വിരൽനഖത്തേക്കാൾ വലുതല്ല അത്. വെളുത്ത്, വിളറി മനോഹരമാണ് ഓരോ മൊട്ടും. അവിടെയുമിവിടെയുമായി ആ പാടം പൂവിട്ടിട്ടുണ്ട്. അതിന്റെ ഹൃദ്യമായ സുഗന്ധമാകട്ടെ, മൂക്കിൽ നിറയുകയും ചെയ്യുന്നു. മല്ലികപ്പൂവ് ഒരു സമ്മാനമാണ്. പൊടി നിറഞ്ഞ ഭൂമിയുടേയും ബലമുള്ള ചെടികളുടേയും മേഘങ്ങൾ മുറിവേൽപ്പിച്ച ആകാശത്തിന്റേയും സമ്മാനം.
എന്നാൽ, ഗൃഹാതുരമായ ഈ കാൽപ്പനികതയ്ക്കൊന്നും നേരമില്ല തൊഴിലാളികൾക്ക്. മല്ലികപ്പൂ വിടരുന്നതിന് മുന്നേ അവർക്കത് കമ്പോളത്തിലെത്തിക്കണം. നല്ല വില കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന വിനായക ചതുർത്ഥിക്ക് ഇനി നാലുദിവസമേ ബാക്കിയുള്ളു. ആ നാളിലാണ് ഭഗവാൻ ഗണേശന്റെ ജന്മദിനം.
തള്ളവിരലും ചൂണ്ടുവിരലുമുപയോഗിച്ച് സ്ത്രീപുരുഷന്മാർ മൊട്ടുകൾ അതിവേഗത്തിൽ പറിക്കുന്നു. സാരിയും മുണ്ടും കിഴിയാക്കി അതിലേക്ക് കൈക്കുടന്ന നിറയെ ആ മൊട്ടുകൾ ശേഖരിച്ച്, പിന്നീട് ചാക്കിലാക്കുന്നു. ആ തൊഴിലിന് ഒരു പ്രത്യേക താളമുണ്ട്. കൊമ്പുകൾ മാറ്റുക (ചിലമ്പിക്കുന്ന ശബ്ദമാണതിന്), മൊട്ട് പൊട്ടിക്കുക (വിരൽ ഞൊടിക്കുന്ന ശബ്ദം), മൂന്ന് വയസ്സുള്ള ഒരു കുട്ടിയുടെ വലിപ്പം മാത്രമുള്ള അടുത്ത ചെടിയുടെയടുത്തേക്ക് നീങ്ങുക, കൂടുതൽ പൂക്കൾ പറിക്കുക, സംസാരിക്കുക. കൂട്ടത്തിൽ റേഡിയോയിൽ ജനപ്രിയ തമിഴ് പാട്ടുകളും അവർ കേൾക്കും. കിഴക്കൻ വാനത്തിൽ സൂര്യൻ പതുക്കെ ഉദിച്ചുയരുമ്പോൾ.
താമസിയാതെ ആ പൂക്കളൊക്കെ മധുര പട്ടണത്തിലെ മാട്ടുതവണി ചന്തയിലെത്തും. അവിടെനിന്ന് തമിഴ്നാട്ടിലെ മറ്റ് പട്ടണങ്ങളിലേക്കും. മറ്റ് ചിലപ്പോൾ കടൽ കടന്ന് മറ്റ് രാജ്യങ്ങളിലേക്കും.
2021, 2022, 2023 വർഷങ്ങളിൽ പാരി, മധുര ജില്ലയിലെ തിരുമംഗലം, ഉസിലാംപട്ടി താലൂക്കുകൾ സന്ദർശിച്ചു. ചരിത്രപ്രസിദ്ധമായ മധുരമീനാക്ഷി ക്ഷേത്രവും ചില്ലറയായും മൊത്തമായും മുല്ലപ്പൂക്കൾ വിൽക്കുന്ന തിരക്കുള്ള പൂച്ചന്തയുമുള്ള മധുര നഗരത്തിൽനിന്ന് ഒരു മണിക്കൂർ നേരം യാത്ര ചെയ്താൽ മതി മുല്ലപ്പാടങ്ങളിലേക്കെത്താൻ.




























