ജൂലൈ മധ്യത്തിൽ ഒരു ദിവസം, ധാംതരി പട്ടണത്തിൽ നിന്ന് പതിനഞ്ച് കിലോമീറ്റർ അകലെ, കോലിയാരി-ഖരെങ്ക ഗ്രാമപാതയിൽ ഞങ്ങൾ മറ്റൊരു സംഘം കർഷകതൊഴിലാളികളെ കണ്ടുമുട്ടി. "ജോലി ചെയ്തില്ലെങ്കിൽ, ഞങ്ങൾ പട്ടിണി കിടന്നു മരിക്കും. കോവിഡ്-19 പേടിച്ച് വീട്ടിൽ സുരക്ഷിതമായി ഇരിക്കാനുള്ള സൗഭാഗ്യമില്ല," ധാംതരി ബ്ലോക്കിലെ ഖരെങ്ക ഗ്രാമത്തിലെ ഭുഖിൻ സാഹു പറഞ്ഞു. ഇരുപത്തിനാല് പേരടങ്ങുന്ന ആ സംഘത്തിന്റെ നേതാവും കരാറുകാരിയും അവരാണ്. "ഞങ്ങൾ തൊഴിലാളികളാണ്, ഞങ്ങൾക്ക് ഞങ്ങളുടെ കൈകളും കാലുകളുമേയുള്ളു. എന്നാലും ജോലി ചെയ്യുമ്പോൾ ഞങ്ങൾ സാമൂഹിക അകലം പാലിക്കുന്നുണ്ട്..."
പാതയുടെ ഇരുവശങ്ങളിലായി ഇരുന്ന് വീട്ടിൽനിന്നു കൊണ്ടുവന്ന ചോറ്, പരിപ്പുകറി, പാകംചെയ്ത പച്ചക്കറികൾ എന്നിവയടങ്ങുന്ന ഉച്ചയൂണ് കഴിക്കുകയായിരുന്നു ആ സംഘം. അവർ വെളുപ്പിന് നാല് മണിക്ക് എഴുന്നേറ്റ് പാചകവും മറ്റ് വീട്ടുജോലികളും പൂർത്തിയാക്കും. അതിനുശേഷം പ്രാതൽ കഴിച്ച് ആറ് മണിയോടുകൂടി പാടത്തെത്തും. പന്ത്രണ്ട് മണിക്കൂറുകൾക്കു ശേഷം, വൈകുന്നേരം ആറ് മണിക്ക് അവർ വീടുകളിലേക്ക് തിരിക്കും. പിന്നെ പാചകവും ബാക്കി ജോലികളും ചെയ്യും. ഭുഖിൻ തന്റെയും ഒപ്പമുള്ള മറ്റു സ്ത്രീകളുടെയും ഒരു തൊഴിൽദിവസം ഇത്തരത്തിൽ വിവരിച്ചു.
"ഞങ്ങൾ ദിവസവും രണ്ട് ഏക്കർ ഞാറ് നടും. ഏക്കറിന് മൂവായിരത്തിയഞ്ഞൂറു രൂപ ലഭിക്കും," ഭുഖിൻ പറഞ്ഞു. ഒരു സംഘത്തിലെ ആളുകളുടെ എണ്ണം, സംസാരിച്ചുറപ്പിക്കുന്ന തുക ഇതൊക്കെയനുസരിച്ച് ഈ ഏക്കർ നിരക്ക് മൂവായിരത്തിയഞ്ഞൂറ് മുതൽ നാലായിരം (ഈ സീസണിൽ ധാംതരിയിലെ നിരക്ക്) രൂപ വരെ പോകാം.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഭുഖിന്റെ ഭർത്താവ് തൊഴിൽ അന്വേഷിച്ചു ഭോപ്പാലിലേക്ക് പോയി. പിന്നെ അയാൾ തിരിച്ചുവന്നില്ല. "അയാൾ ഞങ്ങളെ ഈ ഗ്രാമത്തിൽ ഉപേക്ഷിച്ചു പോയി. ഞങ്ങളുമായി ഇപ്പൊൾ ബന്ധപ്പെടാറില്ല," അവർ പറഞ്ഞു. അവരുടെ മകൻ കോളജിൽ പഠിക്കുകയാണ്. രണ്ടു പേരടങ്ങുന്ന ആ കുടംബത്തിന്റെ ഏക വരുമാനം ഭുഖിന്റെ കൂലിയാണ്.
അതേ പാതയിൽത്തന്നെ ഞങ്ങൾ മറ്റൊരു കൃഷിത്തൊഴിലാളി സംഘത്തെ കണ്ടുമുട്ടി. അവരിൽ കൂടുതലും വനിതകൾ ആയിരുന്നു. അവർ ഒരു പാടത്ത് ഞാറുനടാൻ പോകുകയായിരുന്നു. "ഇതാണ് ഞങ്ങളുടെ ജീവിതമാർഗം. ഞങ്ങൾക്ക് ജോലി ചെയ്തേ മതിയാകു. ഞങ്ങൾ പണിയെടുത്തില്ലെങ്കിൽ പിന്നെ ആരാണ് വിളവുണ്ടാക്കുക? എല്ലാവർക്കും കഴിക്കാൻ ഭക്ഷണം വേണം," ധാംതരി ബ്ലോക്കിലെ ദർറി ഗ്രാമത്തിൽ നിന്നുള്ള കരാറുകാരി സബിത സാഹു പറഞ്ഞു. "കൊറോണയെ പേടിച്ചാൽ, ഞങ്ങൾക്ക് തീരെ ജോലിചെയ്യാൻ കഴിയില്ല. ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് ആര് ഭക്ഷണം കൊടുക്കും? നെൽപ്പാടങ്ങളിൽ ഞങ്ങൾ സാമൂഹിക അകലം പാലിച്ചു തന്നെയാണ് ജോലി ചെയ്യുന്നത്." ജൂലൈയിൽ ഞങ്ങൾ അവരെ കണ്ടുമുട്ടിയപ്പോൾ സബിതയും അവരുടെ മുപ്പത് പേരടങ്ങുന്ന സംഘവും ഇരുപത്തിയഞ്ച് ഏക്കറിൽ ഞാറ് നട്ടിരുന്നു, ഏക്കറിന് മൂവായിരത്തി അറുനൂറ് രൂപ എന്ന നിരക്കിൽ.