“ചൂടുകൊണ്ട് എന്റെ പുറം പൊളിഞ്ഞു”, ഗജുവാസ് ഗ്രാമത്തിന് പുറത്തെ ഖേജ്രി മരങ്ങളുടെ ചെറിയ തണലിനുകീഴെയുള്ള നിലത്തിരുന്ന് ബജ്രംഗദൾ ഗോസ്വാമി പറഞ്ഞു. “ചൂട് വർദ്ധിക്കുകയാണ് വിളവെടുപ്പ് കുറയുകയും ചെയ്യുന്നു”, കുന്നുകൂടിയിട്ട ബജ്രയുടെ വിളവിലേക്ക് കണ്ണയച്ച് അയാൾ പറഞ്ഞു. രാജസ്ഥാനിലെ ചുരു ജില്ലയിലെ താരാനഗർ തെഹ്സിലിൽ അയാളും ഭാര്യ രാജ് കൗറും പങ്കാളിത്ത കൃഷി നടത്തുന്ന ആ 22 ബിഘ ഭൂമിയിലെ ഉണങ്ങിയ പുല്ല് ചവച്ചുതിന്ന് ഒരു ഒട്ടകവും അവിടെ നിൽക്കുന്നുണ്ടായിരുന്നു.
“സൂര്യൻ തലയിലും മണ്ണ് കാൽക്കലും ചുട്ടുപഴുത്തിരിക്കുന്നു”, താരാനഗറിന്റെ തെക്കുഭാഗത്തുള്ള സുജാൻഗഢ് തെഹ്സിലിലെ ഗീതാ ദേവി നായക് പറഞ്ഞു. ഭഗ്വാനി ദേവി ചൗധരി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കൃഷിസ്ഥലത്ത് ജോലിയെടുക്കുകയായിരുന്നു, കൃഷിഭൂമി ഇല്ലാത്ത വിധവയായ ഗീതാ ദേവി. വൈകീട്ട് അഞ്ചുമണിയോടെ ഗുദാവരി ഗ്രാമത്തിലെ അന്നത്തെ ജോലി തീർത്തുകഴിഞ്ഞിരുന്നു ഇരുവരും. “ഈയിടെയായി കൂടുതൽക്കൂടുതൽ ചൂടാണ്”, ഭഗ്വാനി ദേവി പറഞ്ഞു.
വേനൽക്കാലത്ത് നില ചുട്ടുപഴുക്കുകയും ഉലയിൽനിന്നെന്നപോൽ കാറ്റ് വീശുകയും ചെയ്യുന്ന വടക്കൻ രാജസ്ഥാനിലെ ചുരു ജില്ലയിൽ, ചൂടിനെക്കുറിച്ചുള്ള വർത്തമാനങ്ങൾ ഒരു സ്ഥിരം വിഷയമാണ്. ആ മാസങ്ങളിൽ ചൂട് വളരെ പെട്ടെന്ന് 40 ഡിഗ്രിയിലേക്ക് ഉയരും. കഴിഞ്ഞ മാസം, 2020 മേയിൽ, 50 ഡിഗ്രിവരെ എത്തി ചൂട്. ലോകത്തിലേക്കുംവെച്ച് ഏറ്റവും വലിയ ചൂടായിരുന്നു അതെന്ന് മേയ് 26-ലെ പത്രങ്ങൾ പറഞ്ഞു.
അതിനാൽ, കഴിഞ്ഞ തവണ, 2019 ജൂൺ ആദ്യവാരം, 51 ഡിഗ്രി സെൽഷ്യസിലേക്ക് ചൂട് കുതിച്ചപ്പോൾ - വെള്ളം തിളയ്ക്കാനാവശ്യമായതിന്റെ പകുതിയിലേറെ – പലർക്കും അതൊരു ചെറിയ വാർത്ത മാത്രമായിരുന്നു. “30 വർഷങ്ങൾക്കുമുൻപ് 50 ഡിഗ്രിയിലേക്ക് ചൂടെത്തിയത് എനിക്കോർമ്മയുണ്ട്”, ഗജുവാസ് ഗ്രാമത്തിലെ തന്റെ വലിയ വീട്ടിലെ കട്ടിലിൽ ചാഞ്ഞുകിടന്നുകൊണ്ട്, 75 വയസ്സുള്ള ഹർദയാൽജി സിംഗ് ഓർത്തെടുത്തു. ഭൂവുടമയും വിരമിച്ച സ്കൂൾ അദ്ധ്യാപകനുമാണ് ഹർദയാൽജി.
ചില വർഷങ്ങളിൽ ഡിസംബർ-ജനുവരി മാസത്തോടെ താപനില പൂജ്യത്തിലേക്ക് എത്തുന്നതിനും ചുരു സാക്ഷിയായിട്ടുണ്ട്. 2020 ഫെബ്രുവരിയിൽ ഇന്ത്യൻ കാലാവസ്ഥാവകുപ്പ് ചുരുവിൽ രേഖപ്പെടുത്തിയത് 4.1 ഡിഗ്രിയാണ്. ഇന്ത്യൻ സമതലപ്രദേശങ്ങളിലെ ഏറ്റവും താഴ്ന്ന താപനിലയായിരുന്നു അത്.


















