ദിവസവും 12 മണിക്കൂർ നേരം ഒരു ‘വീടിന്റെ‘ ഉടമസ്ഥനാവും ഹാദു ബഹേര. അത്രയും നേരം 51 വയസ്സുള്ള ആ നെയ്ത്തുകാരൻ വടക്കൻ സൂറത്തിലെ വേദ് റോഡിലെ ആറടി നീളവും മൂന്നടി വീതിയുമുള്ള ഒരു സ്ഥലത്ത് താമസിക്കുന്നു.
രാവിലെ ഏഴുമണിമുതൽ രാത്രി ഏഴുമണിവരെ, അല്ലെങ്കിൽ രാത്രി ഏഴുമണിമുതൽ രാവിലെ ഏഴുവരെ അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ അതേ സ്ഥലം അടുത്ത 12 മണിക്കൂർ നേരം ഉപയോഗിക്കും. വൈദ്യുതി നിലയ്ക്കുമ്പോൾ ഉണ്ടാകുന്ന യാദൃശ്ചിക 'അവധികളെ' ഭയമാണ്. കാരണം അങ്ങിനെയുള്ള അവസരങ്ങളിൽ, ഹാദു ഇപ്പോൾ പങ്കിട്ടെടുക്കുന്ന മഹാവീർ മെസ്സിലെ 500 ചതുരശ്ര അടി മാത്രമുള്ള ആ മുറിയിൽ അറുപതോളം ജോലിക്കാർക്ക് ഒരുമിച്ച് കഴിയേണ്ടിവരും.
താപനില 40 ഡിഗ്രി എത്തുന്ന വേനൽമാസങ്ങൾ ദുരിതപൂർണ്ണമാണ്. "ചില ഹാളുകൾ [തൊഴിലാളികൾ താമസിക്കുന്ന വലിയ മുറികൾ] മുഴുവൻ ഇരുട്ടിലാണ്, വായുസഞ്ചാരത്തിനുള്ള സംവിധാനങ്ങളൊന്നുമില്ല," ഹാദു പറയുന്നു. ഒഡിഷയിലെ ഗഞ്ചാം ജില്ലയിലെ പുരുഷോത്തംപുർ ബ്ലോക്കിലെ കുസലപള്ളി ഗ്രാമത്തിൽനിന്ന് 1983-ൽ സൂറത്തിൽ വന്നതാണ് അദ്ദേഹം. "തറിശാലയിലെ ബുദ്ധിമുട്ടേറിയ നീണ്ട ദിവസത്തിനുശേഷവും സുഖമായി വിശ്രമിക്കാൻ ഞങ്ങൾക്ക് സാധിക്കുന്നില്ല."
ഹാദു ബഹേരയെപ്പോലെ സൂറത്തിലെ ധാരാളം യന്ത്രത്തറിത്തൊഴിലാളികൾ ഡോർമിറ്റോറി അല്ലെങ്കിൽ 'മെസ്സ് റൂംസ്' എന്നറിയപ്പെടുന്ന പൊതുശയനമുറികളിലാണ് താമസിക്കുന്നത്. ഇവരിലധികവും ഒഡിഷയിലെ ഗഞ്ചാം ജില്ലയിൽനിന്നുള്ള കുടിയേറ്റക്കാരാണ് (നെയ്തെടുത്ത വസ്ത്രങ്ങളും സത്യസന്ധമായ നിരാശകളും കാണുക ). വർഷത്തിലൊരിക്കൽ ഗഞ്ചാം സന്ദർശിച്ച് ആദ്യം തിരിച്ചെത്തുന്നവർക്ക് ഈ മുറികളിൽ സ്ഥലം ലഭിക്കും. ഇത്തരത്തിലുള്ള എല്ലാ മുറികളും വ്യാവസായിക മേഖലകളിലാണ്, ചിലപ്പോൾ നെയ്ത്തുശാലകളിൽനിന്ന് വെറും മീറ്ററുകളകലത്തിൽ. കഠിനമായ 12 മണിക്കൂർ ജോലിസമയത്തിനുശേഷം തങ്ങളുടെ താത്കാലിക കിടക്കകളിൽ കിടക്കുമ്പോഴും ഈ യന്ത്രങ്ങളുടെ ഉച്ചത്തിലുള്ള 'ഘട്ട്-ഘട്ട്' ശബ്ദം അവർക്ക് കേൾക്കാം.












