ഈ നഗരത്തിലെ കുഞ്ഞുങ്ങൾ അനാഥരാണോ?
1.
കലണ്ടർ താളുകൾ മറിയുന്നതിനൊപ്പം
മറ്റൊരു ആഗസ്റ്റ് മാസം കൂടി കടന്നു പോകുന്നു
ചിലർക്ക് ആഗസ്റ്റ് നിലയ്ക്കാതെ ഉതിരുന്ന കണ്ണുനീരാകുന്നു
വിറയാർന്ന കൈകളിൽ നിന്ന് വീണുടയുന്നു
പ്രാണവായു എടുക്കാൻ പോലും അനുവദിക്കാതെ
വരിഞ്ഞുമുറുക്കി കൊലപ്പെടുത്തുന്നു
ചിലർക്ക് ആഗസ്റ്റ് ഒരു പേടിസ്വപ്നമാണ്
ചിലർക്ക് തൂക്കുകയറും
ഗോരഖ്പൂരിലെ എന്റെ അമ്മമാർക്ക്
അത് ഗർഭപാത്രത്തിൽ ഉറയുന്ന ഭയമാണ്
ആഗസ്റ്റ് ഒടുക്കമില്ലാതെ നീളുന്ന വർഷമാണ്
2.
പക്ഷെ ആ അമ്മമാരുടെ ഭയം അബദ്ധമെന്ന് അവർ വിധിക്കുന്നു
ആ അച്ഛൻമാരെ നുണയന്മാരെന്ന് മുദ്രകുത്തുന്നു
ആശുപത്രികളിൽ ഓക്സിജൻ ഇല്ലെന്ന വാർത്ത
മുഗളന്മാരുടെ ഗൂഢാലോചനയത്രേ!
ചുറ്റിലും കുമിയുന്ന ഓക്സിജൻ അകത്തെടുത്ത് പുറന്തള്ളാൻ
ഗോമാതാക്കൾ തെരുവ് നിറയുന്നത് നിങ്ങൾ കാണുന്നില്ലേ?
ഓക്സിജൻ അധികമായതാണ് ശരിക്കുള്ള പ്രശ്നം
ഓക്സിജനെന്ന വാക്ക് പോലും ശ്വാസം മുട്ടിക്കുന്നു.
3.
അനാഥരെന്ന് തോന്നിക്കുന്ന ഈ കുട്ടികൾ ആരുടേതാണ്?
തെരുവിലെ കാനയിൽ നിന്ന് ഉയരുന്ന കൊതുകുകൾ
ആരുടെ കുഞ്ഞുങ്ങളെയാണ് കടിച്ച് നോവിക്കുന്നത്?
കയ്യിൽ മുരളിയില്ലാത്ത ഈ പൈതങ്ങൾ ആരുടെ അവകാശികളാണ്?
ആരുടെ കുഞ്ഞുങ്ങളാണിവർ?
ഏതാണ് ഇവരുടെ ദേശം?
മായാലോകത്തിൻ നിശ്ചല ദൃശ്യങ്ങളിൽ
ഇടമില്ലാത്ത ഇവരുടെ ചേരികൾ
ഇവരുടെ കൂരകളിൽ കൃഷ്ണൻ പാതിരാത്രിയിൽ അവതരിക്കുന്നില്ല,
ജനിച്ചു വീഴുക മാത്രം ചെയ്യുന്നു
എന്നിട്ടിവർ ഓക്സിജനും ആശുപത്രി കിടക്കയും
ആവശ്യപ്പെടുന്നത്രെ
വിചിത്രം തന്നെ!
4.
ഗോരഖിന്റെ നഗരം തകർന്നടിയുകയാണ്
കബീർ ദുഃഖാർത്തനായി ഉഴലുന്നു
രപ്തിയുടെ തീരങ്ങൾ കത്തിയമരുന്നു
ആർത്തലയ്ക്കേണ്ട നഗരങ്ങൾ
സ്തബ്ധമൗനത്തിൽ മുങ്ങിനിൽക്കുന്നു
ദേവതാപ്രതിഷ്ഠയ്ക്ക് കാന്തിയേകാൻ
കുഞ്ഞുങ്ങളുടെ ബലിരക്തം ഉത്തമമെന്ന്
ഗ്രാമപുരോഹിതൻ അഭിപ്രായപ്പെടുന്നു.



