വിലപേശാൻ കഴിവില്ലാത്തതിനാൽ കുടിയേറ്റ നെയ്ത്തുതൊഴിലാളികൾ ഉൾപ്പെട്ട അപകടങ്ങളിലും മരണങ്ങളിലും വലിയ പുരോഗതിയൊന്നും ഉണ്ടാവാറില്ലെന്ന്, സൂറത്ത് മുനിസിപ്പൽ കോർപ്പറേഷനിലെ അസിസ്റ്റന്റ് സാനിറ്ററി ഇൻസ്പെക്ടറായ ജെ. കെ. ഗാമിത് പറഞ്ഞു. "തൊഴിലാളികളുടെ കുടുംബങ്ങൾ അകലെ അവരുടെ ഗ്രാമങ്ങളിലായിരിക്കും നഗരത്തിലെ കൂട്ടുകാർ മറ്റു നെയ്ത്തുശാലകളിൽ ജോലിചെയ്യുന്നവരും. അവർക്കു തിരക്കായതിനാൽ പോലീസ് സ്റ്റേഷനിൽ ഇടയ്ക്കിടെ പോയി അന്വേഷിക്കാനൊന്നും നേരമുണ്ടാകില്ല," അദ്ദേഹം പറഞ്ഞു. "പരിക്കുകളുടെയും മരണങ്ങളുടെയും കണക്കുകളുള്ള ഔദ്യോഗിക രേഖകളൊന്നുമില്ല. കേസ് ഏതാണ്ട് അവിടെവെച്ചുതന്നെ അവസാനിക്കും."
സാധാരണയായി നെയ്ത്തുശാലയിൽ ഒരു മരണമുണ്ടായാൽ ഒരു പോലീസ് കേസ് രജിസ്റ്റർ ചെയ്യും. പക്ഷെ അത് വെറും നിയമപരമായതും വൈദ്യശാസ്ത്രപ്രകാരമുള്ളതുമായ ഒരു ചടങ്ങുമാത്രമാണ്. ആരെയെങ്കിലും അറസ്റ്റ് ചെയ്യുന്നത് വിരളമാണ്. നഷ്ടപരിഹാരം അവകാശപ്പെടാൻ കുടുംബം തൊഴിൽ വകുപ്പുമായിട്ടാണ് ബന്ധപ്പെടേണ്ടത്. പരിക്കേറ്റതിനാണ് നഷ്ടപരിഹാരം ചോദിക്കുന്നതെങ്കിൽ അത് തൊഴിലുടമയുടെ വിരോധത്തിനിടയാക്കാം, തന്മൂലം ആ തൊഴിലാളിയുടെ ജോലി അപകടത്തിലാകുകയും ചെയ്യും. മിക്കവരും കോടതിക്ക് പുറത്തുള്ള ഒരു ഒത്തുതീർപ്പിന് വഴങ്ങിക്കൊടുക്കും.
അങ്ങനെ ചെറുപ്പക്കാരനായ ബികാശ് ഗൗഡ മരിച്ച് നാലുദിവസം കഴിഞ്ഞ് ഏപ്രിൽ 29-ന് തൊഴിലുടമ അയാളുടെ കുടുംബത്തിന് 2.10 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകി. അതിൽക്കൂടുതൽ അവകാശങ്ങളൊന്നുമില്ല എന്ന് വ്യക്തമാക്കുകയും ചെയ്തു. പൊതുവെ തൊഴിലുടമകൾ കേസവസാനിപ്പിക്കാൻവേണ്ടി 50,000 രൂപയിലധികം നൽകാറില്ല, ആ പ്രക്രിയതന്നെ മാസങ്ങളെടുക്കും. ഈ സംഭവത്തിൽ പി.എസ്.എസ്.എമ്മും ആജീവിക ബ്യൂറോയും ഇടപെട്ടതിനാൽ തുക കൂട്ടാനും വേഗത്തിൽ നൽകാനും ഉടമകൾ നിർബന്ധിതരായി എന്നുമാത്രം.
