എല്ലാദിവസവും രാവിലെ 10 മണിക്ക് വടക്കൻ സൂറത്തിലെ മിനാനഗർ പരിസരത്തുള്ള രേണുക പ്രധാന്റെ ഒറ്റമുറി വീട് അവരുടെ തൊഴിലിടമായി മാറും. വീട്ടുവാതിൽക്കൽ എത്തിച്ചുകൊടുക്കുന്ന വർണശബളമായ സാരിക്കെട്ടുകൾ അടുക്കളയിലെ തൊട്ടിക്കരികിലും പ്രവേശനവാതിൽക്കരികിലും കട്ടിലിന് താഴെയുമൊക്കെയായി എടുത്തുവെച്ചിരിക്കുകയാണ്. രേണുക വേഗത്തിൽ ഒരു കെട്ടഴിച്ച് അതിൽനിന്ന് ഇളംചുവപ്പും നീലയും കലർന്ന ശോഭയേറിയ ഒരു സാരി തിരഞ്ഞെടുത്തു. മുറിയുടെ പുറത്തുള്ള ഒരു വെള്ളക്കുഴലിന്റെ മുകളിൽ അവരത് തൂക്കിയിട്ടു.
തൊട്ടടുത്തുള്ള വേദ് റോഡിൽ സ്ഥിതിചെയ്യുന്ന വസ്ത്രനിർമ്മാണശാലകളിൽനിന്നാണ് സാരികൾ ഇവിടെ കൊണ്ടുവരുന്നത്. യന്ത്രവത്കൃത ചിത്രത്തുന്നൽ പ്രക്രിയയിൽ പോളിസ്റ്റർ തുണിയുടെ പിൻവശത്ത് നൂലറ്റങ്ങൾ ശേഷിക്കും. വസ്ത്രനിർമ്മാണശാലകളിലെ ഇസ്തിരിയിടൽ, തുണിമടക്കൽ ജോലികൾ ചെയ്യുന്ന വിഭാഗത്തിലേക്ക് വസ്ത്രം അയക്കുന്നതിനുമുൻപ് ഈ നൂലുകളെല്ലാം ശ്രദ്ധയോടെ വലിച്ചെടുക്കണം. അതാണ് രേണുകയെപ്പോലെയുള്ളവർ ചെയ്യുന്നത്.
തന്റെ ചൂണ്ടുവിരലും തള്ളവിരലും ഉപയോഗിച്ചു രേണുക ഒരുദിവസം എഴുപത്തിയഞ്ചിൽക്കൂടുതൽ സാരികളിൽനിന്ന്, അധികം വരുന്ന നൂലുകൾ വലിച്ചെടുക്കും. താരതമ്യേന വിലകൂടിയ പോളിസ്റ്റർ സിൽക്ക് സാരിയാണെങ്കിൽ അവർ ഒരു കത്തി ഉപയോഗിച്ച് നൂലറ്റങ്ങൾ മുറിച്ചുമാറ്റും. "ഞാൻ അഞ്ചുമുതൽ ഏഴുമിനിറ്റുവരെ ഒരു സാരിയിൽ ചിലവഴിക്കും," അവർ പറഞ്ഞു. "എങ്ങാനും അധികം നൂല് വലിച്ചെടുത്ത് തുണി കേടാക്കിയാൽ, സാരിയുടെ മൊത്തം വിലയും കരാറുകാരന് കൊടുക്കേണ്ടിവരും. അതുകൊണ്ടു വളരെയധികം ശ്രദ്ധിച്ച് ചെയ്യണം”.
ഒരു സാരിക്ക് രണ്ടുരൂപ എന്ന നിരക്കിൽ രേണുക ദിവസവും 150 രൂപയോളം സമ്പാദിക്കുന്നുണ്ട്. എന്തെങ്കിലും പിശകു പറ്റിയാൽ അഞ്ചുദിവസത്തെ കൂലിവരെ അവർക്കു നഷ്ടമാകും. " എട്ടുമണിക്കൂർ നീളുന്ന ദിവസത്തിന്റെ അവസാനം, എന്റെ വിരലുകൾ മരവിച്ചിട്ടുണ്ടാവും.," അവർ പറഞ്ഞു.










