26 വയസ്സിൽ വിവാഹിതയായശേഷം, കുടുംബത്തിലെ ഒരേയൊരു വരുമാനദാതാവ് അവരായിരുന്നു. ഇലക്ട്രീഷ്യനായ ഭർത്താവിന്റെ വരുമാനം സ്ഥിരമായ ഒന്നായിരുന്നില്ല. അതിനാൽ, തുച്ഛമായ ശമ്പളംകൊണ്ട്, വീട്ടുചിലവുകൾക്ക് പുറമേ, രണ്ട് ആണ്മക്കളുടെ വിദ്യാഭ്യാസവും നോക്കിനടത്തേണ്ട ബാധ്യത അവരുടെ ചുമലിലായി. 22 വയസ്സുള്ള മൂത്ത മകൻ ആറുമാസം മുമ്പ് എം.എസ്.സി കമ്പ്യൂട്ടർ സയൻസ് പൂർത്തിയാക്കി. 20 വയസ്സുള്ള ചെറിയ മകൻ, ചെങ്കൽപ്പേട്ടിലെ ഒരു സർക്കാർ കൊളേജിൽ പഠിക്കുന്നു.
ഗ്രാമങ്ങളിലേക്ക് പോയി, സ്കിസോഫ്രേനിയ രോഗികളെ ആശുപത്രിയിൽ പോകാൻ പ്രേരിപ്പിക്കുന്നതിനുമുൻപ്, അവർ രോഗികൾക്ക് കൌൺസലിംഗ് കൊടുക്കുന്ന ജോലിയായിരുന്നു ചെയ്തിരുന്നത്. മൂന്ന് വർഷത്തോളം അവരത് ചെയ്തു. 10 രോഗികൾക്കുവേണ്ടി. “ആഴ്ചയിലൊരിക്കൽ എനിക്ക് അവരെ സന്ദർശിക്കേണ്ടിയിരുന്നു. ആ കാലത്ത്, ഞങ്ങൾ രോഗികളോടും അവരുടെ കുടുംബാംഗങ്ങളോടും, ചികിത്സ, തുടർച്ചികിത്സ, വൃത്തി, ആരോഗ്യം എന്നിവയെക്കുറിച്ചൊക്കെ സംസാരിക്കാറുണ്ടായിരുന്നു”, അവർ പറയുന്നു.
ആദ്യമൊക്കെ സമൂഹത്തിൽനിന്ന് ധാരാളം എതിർപ്പുകൾ സെൽവിക്ക് നേരിടേണ്ടിവന്നു. “പ്രശ്നമുണ്ടെന്നുതന്നെ അവർ സമ്മതിച്ചുതരില്ല. ഇതൊരു രോഗമാണെന്നും ചികിത്സിച്ച് ഭേദമാക്കാൻ പറ്റുമെന്നും ഞങ്ങളവരോട് പറയും. അത് കേട്ടാൽ രോഗിയുടെ കുടുംബത്തിന് ദേഷ്യം വരും. ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനേക്കാർ അവർക്കിഷ്ടം, വല്ല അമ്പലത്തിലോ മറ്റോ കൊണ്ടുപോവുന്നതായിരുന്നു. മെഡിക്കൽ ക്യാമ്പിലേക്ക് പോകുന്നതിനായി പ്രേരിപ്പിക്കാൻ നിരവധി തവണ അവരെ സന്ദർശിക്കേണ്ടിവന്നു. ധാരാളം അദ്ധ്വാനവും വേണ്ടിവന്നു. യാത്ര ചെയ്യാൻ രോഗിക്ക് ബുദ്ധിമുട്ടനുഭവപ്പെട്ടാൽ, ഡോക്ടർ വീട്ടിൽ വരാറുണ്ടായിരുന്നു”..
