നവംബര്‍ 8-ന് പ്രധാനമന്ത്രി നോട്ടുനിരോധനം പ്രഖ്യാപിക്കുന്നതിന് ഒരാഴ്ച മുന്‍പാണ് തെലുങ്കാനയിലെ ധര്‍മ്മരം ഗ്രാമത്തിലുള്ള 42-കാരനായ വര്‍ദ ബാലയ്യ എന്ന കര്ഷകൻ തന്റെ കൈവശഭൂമിയിലെ ഒരേക്കർ വില്ക്കാൻ തീരുമാനിച്ചത്. സിദ്ദിപേട്ടയെയും രാമയംപേട്ടയെയും ബന്ധിപ്പിക്കുന്ന ഹൈവേയ്ക്കു സമീപമായിരുന്നു ആ വസ്തു.
ഒക്ടോബര്‍ മാസത്തിലെ കാലവര്‍ഷക്കെടുതിയിൽ അയാളുടെ ചോളക്കൃഷി നശിച്ചിരുന്നു. അതോടെ പണമിടപാടുകാരില്‍നിന്നും ആന്ധ്ര ബാങ്കില്‍നിന്നും വാങ്ങിയ വായ്പ പലിശയടക്കം 8 - 10 ലക്ഷം രൂപയായി ഉയര്‍ന്നു. പണമില്ലാതെ ഇടപാടുകാരെ നേരുടുന്നതിലെ ജാള്യത കാരണമാണ് അയാള്‍ തന്റെ ഭൂമിയിലെ ഏറ്റവും ആദായകരമായ ഒരേക്കർ വില്ക്കാൻ തീരുമാനിച്ചത്.
'ഭൂമി വാങ്ങാന്‍ ഒരു കൂട്ടർ വന്നിട്ടുണ്ട്', നോട്ട് അസാധുവാകലിന്റെ തലേന്ന് അയാള്‍ മൂത്ത മകൾ സിരീഷയോട് പറഞ്ഞു.
2012-ൽ സിരീഷയുടെ കല്യാണത്തിനായി നാല് ലക്ഷം രൂപ കടം വാങ്ങിയത് ബാലയ്യയെ സാമ്പത്തിക ബുദ്ധിമുട്ടിലാക്കിയിരുന്നു. അതിന്റെ കൂടെയാണ് 4 കുഴല്‍ക്കിണറുകൾ പണിയാനായി 2 ലക്ഷം കൂടി പലിശയ്ക്കെടുക്കേണ്ടി വന്നത്. പണിതവയില്‍ 3 എണ്ണം പാഴായതോടെ മൊത്തത്തിൽ അയാൾ കടക്കെണിയിലായി.
കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് ബാലയ്യയുടെ ഇളയ മകൾ 17 വയസ്സുള്ള അഖില പ്ലസ്ടൂവിലെത്തിയത്. ഇതേ പ്രായത്തിലാണ് അവളുടെ സഹോദരിയുടെ കല്യാണവും നടന്നത്. ബാലയ്യയ്ക്ക് അഖിലയുടെ കല്യാണക്കാര്യമോര്‍ത്ത് ആധിയായിരുന്നു. അതിന്റെ കൂടെ വാങ്ങിക്കൂട്ടിയ കടങ്ങള്‍ തീര്‍ക്കണ്ട ബാധ്യതയും.




