“മുത്തച്ഛാ തിരിച്ചുവരൂ”, തന്ന സിംഗിന്റെ പേരക്കുട്ടി ഇടയ്ക്കിടയ്ക്ക് അദ്ദേഹത്തെ ഫോണിൽ വിളിച്ചുപറയും. “എനിക്കെങ്ങിനെ തിരിച്ചുവരാൻ പറ്റും? അവന്റെ ഭാവിക്കുവേണ്ടിയല്ലേ ഞാനിവിടെ നിൽക്കുന്നത്?” കൂടാരത്തിന് പുറത്തെ കസേരയിലിരുന്ന് സിംഗ് പറയുന്നു.
“അവന്റെ (മകന്റെ 15 വയസ്സുള്ള മകന്റെ) ശബ്ദം കേൾക്കുമ്പോൾ എനിക്ക് കരച്ചിൽ വരും. പേരക്കുട്ടികളെ അവിടെയാക്കി വരാൻ ആർക്കെങ്കിലും ഇഷ്ടമുണ്ടാവുമോ? ആൺമക്കളേയും പെൺമക്കളേയും വീട്ടിൽ തനിച്ചാക്കി വരാൻ ആർക്ക് സാധിക്കും” കണ്ണീരോടെ അദ്ദേഹം പറഞ്ഞു.
പക്ഷേ, എന്ത് കാരണം പറഞ്ഞിട്ടായാലും തിരിച്ചുപോവാൻ തന്ന സിംഗ് ഇഷ്ടപ്പെടുന്നില്ല. 2020 നവംബർ 26 മുതൽ ഒരുദിവസം പോലും ടിക്രിയിലെ സമരസ്ഥലത്തുനിന്ന് അദ്ദേഹം വിട്ടുനിന്നിട്ടില്ല. ഏകദേശം ഒരുവർഷം കഴിഞ്ഞ്, മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നുകഴിഞ്ഞിട്ടും, 70 വയസ്സായ, വിഭാര്യനായ സിംഗ് തിരിച്ച് വീട്ടിലേക്ക് പോവാൻ തയ്യാറല്ല. നിയമങ്ങൾ ഔദ്യോഗികമായി പിൻവലിച്ചുകഴിഞ്ഞതിനു ശേഷമേ തിരിച്ചുപോവുന്നുള്ളു എന്നാണ് നിലപാട്. “ഈ നിയമങ്ങൾ പിൻവലിച്ചുകൊണ്ട് പ്രസിഡന്റ് ഒപ്പിടുന്നതിനായി കാത്തിരിക്കുകയാണ് ഞങ്ങള്. ഈ ദിവസം വരുന്നതിനുവേണ്ടി മാത്രമാണ് ഞങ്ങള് വീട് വിട്ടത്”, അദ്ദേഹം പറഞ്ഞു.
മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കണമെന്നാവശ്യപ്പെട്ട്, തലസ്ഥാനത്തിന്റെ അതിർത്തിയിലെത്തിയ പതിനായിരക്കണക്കിന് കർഷകരിൽ ഒരാളാണ് തന്ന സിംഗ്. മുൻപോട്ടുള്ള വഴി സർക്കാർ അടച്ചപ്പോൾ അവർ ടിക്രിയിലും (പടിഞ്ഞാറൻ ദില്ലി), സിംഘുവിലും (തലസ്ഥാനത്തിന്റെ വടക്ക്-പടിഞ്ഞാറൻ ഭാഗം), ഗാസിപുരിലും (കിഴക്ക് ഭാഗത്ത്) തമ്പടിച്ചു.
പഞ്ചാബിലെ മുക്ത്സർ ജില്ലയിലെ ഭംഗ്ചാരി ഗ്രാമത്തിൽനിന്നാണ് മറ്റ് കർഷകരുടെകൂടെ സിംഗ് ട്രാക്ടറിൽ ദില്ലിയിലേക്ക് വന്നത്. സമരസ്ഥലത്തിന്റെ അടുത്തെവിടെയോ നിർത്തിയിട്ടിരിക്കുകയാണ് കർഷകരുടെ ട്രാക്ടറുകൾ. തന്റെ ഗ്രാമത്തിൽ, അയാളുടെ കുടുംബം, എട്ട് ഏക്കറിൽ, നെല്ലും ഗോതമ്പും കൃഷിചെയ്യുന്നു. “കൃഷിസ്ഥലം നോക്കാൻ മകനെ ഏർപ്പാടാക്കിയിട്ടാണ് ഞാൻ ഇവിടെ വന്നത്”, അദ്ദേഹം പറഞ്ഞു.










