കോവിഡ്-19 പരിശോധനാഫലം പോസിറ്റീവായി എട്ട് ദിവസങ്ങള്‍ക്കുശേഷം ചികിത്സയിലായിരുന്ന ആശുപത്രിയില്‍ വച്ച് രാംലിംഗ് സനാപ് മരിച്ചു. പക്ഷെ അദ്ദേഹത്തെ കൊന്നത് വൈറസ് ആയിരുന്നില്ല.
40-കാരനായിരുന്ന രാംലിംഗ് മരിക്കുന്നതിന് കുറച്ചു മണിക്കൂറുകള്‍ക്ക് മുന്‍പ് ഭാര്യ രാജുബായിയെ ഫോണ്‍ ചെയ്തിരുന്നു. “ചികിത്സയ്ക്ക് എത്രയാണ് ചിലവാകുന്നത് എന്നറിഞ്ഞു കഴിഞ്ഞതിനുശേഷം അദ്ദേഹം കരയുകയായിരുന്നു”, 23-കാരനായ ബന്ധു രവി മൊറാലെ പറഞ്ഞു. “ആശുപത്രി ബില്‍ അടയ്ക്കാന്‍ തന്റെ രണ്ടേക്കര്‍ കൃഷിസ്ഥലം വില്‍ക്കേണ്ടി വരുമെന്നാണ് അദ്ദേഹം കരുതിയത്.”
മെയ് 13 മുതല്‍ രാംലിംഗിനെ പ്രവേശിപ്പിച്ചിരുന്ന മഹാരാഷ്ട്രയിലെ ബീഡ് നഗരത്തിലെ ദീപ് ആശുപത്രി ചികിത്സയ്ക്കായി 1.6 ലക്ഷം രൂപ ഈടാക്കിയിരുന്നുവെന്ന് രാജുബായിയുടെ സഹോദരനായ പ്രമോദ് മൊറാലെ പറഞ്ഞു. “രണ്ട് ഗഡുക്കളായി എങ്ങനെയോക്കെയോ അത് ഞങ്ങള്‍ അടച്ചു. പക്ഷെ ആശുപത്രി രണ്ടുലക്ഷം രൂപകൂടി ആവശ്യപ്പെട്ടു”, അദ്ദേഹം പറഞ്ഞു. “കുടുംബത്തോട് പറയുന്നതിനു പകരം അവരത് രോഗിയോട് പറഞ്ഞു. അദ്ദേഹത്തെ ഭാരപ്പെടുത്തേണ്ട ആവശ്യം എന്തായിരുന്നു?”
കുടുംബത്തിന്റെ വാര്‍ഷിക വരുമാനത്തിന്റെ ഏതാണ്ടിരട്ടിയായ ആശുപത്രി ബില്ലിനെക്കുറിച്ചുള്ള ചിന്ത രാംലിംഗിനെ വല്ലാതെ വിഷമിപ്പിച്ചു. മെയ് 21-ന് കുറച്ച് മണിക്കൂറുകള്‍ക്കകം അദ്ദേഹം കോവിഡ് വാര്‍ഡിന് പുറത്തുകടക്കുകയും ആശുപത്രി ഇടനാഴിയില്‍ തൂങ്ങിമരിക്കുകയും ചെയ്തു.
മെയ് 21-ന് രാത്രി ഭര്‍ത്താവ് വിളിച്ചപ്പോള്‍ ദുഃഖിതനായ അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ 35-കാരിയായ രാജുബായ് ശ്രമിച്ചു. തങ്ങളുടെ മോട്ടോര്‍സൈക്കിള്‍ വില്ക്കുകയോ ഇരുവരും ജോലി ചെയ്തിരുന്ന പശ്ചിമ മഹാരാഷ്ട്രയിലെ പഞ്ചസാര ഫാക്ടറിയില്‍ നിന്നും പണം കടം വാങ്ങുകയോ ചെയ്യാമെന്ന് അവര്‍ അദ്ദേഹത്തോടു പറയുകയും ചെയ്തു. അദ്ദേഹത്തിന്റെ അസുഖം ഭേദമാവുകയായിരുന്നു അവരെ സംബന്ധിച്ച് ഏറ്റവും പ്രധാന കാര്യമെന്ന് അവര്‍ പറഞ്ഞു. ഒരുപക്ഷെ, പണം കണ്ടെത്താന്‍ പറ്റുമോയെന്ന് രാംലിംഗ് സംശയിച്ചിരിക്കാം.
ബീഡ് ജില്ലയിലെ കേജ് താലൂക്കിലെ ഒരു ചെറുഗ്രാമത്തില്‍ നിന്നുള്ള രാംലിംഗും രാജുബായിയും പശ്ചിമ മഹാരാഷ്ട്രയിലെ കരിമ്പ് പാടങ്ങളില്‍ എല്ലാവര്‍ഷവും പണിക്ക് പോകുമായിരുന്നു. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള 180 ദിവസങ്ങളില്‍ കഠിനമായി ജോലി ചെയ്തുകൊണ്ട് രണ്ടുപേരും കൂടി 60,000 രൂപ സമ്പാദിക്കുമായിരുന്നു. അവരുടെ അഭാവത്തില്‍ 8 മുതല്‍ 16 വയസ്സുവരെ പ്രായമുള്ള മൂന്ന് കുട്ടികളെ രാംലിംഗിന്റെ വിഭാര്യനായ അച്ഛനാണ് നോക്കിയിരുന്നത്.