സെൽവി സ്വന്തമായി തന്ത്രങ്ങൾ രൂപീകരിച്ചു. ഗ്രാമത്തിലെ എല്ലാ വീടുകളിലും അവർ ചെല്ലും. ആളുകൾ പതിവായി കൂടാറുള്ള ചായക്കടകൾ സന്ദർശിച്ച്, സ്കൂൾ ടീച്ചർമാർ, പഞ്ചായത്ത് നേതാക്കന്മാർ എന്നിവരോട് സംസാരിക്കും. പിന്നീട് അവരായി, സെൽവിയുടെ സഹായികൾ. സ്കിസോഫ്രേനിയയുടെ ലക്ഷണങ്ങളും, ചികിത്സകൊണ്ട് അതെങ്ങിനെ ഭേദമാക്കാമെന്നുമൊക്കെ സെൽവി വിശദീകരിക്കും. അവരവരുടെ ഗ്രാമത്തിൽ അത്തരം ലക്ഷണങ്ങളുള്ളവരെ ചൂണ്ടിക്കാണിച്ചുതരാൻ, സെൽവി ഈ ആളുകളെ ആശ്രയിച്ചു. “ചില ആളുകളൊക്കെ അല്പം മടിച്ചുവെങ്കിലും, ചിലർ ഞങ്ങൾക്ക് രോഗികളുടെ വീടുകൾ കാണിച്ചുതന്നു”, സെൽവി പറയുന്നു. “പലർക്കും രോഗത്തെക്കുറിച്ച് കൃത്യമായി പറയാനറിയില്ല. രോഗിക്ക് എല്ലാവരേയും സംശയമാണെന്നോ, ഉറക്കമില്ലാതായിട്ട് കുറേക്കാലമായെന്നോ മറ്റോ ആയിരിക്കും അവർ സൂചിപ്പിക്കുക”, അവർ കൂട്ടിച്ചേർത്തു.
സ്വഗോത്രത്തിൽനിന്ന് വിവാഹം ചെയ്യുന്നത് കർശനമായി പാലിക്കുകയും കുടുംബത്തിൽനിന്നുള്ളവർ തമ്മിൽ വിവാഹം കഴിക്കുന്നത് പതിവായിരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിൽനിന്ന് വന്ന ആളായതുകൊണ്ട്, ബുദ്ധിശേഷിയില്ലാത്ത ധാരാളം കുട്ടികൾ ജനിക്കുന്നതിന് സെൽവി സാക്ഷ്യം വഹിച്ചിട്ടുണ്ടായിരുന്നു. ബുദ്ധിശേഷിയില്ലായ്മയുടേയും മനോരോഗത്തിന്റേയും ലക്ഷണങ്ങൾ വ്യത്യസ്തമാണെന്ന് മനസ്സിലാക്കാൻ ഇത് സെൽവിയെ പ്രാപ്തയാക്കി. തന്റെ തൊഴിലിൽ ആ ഒരു തിരിച്ചറിവ് അവർക്ക് അത്യന്താപേക്ഷിതമായിരുന്നു.
മരുന്നുകൾ രോഗിയുടെ വീട്ടുപടിക്കൽ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയായിരുന്നു സെൽവിയുടെ നിരവധി ചുമതലകളിൽ ഒന്ന്. ഇന്ത്യയിൽ മാനസികഭ്രംശമുള്ള മിക്കവരും, തങ്ങളുടെ ചികിത്സയ്ക്കും മരുന്നുകൾക്കുമായി സ്വന്തം കൈയ്യിൽനിന്നാണ് പണം ചിലവഴിക്കുന്നത്. ദേശീയ മാനസികാരോഗ്യ പദ്ധതിയുടെ സേവനങ്ങൾ കൈപ്പറ്റാൻ, 40 ശതമാനത്തോളം രോഗികൾക്ക് 10 കിലോമീറ്ററിലധികം ദൂരം യാത്ര ചെയ്യേണ്ടിയും വരുന്നു. പതിവായി ചികിത്സാസൌകര്യങ്ങൾ ഉപയോഗിക്കാൻ, വിദൂരസ്ഥമായ ഗ്രാമങ്ങളിലെ ആളുകൾക്ക് പലപ്പോഴും കഴിയാറില്ല. രോഗലക്ഷണങ്ങളുമായി മല്ലിടുന്നതുകൊണ്ട്, സമൂഹം പ്രതീക്ഷിക്കുന്നവിധത്തിൽ പെരുമാറാൻ കഴിയാത്തവരായതുകൊണ്ട്, സമൂഹത്തിൽനിന്ന് മാറ്റിനിർത്തപ്പെടുന്നതാണ് ഈ രോഗികൾ നേരിടുന്ന മറ്റൊരു പ്രശ്നം.