ഒരു മരക്കൊമ്പുകൊണ്ട് നിലത്തടിച്ചുകൊണ്ടാണ് തെങ്ങുകളുടെ താഴെ താൻ വന്നിട്ടുണ്ടെന്ന് തങ്കമ്മ എ.കെ. പ്രഖ്യാപിക്കുക. “കാട് പിടിച്ച ഈ പറമ്പുകളിൽ ഞാൻ കയറുന്നത് വളരെ ശ്രദ്ധിച്ചാണ്. വടികൊണ്ട് നിലത്തടിച്ച് ശബ്ദമുണ്ടാക്കും. അപ്പോൾ പാമ്പോ മറ്റോ ഉണ്ടെങ്കിൽ പൊയ്ക്കൊള്ളും”, തെങ്ങുകളുടെ കീഴിലുള്ള ഇഴജന്തുക്കളുടെ ദേഹത്ത് ചവിട്ടാതിരിക്കാൻ ശ്രദ്ധിച്ച് മരക്കൊമ്പുകളും പൊന്തക്കാടുകളും വകഞ്ഞുമാറ്റി നടക്കുമ്പോൾ തങ്കമ്മ പറഞ്ഞു.
എറണാകുളത്തെ ഒരു ഹൌസിംഗ് കോളണിയിലെ ഒരു ഒഴിഞ്ഞ പറമ്പാണ് ഈ ചെറിയ കാട്ടുപ്രദേശം. “വഴിയിൽ നല്ല തേങ്ങ (നാളികേരം) കിട്ടിയാൽ കോളടിച്ചതുപോലെയാണ്”, 62 വയസ്സുള്ള തങ്കമ്മ പറയുന്നു. അവ പെറുക്കിക്കൂട്ടി, വിറ്റാണ് അവർ അന്നത്തിനുള്ള വഴി കണ്ടെത്തുന്നത്. മലയാളികളുടെ പാചകത്തിൽ നാളികേരത്തിന് വലിയ സ്ഥാനമുണ്ട്. വർഷം മുഴുവൻ ലഭിക്കുന്ന, ധാരാളം ആവശ്യക്കാരുള്ള ഫലമാണ് അത്.
“പണ്ട് ഞാൻ പണി കഴിഞ്ഞതിനുശേഷം, അയൽവക്കത്തുനിന്ന് (പുതിയ റോഡ് കവല) തേങ്ങ ശേഖരിച്ചിരുന്നു. പക്ഷേ ഇപ്പോൾ അസുഖം വന്ന് ജോലിക്ക് പോകാനാവുന്നില്ല”, വളർന്ന് വലുതായ പുല്ലുകൾക്കിടയിലൂടെ സാവധാനം അവർ നടന്നു. ഒരു കൈ നെറ്റിയിൽവെച്ച് സൂര്യന്റെ ഉച്ചവെയിൽ മറച്ച്, ഇടയ്ക്കിടയ്ക്ക് ശ്വാസമെടുക്കാനോ തേങ്ങ തിരയാനോ അവർ ഒന്ന് നിൽക്കും.
അഞ്ചുവർഷം മുമ്പ്, തങ്കമ്മയ്ക്ക് ശ്വാസംമുട്ടലും, ക്ഷീണവും തൈറോയ്ഡ് സംബന്ധമായ അസുഖങ്ങളും ആരംഭിച്ചു. അതോടെ, മുഴുവൻ സമയവും ചെയ്തിരുന്ന വീട്ടുജോലിക്കാരിയുടെ പണി അവർ നിർത്തി. ആ പണിയിൽനിന്ന് മാസാമാസം കിട്ടിയിരുന്ന 6,000 രൂപയും അതോടെ നിലച്ചു. വീട്ടിലിരിക്കുക എന്നത് അവർക്ക് സാധിക്കുമായിരുന്നില്ല. എന്തെങ്കിലും വരുമാനമുണ്ടാവേണ്ടത് ആവശ്യമായിരുന്നു. അതിനാൽ, പിന്നീടവർ, വീടുകളിൽ പൊടിതട്ടലും, മുറ്റമടിക്കലും ചെയ്തുതുടങ്ങി. കോവിഡ്-19 വന്നതോടെ അതും അവസാനിച്ചു.














