"ഇപ്പോൾ ഏഴുമാസമായി. ഡോക്ടർമാർ പറയുന്നത് ഫലങ്ങളും പാലും ഭക്ഷിക്കണമെന്നാണ്. പറയൂ അതെല്ലാം എനിക്ക് എങ്ങനെ ലഭിക്കും? നദിയിലേക്ക് പോകാൻ അവർ എന്നെ അനുവദിക്കുകയാണെങ്കിൽ എനിക്കു വഞ്ചി തുഴഞ്ഞ് എന്റെയും മക്കളുടെയും ഭക്ഷണ കാര്യങ്ങൾ നോക്കാൻ പറ്റും”, ഹാൻഡ്-പമ്പിനടുത്ത് വെള്ളം ശേഖരിക്കുന്നതിനായി തന്റെ ഊഴം കാത്തുനിൽക്കുമ്പോൾ സുഷമാ ദേവി (പേരു മാറ്റിയിരിക്കുന്നു) പറഞ്ഞു. അവര് 7 മാസം ഗര്ഭിണിയും വിധവയുമാണ്.
വഞ്ചി തുഴയുകയോ? 27-കാരിയായ സുഷമാ ദേവി നിഷാദ് സമുദായത്തിൽ പെടുന്നു. ഈ സമുദായത്തിൽപ്പെട്ട ആണുങ്ങളെല്ലാം പ്രധാനമായും തോണി തുഴയുന്നവരാണ്. മദ്ധ്യപ്രദേശിലെ സത്ന ജില്ലയിലെ മഝഗാവ് ബ്ലോക്കിലെ കേവട്രയിലെ അവരുടെ ഗ്രാമത്തിൽ ഇവരിൽനിന്നും 135 പുരുഷന്മാരുണ്ട്. അഞ്ചു മാസങ്ങൾക്കു മുൻപ് ഒരു അപകടത്തിൽ മരിക്കുന്നതുവരെ അവരുടെ ഭർത്താവ് 40 വയസ്സുണ്ടായിരുന്ന വിജയ് കുമാറും (പേര് മാറിയിരിക്കുന്നു) അവരിലൊരാളായിരുന്നു. അവർ വിവാഹിതരായിട്ട് ഏഴ് വർഷം ആയിരുന്നു. വള്ളം തുഴയുന്നതിനുള്ള പരിശീലനം സുഷമയ്ക്ക് ഒരിക്കലും ലഭിച്ചിട്ടില്ല. പക്ഷെ, വിജയിയോടൊപ്പം കുറച്ചു തവണ യാത്ര ചെയ്തിട്ടുള്ളതുകൊണ്ട് തോണി തുഴയാനുള്ള ആത്മവിശ്വാസം അവർക്കുണ്ട്.
മദ്ധ്യപ്രദേശിനും ഉത്തർ പ്രദേശിനും ഇടയ്ക്കായി ചിത്രകൂട് പ്രദേശത്തെ വിഭജിക്കുന്ന മന്ദാകിനി നദിയിൽ ഭാഗത്ത് ലോക്ക്ഡൗൺ സമയത്ത് ഒരു വള്ളം പോലും ഓടിയിരുന്നില്ല.
കേവട്രയിലേക്കു നയിക്കുന്ന ആദ്യത്തെ തെരുവു വിളക്ക് ഞങ്ങൾ കണ്ടപ്പോൾ സൂര്യാസ്തമയത്തിനു ശേഷം ഒരു മണിക്കൂർ ആയിരുന്നു. ബക്കറ്റിൽ വെള്ളം ശേഖരിക്കുന്നതിനായി തന്റെ ഏറ്റവും ചെറിയ കുട്ടിയുടെ കൂടെയാണ് സുഷമ ഗ്രാമത്തിലെ ഹാൻഡ് പമ്പിനടുത്തേക്ക് വന്നത്. അവിടെയാണ് ഞങ്ങൾ അവരെ കണ്ടുമുട്ടിയത്.
മന്ദാകിനി നദിയിൽ അങ്ങോളമിങ്ങോളം വള്ളം തുഴഞ്ഞിട്ടാണ് നിഷാദ് സമുദായത്തിൽ പെട്ടവർ നിത്യവൃത്തിക്കുള്ള വക കണ്ടെത്തുന്നത്. ദീപാവലി സീസണിൽ ലക്ഷക്കണക്കിന് ഭക്തരെ ആകർഷിക്കുന്ന പ്രമുഖ തീർത്ഥാടന കേന്ദ്രമാണ് ചിത്രകൂട്. കേവട്രയിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ മാറി മന്ദാകിനിക്കടുത്ത് സ്ഥിതി ചെയ്യുന്ന രാംഘാട്ടിൽ നിന്നും നിഷാദ് സമുദായത്തിൽ പെട്ടവർ വള്ളത്തിൽ തീർത്ഥാടകരെ ഭരത്ഘാട്ട്, ഗോയങ്കഘാട്ട് എന്നിവ പോലുള്ള വിശുദ്ധ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നു.
ഒരുവർഷം ചെയ്യുന്ന തൊഴിലിൽ നിഷാദ് സമുദായത്തിൽ പെട്ടവർക്ക് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത് ആ സമയത്താണ്. 600 രൂപ വരെ – ഇത് ഈ സീസൺ അല്ലാത്തപ്പോൾ അവർക്ക് ലഭിക്കുന്ന വരുമാനത്തിന്റെ 2-3 ഇരട്ടിയാണ്.






