2022 ഒക്ടോബറിലെ ഇരുട്ട് വീണുതുടങ്ങിയ ഒരു സന്ധ്യാനേരം. ബെല്ലാരിയിലെ വദ്ദു ഗ്രാമത്തിലെ സാമൂഹികകേന്ദ്രത്തിൽ ക്ഷീണിതയായ ഒരു വൃദ്ധ തൂണിൽ നടുചായ്ച്ച്, കാലുകൾ നീട്ടിയിരുന്ന് വിശ്രമിക്കുകയാണ്. സന്ദൂർ താലൂക്കയിലെ ചെങ്കുത്തായ വഴികളിലൂടെയുള്ള 28 കിലോമീറ്റർ നടത്തം അവരെ തളർത്തിയിരിക്കുന്നു. അടുത്ത ദിവസം അവർക്ക് 42 കിലോമീറ്റർ കൂടി നടക്കേണ്ടതുണ്ട്.
സന്ദൂരിലെ സുശീലനഗർ ഗ്രാമത്തിൽനിന്നുള്ള ഖനിത്തൊഴിലാളിയായ ഹനുമക്ക രംഗണ്ണ, ബെല്ലാരി സില്ലാ ഗനി കർമികാര സംഘ (ബെല്ലാരി ജില്ലാ ഖനി തൊഴിലാളി സംഘടന) സംഘടിപ്പിച്ച ദ്വിദിന പദയാത്രയിലെ അംഗമാണ്. 70 കിലോമീറ്റർ നടന്നുചെന്ന്, വടക്കൻ കർണ്ണാടകയിലെ ബെല്ലാരിയിലുള്ള (ബല്ലാരി എന്നും അറിയപ്പെടുന്നു) ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫിസിൽ തങ്ങളുടെ ആവശ്യങ്ങൾ സമർപ്പിക്കാനാണ് പ്രതിഷേധക്കാർ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ ഇത് പതിനാറാം തവണയാണ് ഹനുമക്ക മറ്റ് ഖനിത്തൊഴിലാളികളോടൊത്ത് ന്യായമായ നഷ്ടപരിഹാരവും മറ്റൊരു ജീവനോപാധിയും ആവശ്യപ്പെട്ട് തെരുവിലിറങ്ങുന്നത്.
1990-കളുടെ അവസാനത്തിൽ, ബെല്ലാരിയിൽ ജോലിയിൽനിന്ന് പുറത്താക്കപ്പെട്ട നൂറുകണക്കിന് സ്ത്രീ കൂലിത്തൊഴിലാളികളിൽ ഒരാളാണ് ഹനുമക്ക. "എനിക്ക് ഇപ്പോൾ 65 വയസ്സുണ്ടെന്ന് കരുതാം. എനിക്ക് ജോലി ഇല്ലാതായിട്ട് 15 വർഷത്തിലേറെയായിരിക്കുന്നു," അവർ പറയുന്നു. "പണം (നഷ്ടപരിഹാരം) കിട്ടുന്നതും കാത്തിരുന്ന പലരും ഇന്ന് ജീവിച്ചിരിപ്പില്ല. എന്റെ ഭർത്താവും മരണപ്പെട്ടു."
"ജീവനോടെ ബാക്കിയുള്ള ഞങ്ങളാണ് ശപിക്കപ്പെട്ടവർ. ഈ ശപിക്കപ്പെട്ടവർക്ക് ഇനി അത് (നഷ്ടപരിഹാരം) കിട്ടുമോ അതോ അതിന് മുൻപേ ഞങ്ങളും മരിക്കുമോ എന്ന് അറിയില്ല," അവർ പറയുന്നു. "ഞങ്ങൾ പ്രതിഷേധിക്കാൻ വന്നതാണ്. ഇതുമായി ബന്ധപ്പെട്ട് എവിടെ യോഗം നടന്നാലും ഞാൻ പങ്കെടുക്കാറുണ്ട്. ഈയൊരു തവണകൂടി ശ്രമിച്ചു നോക്കാമെന്ന് ഞങ്ങൾ വിചാരിച്ചു."















