ദേശീയപാത 30ലൂടെ ഛത്തിസ്ഗഢിന്റെ തലസ്ഥാനമായ റായ്പൂരിൽനിന്നും ബസ്തർ ജില്ലയുടെ ആസ്ഥാനമായ ജഗ്ദൽപൂരിലേക്കുപോകാം. ഈ പാതയിലുള്ള കാങ്കർ ജില്ലയിലാണ് ചാരാമ എന്ന ചെറുപട്ടണം. ചാരാമ എത്തുന്നതിനു തൊട്ടുമുൻപ് ഒരു ചെറിയ ചുരം ഉണ്ട്. കുറച്ച് ആഴ്ചകൾ മുൻപ് ഈ ചുരത്തിലൂടെ യാത്രചെയ്യുമ്പോൾ, 10-15 ഗ്രാമീണർ, മിക്കവരും സ്ത്രീകൾ, അടുത്തുള്ള വനത്തിൽനിന്നും വിറകുകൾ ശിരസ്സിലേറി വരുന്നത് ഞാൻ കണ്ടു.
അവരെല്ലാവരും തന്നെ പ്രധാനപാതയിൽനിന്നും അധികം ദൂരത്തല്ലാത്ത രണ്ടു ഗ്രാമങ്ങളിൽനിന്നായിരുന്നു - കാങ്കർ ജില്ലയിലെ കോച്വഹിയും ബലോഡ് ജില്ലയിലെ മചന്ദറും. അവരിൽ മിക്കവരും ചെറുകിട കർഷകരായോ അല്ലെങ്കിൽ കൃഷിപ്പണിക്കാരായോ ജോലിചെയ്യുന്ന ഗോണ്ട് ആദിവാസികളായിരുന്നു.






