രാവിലെ 9 മണിയാകുമ്പോൾ ഇസ്ലാവത് ബന്യാ നായക് തന്റെ നൂറ്റൻപതോളം വരുന്ന പശുക്കളെ വാത്വാർലാപളെ ഗ്രാമത്തിന് സമീപത്തുകൂടി കടന്നുപോകുന്ന ഹൈദരാബാദ് -ശ്രീശൈലം ഹൈവേയ്ക്ക് കുറുകെ തെളിക്കും. റോഡ് കടന്ന്, പൂർവ്വഘട്ടത്തിന്റെ ഭാഗമായ നല്ലമല മലനിരകളിൽ സ്ഥിതിചെയ്യുന്ന അംറാബാദ് കടുവ സങ്കേതത്തിന്റെ കോർ മേഖലയിലേയ്ക്ക് പ്രവേശിക്കുന്ന ഈ കന്നുകാലിക്കൂട്ടം അവിടെയുള്ള പുല്ലും തളിരിലകളുമെല്ലാം തിന്ന് വിശപ്പടക്കും.
75 വയസ്സുകാരനായ നായക് ലാമ്പാടി സമുദായക്കാരനാണ്; പ്രദേശത്തെ മിക്ക കന്നുകാലി വളർത്തലുകാരെയുംപോലെ അദ്ദേഹവും വളർത്തുന്നത് തുറുപ്പ് ഇനത്തിൽപ്പെട്ട കന്നുകാലികളെയാണ്. ലാമ്പാടി (പട്ടിക വർഗ്ഗം), യാദവ (ഓ.ബി.സി), ചെഞ്ചു (അതീവ ദുർബല ഗോത്രവിഭാഗം) എന്നീ സമുദായങ്ങളാണ് പരമ്പരാഗതമായി തുറുപ്പ് ഇനത്തെ വളർത്തുന്നത്. ഈ ഇനത്തിൽപ്പെട്ട കന്നുകാലികൾക്ക് ചെറിയ, മൂർച്ചയേറിയ കൊമ്പുകളും ഉറപ്പുള്ള, ബലമേറിയ കുളമ്പുകളുമുണ്ടാകും. ഈർപ്പമുള്ളതും വരണ്ടതുമായ ഏത് ഭൂപ്രകൃതിയിലൂടെയും അനായാസം നടന്നുനീങ്ങാൻ കഴിവുള്ള അവയ്ക്ക് ഭാരം വലിക്കാനും മികച്ച ശേഷിയാണ്. പൊതുവെ ചൂട് കൂടുതലുള്ള ഈ പ്രദേശത്തെ കാലാവസ്ഥയിൽ വളരെ കുറച്ച് വെള്ളംമാത്രം കുടിച്ച് ഏറെ നേരം പിടിച്ചുനിൽക്കാനും അവയ്ക്ക് കഴിയും.
തെലങ്കാന-കർണ്ണാടക അതിർത്തിയിലുള്ള ഗ്രാമങ്ങൾക്ക് കിഴക്കുള്ള അംറാബാദ് ഉപജില്ലയിൽനിന്നാണ് കർഷകർ പ്രധാനമായും ഈ ഇനത്തിലുള്ള പശുക്കളെ വാങ്ങുന്നത് എന്നതിനാലും അവയുടെ ശരീരത്തിൽ പുള്ളികൾ ഉള്ളതിനാലുമാണ് ഇവിടത്തെ ജനങ്ങൾ അവയെ 'പോട തുറുപ്പ്' എന്ന് വിളിക്കുന്നത്- തെലുഗു ഭാഷയിൽ 'പോട' എന്നാൽ പുള്ളി എന്നും 'തുറുപ്പ്' എന്നാൽ കിഴക്ക് എന്നുമാണ് അർഥം.















