ഷീല വാഘ്മാരെയെ സംബന്ധിച്ചിടത്തോളം, സുഖകരമായ ഒരു രാത്രിയുറക്കം എന്നേ നഷ്ടപ്പെട്ടുപോയ ഒന്നാണ്.
“രാത്രി നല്ലവണ്ണം ഉറങ്ങിയിട്ട് വർഷങ്ങളായി”, കടുത്ത വേദനകൊണ്ട് ചുവന്നുതുടുത്ത കണ്ണുകളുമായി നിലത്ത് വിരിച്ചിട്ട പായയിൽ ചമ്രംപടിഞ്ഞിരുന്ന് 33 വയസ്സുള്ള ഷീല പറഞ്ഞു. ഉറക്കമില്ലാത്ത നീണ്ട രാത്രികളെക്കുറിച്ച് പറയുമ്പോൾ, അടക്കിവെക്കാൻ ശ്രമിക്കുന്ന തേങ്ങലുകൾകൊണ്ട് അവളുടെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു. “രാത്രി മുഴുവൻ ഞാൻ കരയും. ശ്വാസം മുട്ടുന്നതുപോലെയാണ് തോന്നുക”.
മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ രാജുരി ഘോഡ്ക ഗ്രാമത്തിന്റെ വെളിയിലാണ് ഷീലയുടെ വീട്. ബീഡ് പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ അകലെയുള്ള രണ്ടുമുറി വീട്ടിൽ ഭർത്താവ് മാണിക്കും കാർത്തിക്, ബാബു, ഋതുജ എന്നീ മൂന്ന് മക്കളുമായി രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ അവളുടെ അടക്കിപ്പിടിച്ച തേങ്ങലുകൾ മറ്റുള്ളവരെയും ശല്യപ്പെടുത്താറുണ്ട്. “എന്റെ കരച്ചിൽ അവരുടെ ഉറക്കത്തിനെയും ബാധിക്കുന്നു. അപ്പോൾ ഞാൻ കണ്ണ് ഇറുക്കിയടച്ച് ഉറങ്ങാൻ ശ്രമിക്കും”.
പക്ഷേ ഉറക്കം മാത്രം വരില്ല. കണ്ണീർ തോരുകയുമില്ല.
“എപ്പോഴും സങ്കടവും ആശങ്കയും തോന്നും“ അവർ പറയുന്നു. ഒന്ന് നിർത്തി, ആകെ അസ്വസ്ഥമായ പോലെ അവർ തുടർന്നു. “എല്ലാം തുടങ്ങിയത്, ഗർഭപാത്രം നീക്കിയതിനുശേഷമാണ്. എന്റെ ജീവിതംതന്നെ മാറിപ്പോയി”. 2008-ൽ ഗർഭപാത്രം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായപ്പോൾ 20 വയസ്സുമാത്രം പ്രായമായിരുന്നു അവൾക്ക്. അതിനുശേഷം തുടങ്ങിയതാണ്, ഗുരുതരമായ ഈ വിഷാദവും, ഉറക്കമില്ലാത്ത രാത്രികളും, പെട്ടെന്നുണ്ടാവുന്ന മുഷിപ്പും, ശാരീരികമായ വേദനകളും. ഏറെക്കാലമായി അവയെല്ലാം അവളെ അലട്ടുന്നു.