മൂന്ന് ജോലികൾ നഷ്ടപ്പെടുമെന്ന് കണ്ടപ്പോൾ ആ കുടുംബം സമ്മതിച്ചു.
ഗഞ്ചമിൽനിന്ന് ഗുജറാത്തുവരെ
ഗഞ്ചമിൽനിന്നുള്ള കുറഞ്ഞത് എട്ടുലക്ഷം തൊഴിലാളികൾ സൂറത്തിൽ താമസമുണ്ടെന്നാണ് സൂറത്ത് ഒഡിയ ക്ഷേമസമിതിയിലെ അംഗമായ രാജേഷ് കുമാർ പാഠി കണക്കാക്കുന്നത്. അവരിൽ 70 ശതമാനത്തോളം ഈ നഗരത്തിലെ യന്ത്രത്തറി വ്യവസായത്തിലാണ് ജോലിചെയ്യുന്നത്. "ഏതാണ്ട് 40 വർഷങ്ങൾക്ക് മുൻപാണ് ഒഡിഷയുടെയും ഗുജറാത്തിന്റെയും ഇടയിലുള്ള കുടിയേറ്റത്തിന്റെ ഇടനാഴി തുറക്കപ്പെട്ടത്," അദ്ദേഹം പറഞ്ഞു. " ഒഡിഷയിലെ ഒരു വികസിത ജില്ലയായിട്ടാണ് ഗഞ്ചം കണക്കാക്കപ്പെടുന്നതെങ്കിലും കുറഞ്ഞുവരുന്ന പ്രകൃതിവിഭവങ്ങളും, ചുരുങ്ങുന്ന കൃഷിസ്ഥലങ്ങളും, തുടർച്ചയായുള്ള പ്രളയവും വരൾച്ചയും കുടിയേറ്റത്തിന്റെ വേഗംകൂട്ടി," പിടിആർസിയുടെ റിപ്പോർട്ടിൽ പറയുന്നു.
ഗഞ്ചമിൽനിന്നുള്ള കുടിയേറ്റത്തോഴിലാളികളെ സൂറത്തിന്റെ മറ്റൊരു വലിയ വ്യവസായമായ രത്നസംസ്കരണത്തിൽ ജോലിക്കെടുക്കാറില്ല എന്ന് ജഗദീഷ് പട്ടേൽ ചൂണ്ടികാണിച്ചു. "തൊഴിലുടമകൾ അവർക്കു വിശ്വാസമുള്ളവരെ ജോലിക്കെടുക്കുള്ളു അതിനാൽ ആ ജോലികളൊക്കെ പൊതുവെ നാട്ടുകാരായ ഗുജറാത്തി തൊഴിലാളികൾക്കായി മാറ്റിവെച്ചിരിക്കുകയാണ്. ഗഞ്ചമിൽനിന്നുള്ള തൊഴിലാളികൾ ഏറ്റവും താഴെത്തട്ടിൽത്തന്നെയുള്ള ആളുകളാണ്. വർഷങ്ങളായി എല്ലാ ദിവസവും ഒരേമട്ടിൽ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുക എന്ന വിരസമായ ജോലിയാണ് അവരുടേത്”.
എന്നിട്ടും ഇത് നാട്ടിലെ സ്ഥിതിയെക്കാൾ നല്ലതാണെന്നാണ് തൊഴിലാളികൾ പറയുന്നത്. "ഗഞ്ചമിലെ സ്ഥിതി വളരെ വെല്ലുവിളി ഉയർത്തുന്നതാണ്," പിഎസ്എസ്എമ്മിലെ അംഗംകൂടിയായ സിമാഞ്ചല സാഹു പറഞ്ഞു. "ആദ്യം കുറച്ച് തൊഴിലാളികളായിരിക്കും കുടിയേറിയത്, പിന്നീട് വലിയ സംഘങ്ങളായാണ് അവർ വരുന്നത്, ചിലർ കുടുംബാംഗങ്ങളെയും അയൽക്കാരെയും ഒക്കെ കൂടെ കൂട്ടും.