തിങ്കളാഴ്ച രാവിലെ സദർ പട്ടണത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം തുറന്ന് മിനിറ്റുകൾക്കുള്ളില്‍ സുനിതാ ദത്ത അവരുടെ ഭർത്താവുമായി അവിടെയെത്തി. പക്ഷെ ഒരു ഓക്സിലിയറി നഴ്സ് മിഡ്വൈഫ് (എ.എൻ.എം.) അവരെക്കൂട്ടി പ്രസവ വാർഡിൽ പോയ ഉടനെ തന്നെ അവർ പി.എച്.സി. വിട്ടു. "ഇസ്മേം കൈസേ ഹോഗാ ബച്ചാ, ബഹുത് ഗന്ദ്ഗി ഹേ ഇധർ" [എങ്ങനെയെനിക്ക് ഇവിടെ പ്രസവിക്കാൻ കഴിയും? വലിയ വൃത്തികേടാണ് ഇവിടെ]”, തങ്ങള്‍ എത്തിയ ഓട്ടോറിക്ഷയിൽ തിരിച്ചു കയറിക്കൊണ്ട് സുനിത പറഞ്ഞു.
"ഇന്ന് അവളുടെ ദിവസമാണ് – അതുകൊണ്ട് ഞങ്ങൾക്ക് ഒരു സ്വകാര്യ ആശുപത്രിയിൽ പോകണം”, അവർ വന്ന ഓട്ടോറിക്ഷ അകന്നു പോകുമ്പോൾ ഭർത്താവ് അമർ ദത്ത പറഞ്ഞു. സുനിത അവരുടെ മൂന്നാമത്തെ കുട്ടിക്ക് ഈ പി.എച്.സി.യിലാണ് ജന്മം കൊടുത്തത്. പക്ഷെ, ഇത്തവണ അവരുടെ നാലാമത്തെ കുട്ടിയെ പ്രസവിക്കാന്‍ മറ്റെവിടെങ്കിലും പോകാനാണ് അവർക്കു താത്പര്യം.
രാവിലെ 11 മണിക്ക് സദർ പി.എച്.സി.യിലെ പ്രസവ മുറി, തലേ ദിവസത്തെ പ്രസവത്തെ തുടർന്നു രക്തക്കറ പിടിച്ചു വൃത്തികേടായ തറ വൃത്തിയാക്കുന്നതിനായി തൂപ്പുജോലി ചെയ്യുന്ന ആളെ കാത്തിരിക്കുകയാണ്.
"ഭർത്താവ് എന്നെ വന്നു കൊണ്ടു പോകുന്നതിനായി ഞാൻ കാത്തിരിക്കുന്നു. ഇന്നത്തെ എന്റെ പ്രവൃത്തി സമയം കഴിഞ്ഞു. എനിക്കു രാത്രി ഷിഫ്റ്റ് ആയിരുന്നു. രോഗികളൊന്നുമുണ്ടായിരുന്നില്ല. പക്ഷെ കൊതുകുകൾ കാരണം എനിക്കു കുറച്ചേ ഉറങ്ങാൻ കഴിഞ്ഞുള്ളൂ”, 43-കാരിയായ പുഷ്പാ ദേവി [പേര് മാറ്റിയിരിക്കുന്നു] പറഞ്ഞു. ബീഹാറിലെ ദർഭംഗ ജില്ലയിലെ സദർ പട്ടണത്തിലെ പി.എച്.സി.യിൽ എ.എൻ.എം. ആയി ജോലി നോക്കുകയാണ് പുഷ്പ. ഓഫീസ് മുറിയിൽ എ.എൻ.എo.നു വേണ്ടി നീക്കി വച്ചിരിക്കുന്ന കസേരയിൽ ഇരുന്ന് അവർ ഞങ്ങളോടു സംസാരിച്ചു. കസേരയ്ക്കു പിന്നിൽ കടലാസുകൾ ചിതറിക്കിടക്കുന്ന ഒരു മേശയും ഒരു തടിക്കട്ടിലും ഉണ്ടായിരുന്നു. അതേ കട്ടിലിലാണ് പുഷ്പ കഷ്ടിച്ചുറങ്ങിയ രാത്രി ചിലവഴിച്ചത്.
കീടങ്ങൾക്കു എളുപ്പത്തിൽ പ്രവേശിക്കാൻ പറ്റുന്ന വിധത്തിൽ ആവശ്യത്തിനു വലിപ്പമുള്ള ദ്വാരങ്ങളുള്ള ക്രീം നിറം മങ്ങിയ കൊതുകു വല കിടക്കയ്ക്കു മുകളിൽ തൂങ്ങിക്കിടക്കുന്നു. താഴെയുള്ള കിടക്ക മടക്കി തലയണയോടൊപ്പം വച്ചിരിക്കുന്നു – അടുത്ത രാത്രി ഷിഫ്റ്റിലെ എ.എൻ.എം.ന് ഉപയോഗിക്കുന്നതിനു വേണ്ടി.







