“എനിക്കു താങ്കളോട് എന്താണ് പറയാന്‍ പറ്റുക? എന്റെ മുതുക് തകരുകയും നെഞ്ചിന്‍കൂട് ഉന്തിവരികയും ചെയ്യുന്നു”, ബിബാബായ് ലോയരെ പറഞ്ഞു. “എന്റെ അടിവയര്‍ ഒട്ടിയിരിക്കുന്നു. കഴിഞ്ഞ 2-3 വര്‍ഷങ്ങളായി എന്റെ മുതുകും വയറും ഒന്നായിച്ചേർന്നു കൊണ്ടിരിക്കുന്നു. ഡോക്ടര്‍മാര്‍ പറയുന്നത് എന്റെ അസ്ഥികള്‍ പൊള്ളയായിക്കൊണ്ടിരിക്കുന്നുവെന്നാണ്.”
മുല്‍ശി ബ്ലോക്കിലെ ഹഡശി ഗ്രാമത്തിലെ തകരപ്പാളികള്‍ കൊണ്ടുണ്ടാക്കിയ, വെട്ടംകുറഞ്ഞ, അവരുടെ അടുക്കളയില്‍ ഇരിക്കുകയായിരുന്നു ഞങ്ങള്‍. വീടിനടുത്താണ് അടുക്കള സ്ഥിതിചെയ്യുന്നത്. മണ്ണുകൊണ്ടുണ്ടാക്കിയ അടുപ്പിനു മുകളില്‍ മിച്ചംവന്ന ചോറ് ചൂടാക്കുകയായിരുന്നു 55-കാരിയായ ബിബാബായ്. അവര്‍ എനിക്ക് ഇരിക്കാനായി തടികൊണ്ടുടാക്കിയ ഒരു കുരണ്ടി തന്നിട്ട് വീട്ടുജോലികള്‍ തുടര്‍ന്നു. ഭക്ഷണം പാചകം ചെയ്യുന്ന അവര്‍ നന്നായി കുനിഞ്ഞപ്പോള്‍ അവരുടെ താടി കാല്‍മുട്ടുകളില്‍ ഏകദേശം മുട്ടാറായിരുന്നു. അവര്‍ തറയില്‍ കുത്തിരിരിക്കാന് ശ്രമിച്ചപ്പോള്‍ കാല്‍മുട്ടുകള്‍ ചെവിയില്‍ മുട്ടാറായിരുന്നു.
കഴിഞ്ഞ 25 വര്‍ഷങ്ങള്‍ക്കിടയിലുണ്ടായ അസ്ഥിക്ഷയവും (osteoporosis) 4 ശസ്ത്രക്രിയകളുമാണ് ബിബാബായിയെ ഈ രീതിയില്‍ ആക്കിത്തീര്‍ത്തത്. ആദ്യം അവര്‍ വന്ധ്യംകരണ (tubectomy) ത്തിനുള്ള നടപടിക്രമങ്ങളിലൂടെ കടന്നുപോയി. പിന്നീട് ആന്ത്രവീക്കം (hernia) നീക്കാനുള്ളത്. അതിനുശേഷം ഗര്‍ഭപാത്രം നീക്കംചെയ്യല്‍ ശസ്ത്രക്രിയ (hysterectomy). പിന്നീട് കുടലിന്റെ ഭാഗവും അടിവയറ്റിലെ കൊഴുപ്പും പേശികളും നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ.
വയസ്സറിയിച്ച് (ആദ്യമായി മാസമുറ ആകുന്നത്) വെറും 12-13 വയസ്സുള്ളപ്പോള്‍ ഞാന്‍ വിവാഹിതയായി. ആദ്യത്തെ 5 വര്‍ഷം ഞാന്‍ ഗര്‍ഭിണി ആയില്ല”, സ്ക്കൂളില്‍ പോയിട്ടേ ഇല്ലാത്ത ബിബാബായ് പറഞ്ഞു. അപ്പ എന്നറിയപ്പെടുന്ന ഭര്‍ത്താവ് മഹിപതി ലോയരെയ്ക്ക് അവരേക്കാള്‍ 20 വയസ്സ് കൂടുതലാണ്. അദ്ദേഹം ഒരു സിലാ പരിഷദ് സ്ക്കൂള് അദ്ധ്യാപകനാണ്. പൂനെ ജില്ലയിലെ മുല്‍ശി ബ്ലോക്കിലെ വിവിധ സ്ക്കൂളുകളില്‍ അദേഹം നിയമിതനായിട്ടുണ്ട്. അരി, കടലപ്പരിപ്പ്, പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവയൊക്കെ ലോയരെ കുടുംബം കൃഷി ചെയ്യുന്നു. അവര്‍ക്ക് ഒരു ജോഡി വണ്ടിക്കാളകളും ഒരു എരുമയും ഒരു പശുവും അതിന്റെ കിടാവും ഉണ്ട്. പാലില്‍ നിന്ന് അവര്‍ക്ക് പ്രത്യേക വരുമാനമുണ്ടാകുന്നു. മഹിപതിയ്ക്ക് പെന്‍ഷനും കിട്ടുന്നുണ്ട്.
“എന്റെ മക്കളെല്ലാം വീട്ടിലുണ്ടായതാണ്”, ബിബാബായ് തുടര്‍ന്നു. വെറും 17 വയസ്സുള്ളപ്പോഴാണ് അവരുടെ ആദ്യത്തെ കുട്ടി, ഒരു ആണ്‍കുഞ്ഞ്, ഉണ്ടായത്. ആ സമയത്ത് ഗ്രാമത്തില്‍ നല്ല റോഡുകളോ വാഹനങ്ങളോ ഇല്ലായിരുന്നതിനാല്‍ ഒരു കാളവണ്ടിയില്‍ “മാതാപിതാക്കളുടെ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു ഞങ്ങള്‍ [“കുന്നിൻ പ്രദേശത്തിനപ്പുറമുള്ള” ഗ്രാമം]. വെള്ളംപൊട്ടി പ്രസവിക്കാറായ ഞാന്‍ പെട്ടെന്നുതന്നെ എന്റെ ആദ്യത്തെ കുഞ്ഞിനു കാളവണ്ടിയില്‍ത്തന്നെ ജന്മംനല്കി!” ബിബാബായ് ഓര്‍മ്മിച്ചു. പ്രസവാനന്തരം അവർക്ക് പെരിനിയൽ ഭാഗം ശരിയാക്കേണ്ടതുണ്ടായിരുന്നു. അതെവിടെയാണ് ചെയ്തത് എന്ന് അവര്‍ക്ക് ഓര്‍മ്മയില്ല.







