മലേറിയയുടെ ദ്രുത പരിശോധന കിറ്റിനായി അവർ ബാഗിൽ പരതി. മരുന്നുകൾ, സലൈൻ കുപ്പികൾ, അയൺ ഗുളികകൾ, കുത്തിവയ്പ്പിനുള്ള സാമഗ്രികൾ, രക്തസമർദ്ദം പരിശോധിക്കാനുള്ള മെഷീൻ, അങ്ങനെ പലതും കൊണ്ട് ബാഗ് നിറഞ്ഞിരുന്നു. ആർക്കുവേണ്ടിയാണോ കുടുംബം അവരുടെയടുത്ത് എത്താനായി ശ്രമിച്ചു കൊണ്ടിരുന്നത് ആ സ്ത്രീ കിടക്കയിൽ ക്ഷീണിതയായി കിടക്കുന്നു. അവരുടെ ഊഷ്മാവ് വർദ്ധിക്കുന്നുണ്ട്. പരിശോധനാ ഫലം പോസിറ്റീവായി മാറുന്നു.
അവർ ബാഗിൽ ഒരിക്കൽ കൂടി തപ്പുന്നു. ഇത്തവണ ഇൻട്രാവെനസ് (ഐ.വി.) സൊല്യൂഷനു [intravenous (IV) solution] വേണ്ടി ആയിരുന്നു – 500 മില്ലിയുടെ ഡെക്സ്ട്രോസ് സലൈൻ (dextrose saline). അവർ സ്ത്രീയുടെ കിടക്കയിലേക്ക് ചാടിക്കയറി മേൽക്കൂരയ്ക്ക് കുറുകെയുള്ള ഒരു കഴുക്കോലിൽ പ്ലാസ്റ്റിക് കയർ കെട്ടുകയും മതിപ്പുളവാക്കുന്ന വേഗതയിൽ ഐ.വി. കുപ്പി അതിൽ കെട്ടുകയും ചെയ്തു.
പശ്ചിമി സിംഗ്ഭൂം ജില്ലയിൽപെട്ട ഗ്രാമങ്ങളുടെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ പത്തു വർഷമായി മെഡിക്കൽ സേവനങ്ങൾ നൽകുന്ന 35-കാരിയായ ജ്യോതി പ്രഭ കിസ്പോട്ട യോഗ്യതയുള്ള ഒരു ഡോക്ടറോ പരിശീലനം സിദ്ധിച്ച ഒരു നഴ്സോ അല്ല. ഒരു സർക്കാർ ആശുപത്രിയുമായും ആരോഗ്യ കേന്ദ്രവുമായും അവർക്ക് ബന്ധമില്ല. പക്ഷെ പശ്ചിമി സിംഗ്ഭൂമിലെ ആദിവാസി ഭൂരിപക്ഷ ഗ്രാമങ്ങളിൽ നിന്നുള്ള ആളുകളുടെ ആദ്യത്തെ ആശ്രയവും, പലപ്പോഴും അവസാനത്തെ പ്രതീക്ഷയുമാണ് ഉറാംവ് ആദിവാസി വിഭാഗത്തിൽ പെട്ട ഈ ചെറുപ്പക്കാരിയായ സ്ത്രീ.
ഒരു പ്രാദേശിക സർവ്വേ സൂചിപ്പിക്കുന്ന പ്രകാരം ഗ്രാമീണ ഇന്ത്യയിലെ ആരോഗ്യരക്ഷ ദായകരുടെ 70 ശതമാനംവരുന്ന ആർ.എം.പിമാരിൽ ഒരാളാണ് അവർ. ആർ.എം.പി. എന്നത് ഇവിടെ, ഒരാൾ ഉദ്ദേശിക്കുന്നതുപോലെ, രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണർ (Registered Medical Practitioner) അല്ല. മറിച്ച് റൂറൽ മെഡിക്കൽ പ്രാക്ടീഷണർ (Rural Medical Practitioner) എന്നതിന്റെ തെറ്റിദ്ധാരണാജനകമായ ചുരുക്കെഴുത്താണ്. പരിഹാസരൂപേണ അവർ ഛോലാ ഝാപ് (വ്യാജ) ഡോക്ടർമാർ എന്നറിയപ്പെടുന്നു. ഗ്രാമീണ ഇന്ത്യയിൽ സമാന്തര സ്വകാര്യ ആരോഗ്യരക്ഷാ സേവനങ്ങൾ നല്കുന്ന യോഗ്യതയില്ലാത്ത ഈ മെഡിക്കൽ പ്രാക്ടീഷണർമാർ അക്കാദമിക എഴുത്തുകളിൽ ‘വ്യാജ ഡോക്ടർമാർ’ എന്ന് പുച്ഛിക്കപ്പെടുമ്പോള് ആരോഗ്യരക്ഷയെക്കുറിച്ചുള്ള സർക്കാർ നയങ്ങളിൽ അവരെക്കുറിച്ച് നിലനില്ക്കുന്നത് അവ്യക്തതയാണ്.
ആർ.എം.പിമാർ പലപ്പോഴും ഇന്ത്യയിലെ ഒരു അംഗീകൃത മെഡിക്കൽ കൗൺസിലുകളിലും രജിസ്റ്റർ ചെയ്തിട്ടുള്ളവരല്ല. അവരിൽ ചിലർ ഹോമിയോപതി, അല്ലെങ്കിൽ യുനാനി ഡോക്ടർമാരായി രജിസ്റ്റർ ചെയ്തിട്ടുള്ളവരാണ്. പക്ഷെ, പ്രവർത്തിക്കുന്നതും നൽകുന്നതും അലോപ്പതി മരുന്നുകളാണ്.
ബീഹാർ സർക്കാരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നവകാശപ്പെടുന്ന കൗൺസിൽ ഓഫ് അൺഎംപ്ലോയ്ഡ് റൂറൽ മെഡിക്കൽ പ്രാക്ടീഷണേഴ്സ് എന്ന സ്വകാര്യ സ്ഥാപനത്തിൽ നിന്നും ജ്യോതി അലോപ്പതി ചികിത്സയിൽ ആർ.എം.പി. സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്. 10,000 രൂപ മുടക്കി അവർ അവിടെ 6 മാസ കാലത്തെ ഒരു കോഴ്സ് ചെയ്തിരുന്നു. പക്ഷെ, സ്ഥാപനം നിലവില്ല.

















