തന്റെ അച്ഛന്റെ ചരമ വാർഷികത്തിന് തിരുമൂർത്തി അസാധാരണമായ ഒരു കാഴ്ചയാണ് വച്ചത്: പത്ത് തരത്തിലുള്ള സോപ്പ്, നിരവധി തരത്തിലുള്ള വെളിച്ചെണ്ണകൾ, പിന്നെ തന്റെ ഏറ്റവും പ്രധാനപ്പെട്ട മഞ്ഞൾ പൊടിയും. ഇതോടൊപ്പം കുറച്ച് ചെങ്കദളിപ്പഴം, പൂക്കൾ, തേങ്ങ, കർപ്പൂരം കത്തിച്ചത് എന്നിവയും സുന്ദരമൂർത്തിയുടെ മാല ചാർത്തിയ ചിത്രത്തിന് മുൻപിൽ വച്ചു.
"അപ്പായ്ക്ക് നൽകാവുന്ന മികച്ചൊരു ശ്രദ്ധാഞ്ജലി എന്തായിരിക്കും?" ഒരു ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം ചോദിച്ചു. അദ്ദേഹത്തിന്റെ അച്ഛൻ മഞ്ഞൾ കൃഷി ഉപേക്ഷിച്ചിരുന്നു. എല്ലാവരും എതിരായി ഉപദേശിച്ചെങ്കിലും തിരു അത് ഏറ്റെടുത്തു. "അവരെന്നോട് മുല്ല വളർത്താൻ പറഞ്ഞു, കാരണം അതിൽ നിന്ന് പ്രതിദിന വരുമാനം ലഭിക്കും. ഞാൻ മഞ്ഞൾ നട്ടപ്പോൾ അവർ കളിയാക്കി ചിരിച്ചു”, അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. അതെല്ലാം തെറ്റാണെന്ന് തിരു തെളിയിച്ചു. അദ്ദേഹത്തിന്റെ കഥ അപൂർവമായ ഒന്നാണ്: ഒരു മഞ്ഞൾകൃഷിയുടെ വിജയ കഥയാണത്.
43-കാരനായ തിരുമൂർത്തിക്കും അദ്ദേഹത്തിന്റെ മൂത്ത സഹോദരനും സംയുക്തമായി 12 ഏക്കർ സ്ഥലം കൈവശമുണ്ട്. തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലെ ഭവാനിസാഗർ ബ്ലോക്കിലെ ഉപ്പുപള്ളം ഗ്രാമത്തിലാണ് അവരുടെ സ്ഥലം. മൂന്ന് വിളകളാണ് തിരുമൂർത്തി അവിടെ കൃഷി ചെയ്യുന്നത് – മഞ്ഞൾ, വാഴ, തെങ്ങ്. പക്ഷെ, അദ്ദേഹം അത് മൊത്തക്കച്ചവടം ചെയ്യുകയില്ല. വിലയുടെ മേൽ നിയന്ത്രണമില്ലാത്തപ്പോൾ അതിൽ വലിയ കാര്യമില്ലെന്ന് അദ്ദേഹം പറയുന്നു. പ്രാദേശികമായും ദേശീയ, അന്തർദേശീയ തലങ്ങളിലും വലിയ വ്യാപാരികളും കോർപ്പറേറ്റുകളും ഭരണകൂടങ്ങളുമാണ് നിരക്ക് നിശ്ചയിക്കുന്നത്.
അഭിവൃദ്ധിപ്പെട്ടുകൊണ്ടിരിക്കുന്ന മഞ്ഞൾ വിപണിയുടെ രംഗത്ത് ലോകത്തിലെ ഏറ്റവും വലിയ പങ്കാളിയാണ് ഇന്ത്യ. രാജ്യത്തിന്റെ 2019-ലെ കയറ്റുമതി 190 ദശലക്ഷം ഡോളറിനടുത്തെത്തി. അതായത്, ആഗോള വ്യാപാരത്തിന്റെ 62.6 ശതമാനം. ഇവിടെ മനസ്സിലാക്കേണ്ട കാര്യമെന്തെന്നാൽ ഇന്ത്യ ഒരു ഇറക്കുമതി രാജ്യമാണെന്നതു കൂടിയാണ് – 11.3 ശതമാനത്തോടു കൂടി രണ്ടാമത്തെ ഏറ്റവും വലിയ ഇറക്കുമതി രാജ്യം. കഴിഞ്ഞ കുറച്ചു വര്ഷങ്ങളിലെ ഇറക്കുമതിയിലെ ഈ കുതിച്ചുചാട്ടം ഇന്ത്യയിലെ മഞ്ഞള് കൃഷിക്കാരുടെ താല്പര്യങ്ങളെ വ്രണപ്പെടുത്തുന്നു.
ആഭ്യന്തര വിപണികൾ (ഈറോഡിലെ മണ്ഡികൾ) നേരത്തെ തന്നെ അവരെ പിഴിയുകയാണ്. വൻവ്യാപാരികളും വൻതോതിൽ വാങ്ങുന്നവരുമാണ് മൂല്യം നിശ്ചയിക്കുന്നത്. ജൈവ ഉൽപന്നങ്ങൾക്ക് വില നിശ്ചയിക്കുമ്പോൾ മുൻഗണന നൽകാറില്ല. കൂടാതെ വർഷം തോറുമുള്ള വില അസ്ഥിരതയും. 2011-ൽ വിളയ്ക്ക് ക്വിന്റലിന് 17,000 രൂപയാണ് ലഭിച്ചത്. അടുത്ത വര്ഷം ഇത് ആ വിലയുടെ ഏതാണ്ട് നാലിലൊന്നായി കുറഞ്ഞു. 2021-ൽ ശരാശരി 7,000 രൂപയാണ് ക്വിന്റലിന് ലഭിച്ചത്.
തന്റെ കഴിവുകൊണ്ടും അക്ഷീണ പ്രയത്നം കൊണ്ടും സാമൂഹ്യ മാദ്ധ്യമ അക്കൗണ്ടിന്റെ സഹായത്തോടെയും തിരു ഇതിന് നേരിട്ടൊരു പരിഹാരം കണ്ടെത്തി: മൂല്യ വർദ്ധനവ് എന്നത്. വ്യാപകമായി അനുകരണീയമല്ലാത്തപ്പോൾ തന്നെ, അദ്ദേഹത്തിന്റെ പരിശ്രമങ്ങൾ തികച്ചും ഒരു നേട്ടം തന്നെയായിരുന്നു. "പാടത്ത് 10 രൂപ കിട്ടുന്ന തേങ്ങയ്ക്ക് ഞാൻ മൂന്നിരിട്ടി നേടി. എണ്ണ ഉൽപാദനത്തിനും സോപ്പ് നിർമ്മാണത്തിനും തേങ്ങ ഉപയോഗിച്ചു കൊണ്ടായിരുന്നു ഇത്. മഞ്ഞളിന്റെ കാര്യവും ഇങ്ങനെ തന്നെ”, അദ്ദേഹം വിശദീകരിച്ചു. "ഒന്നരയേക്കറിലാണ് ഞാനിത് വളർത്തുന്നത്. മണ്ഡിയിൽ 3,000 കിലോ ഞാൻ വിൽക്കുകയാണെങ്കിൽ ഓരോ കിലോ ജൈവ മഞ്ഞളിനും 50 രൂപ വീതം എനിക്ക് നഷ്ടപ്പെടും.”



























