള ഒരു പഠനം വ്യക്തമാക്കുന്നത് 86 ശതമാനം കർഷകരും 80 ശതമാനം കർഷകത്തൊഴിലാളി കുടുംബങ്ങളും കടക്കെണിയിൽ അകപ്പെട്ടിരിക്കുകയാണെന്നാണ്. ഈ കടത്തിന്റെ അഞ്ചിലൊന്നും ദല്ലാളുമാർക്കും മറ്റ് പണമിടപാടുകാർക്കുമാണ് നൽകാനുള്ളതാണെന്നാണ് പഠനത്തിന് ചുക്കാൻ പിടിച്ച പട്യാല പഞ്ചാബ് സർവകലാശാലയിലെ ഗവേഷകർ പറയുന്നത്. കർഷകരുടെ കടഭാരം കൂടുതൽ വഷളാകുകയാണ്. കടബാധ്യത കൂടുതലും അനുഭവിക്കുന്നതാകട്ടെ, നാമമാത്ര, ചെറുകിട കർഷകരും. 1,007 കർഷകരെയും 301 കർഷകത്തൊഴിലാളി കുടുംബങ്ങളെയുമാണ് പഠനത്തിന് വിധേയമാക്കിയത്. 2014–-15ൽ നടന്ന ഫീൽഡ് സർവെ സംസ്ഥാനത്തെ എല്ലാ മേഖലകളിലും നടന്നിരുന്നു. മറ്റ് പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത് കർഷകരുടെ വർധിക്കുന്ന കടവും ദുരിതവുമാണ്.
എന്നാൽ കർഷകരുടെ ഈ ദുരിതത്തെ തള്ളിപ്പറയുകയാണ് ദർശൻ സിങ് സംഘേര. "കർഷരുടെ അമിത ചെലവാക്കൽ ശീലമാണ് ഇതിന് കാരണം”, അയാൾ ഉറപ്പിച്ച് പറയുന്നു. "അവശ്യസാധനങ്ങൾ വാങ്ങാൻ പണം നൽകി ഞങ്ങൾ അവരെ സഹായിക്കാറുണ്ട്. അതുപോലെ വിവാഹം, ആരോഗ്യസംബന്ധിയായ ആവശ്യങ്ങൾ എന്നിവയ്ക്കും പണം നൽകാറുണ്ട്. വിളവെടുപ്പ് കഴിഞ്ഞാൽ കർഷകർ അവരുടെ ഉത്പന്നവുമായി ദല്ലാളിനെ സമീപിക്കും. ഞങ്ങൾ ഉത്പന്നം വൃത്തിയാക്കി പായ്ക്ക് ചെയ്യും. സർക്കാരുമായും ബാങ്കുകളുമായും വിപണിയുമായും ബന്ധപ്പെടുന്നതും ഞങ്ങൾതന്നെയാണ്”. ഗോതമ്പിന്റെയും നെല്ലിന്റെയും ആകെ സംഭരണമൂല്യത്തിന്റെ 2.5 ശതമാനം സർക്കാർ ദല്ലാളിന് നൽകും. ഈ പ്രവർത്തനങ്ങളുടെ ഔദ്യോഗികവശം നിയന്ത്രിക്കുന്നത് പഞ്ചാബ് സ്റ്റേറ്റ് അഗ്രികൾച്ചറൽ മാർക്കറ്റിങ് ബോർഡാണ്. ദല്ലാൾ മുഖേനയാണ് കർഷകർക്ക് പണം ലഭിക്കുക. കർഷകർക്കിടയിലെ പണമിടപാടിൽനിന്ന് നേടുന്ന വരുമാനത്തിന് പുറമെയാണ് കർഷകരുടെ വിളവിൽനിന്ന് ദല്ലാൾ നേടുന്ന വരുമാനം.





