"എന്റെ ഭർത്താവ് ശനിയാഴ്ച ഈ വലിപ്പത്തിലുള്ള 3 മദ്യകുപ്പികളാണ് വാങ്ങുനത്”, തന്റെ കൈ പൂർണ്ണമായും നിവർത്തിക്കാട്ടിക്കൊണ്ട് കനക പറഞ്ഞു. "അടുത്ത രണ്ട് മൂന്ന് ദിവസങ്ങൾ കൊണ്ട് അയാളത് കുടിച്ചു തീർത്തിട്ട് കുപ്പി കാലിയാകുമ്പോൾ പണിക്കു പോകുന്നു. ഒരിക്കലും ഭക്ഷണത്തിന് പണം തികയില്ല. ഞാനും കുഞ്ഞും കഷ്ടിച്ചാണ് ഭക്ഷണം കഴിക്കുന്നത്. ഭർത്താവ് പറയുന്നത് ഒരു കുഞ്ഞു കൂടി വേണമെന്നാണ്. എനിക്കീജീവിതം വേണ്ട”, നിരാശയോടെ അവർ കൂട്ടിച്ചേർത്തു.
ബേട്ട കുറുമ്പ ആദിവാസി വിഭാഗത്തിൽപ്പെട്ട 24-കാരിയായ ഒരമ്മയായ കനക (പേരു മാറ്റിയിരിക്കുന്നു) ഗൂഡല്ലൂരിലെ ആദിവാസി ആശുപത്രിയിലെ ഡോക്ടറെ കാണാൻ കാത്തിരിക്കുകയാണ്. ഉദകമണ്ഡലത്തിൽ നിന്നും (ഊട്ടി) നിന്നും 50 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന 50 കിടക്കകളുള്ള ഗൂഡല്ലൂർ പട്ടണത്തിലെ ആശുപത്രി തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ, പന്തലൂർ താലൂക്കുകളിലെ 12,000-ലധികം വരുന്ന ആദിവാസി ജനതയ്ക്ക് സേവനങ്ങൾ നൽകുന്നു.
ആരോഗ്യം കുറഞ്ഞ, മങ്ങിയ സിന്തറ്റിക് സാരി ധരിച്ച, കനക തന്റെ ഒരേയൊരു കുഞ്ഞിനു (ഒരു മകൾ) വേണ്ടിയാണ് ഇവിടെ വരുന്നത്. ആശുപത്രിയിൽ നിന്ന് 13 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന തന്റെ ഊരിൽ സ്ഥിരമായി നടക്കുന്ന പരിശോധനയിൽവച്ച് കഴിഞ്ഞമാസം ഒരു ആരോഗ്യപ്രവർത്തക കണ്ടെത്തിയ പരിഭ്രമിക്കുന്ന കാര്യം കനകയുടെ രണ്ടു വയസ്സുള്ള കുഞ്ഞിന് 7.2 കിലോ ഭാരമേയുള്ളൂ എന്നുള്ളതാണ് (രണ്ടു വയസ്സുള്ളപ്പോൾ 10-12 കിലോഗ്രാം ആണ് വേണ്ടത്). ആശുപത്രിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന അസോസിയേഷൻ ഫോർ ഹെൽത്ത് വെൽഫയർ ഇൻ ദി നീൽഗിരീസ് (അശ്വിനി) എന്ന സംഘടനയിൽ നിന്നുള്ള വ്യക്തിയാണ് ആരോഗ്യപ്രവർത്തക.
കുടുംബവരുമാനം എന്തൊക്കെ കാര്യങ്ങൾക്കുവേണ്ടി വിനിയോഗിക്കണമെന്ന് കണക്കിലെടുത്താൽ കുട്ടിയുടെ പോഷകാഹാരക്കുറവ് ആശ്ചര്യപ്പെടുത്തുന്ന ഒന്നല്ല. പ്രായം ഇരുപതുകളിൽ തന്നെയുള്ള അവരുടെ ഭർത്താവ് ആഴ്ചയിൽ കുറച്ചു ദിവസങ്ങൾ മാത്രമാണ് ദിവസവേതനക്കാരനായി ജോലിക്ക് പോകുന്നത്. തേയില, കാപ്പി, വാഴ, കുരുമുളക് എന്നിവ വളരുന്ന എസ്റ്റേറ്റുകളിൽ പണിക്ക് പോയാൽ പ്രതിദിനം 300 രൂപയാണ് അയാൾക്ക് കൂലി ലഭിക്കുന്നത്. "മാസം 500 രൂപയാണ് അയാളെനിക്ക് ഭക്ഷണത്തിനായി നൽകുന്നത്”, കനക പറഞ്ഞു. "ആ പണംകൊണ്ട് മുഴുവൻ കുടുംബത്തിനുമായി ഞാൻ ഭക്ഷണം ഉണ്ടാക്കണം”.
കനകയും അവരുടെ ഭർത്താവും ജീവിക്കുന്നത് അയാളുടെ ആന്റിയുടെയും അമ്മാവന്റെയും കൂടെയാണ്. മൊത്തത്തിൽ അവർക്ക് രണ്ട് റേഷൻ കാർഡുണ്ട്. അതവരെ എല്ലാ മാസവും 70 കിലോഗ്രാം സൗജന്യ അരിക്കും, സബ്സിഡി നിരക്കിൽ രണ്ട് കിലോ പരിപ്പ്, 2 കിലോ പഞ്ചസാര, രണ്ട് ലിറ്റർ എണ്ണ എന്നിവയ്ക്കും അർഹരാക്കുന്നു. "ചിലപ്പോൾ എന്റെ ഭർത്താവ് മദ്യം വാങ്ങാൻ റേഷനരി പോലും വിൽക്കുന്നു”, കനക പറഞ്ഞു. "ചില ദിവസങ്ങളിൽ ഒന്നും കഴിക്കാനുണ്ടാവില്ല”.











