“ഞാന്‍ മരിച്ചാല്‍ കുഴപ്പമൊന്നുമില്ല, പക്ഷെ ആശുപത്രി ചിലവ് നമുക്കു താങ്ങാന്‍ കഴിയില്ല”, മരിക്കുന്നതിന്റെ രണ്ടുനാള്‍ മുന്‍പു ഹരിശ്ചന്ദ്ര ധാവ്റെ അദ്ദേഹത്തിന്റെ ഭാര്യ ജയശ്രീയോട് പറഞ്ഞു. നാല്പ്പത്തെട്ട് വയസ്സുണ്ടായിരുന്ന ആ പത്രപ്രവര്‍ത്തകന്റെ ആരോഗ്യനില കോവിഡ്-19 മൂലം വഷളാവുകയും തുടര്‍ന്ന് അദ്ദേഹത്തിന് കൃത്രിമശ്വാസം നല്‍കുകയും ചെയ്തിരുന്നു.
അപ്പോള്‍പോലും അദ്ദേഹത്തിന്റെ ആശങ്ക സ്വന്തം ജീവനെക്കുറിച്ചായിരുന്നില്ല, പകരം ആശുപത്രി ബില്ലിനെക്കുറിച്ചായിരുന്നു. “അദ്ദേഹം എന്നോടു വഴക്കുണ്ടാക്കി പൊട്ടിക്കരഞ്ഞു”, 38-കാരിയായ ജയശ്രീ ഓര്‍മ്മിച്ചു. “വീട്ടില്‍ പോകാന്‍ അദ്ദേഹം നിര്‍ബ്ബന്ധം പിടിച്ചു.”
ഹരിശ്ചന്ദ്രയെ 2021 മാര്‍ച്ച് അവസാനം കൊറോണ വൈറസ് ബാധിച്ചപ്പോള്‍ 20 വര്‍ഷത്തെ അദ്ദേഹത്തിന്റെ പത്ര പ്രവര്‍ത്തക ജീവിതം കൊണ്ട് ഒന്നും ചെയ്യാനായില്ല. ജോലിയാണ് അദ്ദേഹത്തിന്റെ അവസ്ഥ കൂടുതല്‍ മോശമാക്കിയത്.
മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് ജില്ലയിലെ വാര്‍ത്താ മാദ്ധ്യമങ്ങള്‍ക്കു വേണ്ടി 2001-ന്റെ തുടക്കം മുതല്‍ പ്രവര്‍ത്തിച്ചിരുന്ന ഹരിശ്ചന്ദ്രയുടെ അവസാന ജോലി രാജധര്‍മ്മ എന്ന മറാത്തി ദിനപത്രത്തിലായിരുന്നു. “അദ്ദേഹം കോവിഡ്-19-ന്റെ രണ്ടാം തരംഗത്തെപ്പറ്റി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. പത്രസമ്മേളനങ്ങളില്‍ പങ്കെടുത്ത ശേഷം അദ്ദേഹം പലപ്പോഴും ഫീല്‍ഡില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്”, ജയശ്രീ പറഞ്ഞു. “വീട്ടില്‍ നിന്നും ഇറങ്ങുന്ന എല്ലാസമയത്തും അദ്ദേഹം ഉത്കണ്ഠാകുലനാകുമായിരുന്നു. അദ്ദേഹത്തിന് ഉയര്‍ന്ന നിലയില്‍ പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നു. പക്ഷെ അദ്ദേഹത്തിനു തന്റെ ജോലി ചെയ്യണമെന്നാണ് പറഞ്ഞത്.”
മാര്‍ച്ച് 22-ന് ധാവ്റെ കോവിഡിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങി – ശരീര വേദനയും പനിയും. “ആരോഗ്യം മെച്ചപ്പെടാതിരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ പട്ടണത്തിലെ സിവില്‍ ആശുപത്രിയില്‍ ആക്കി”, ജയശ്രീ പറഞ്ഞു. പരിശോധനയില്‍ പോസിറ്റീവ് ആയിരുന്നതുകൊണ്ട് അദ്ദേഹത്തെ ആശുപത്രിയില്‍ കിടത്തി ചികിത്സിക്കാന്‍ തീരുമാനിച്ചു. “വലിയ സൗകര്യങ്ങള്‍ അവിടെ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പുരോഗതിയും അത്ര തൃപ്തികരമായിരുന്നില്ല”, ജയശ്രീ കൂട്ടിച്ചേര്‍ത്തു. അങ്ങനെ മാര്‍ച്ച് 31-ന് അദ്ദേഹത്തെ 60 കിലോമീറ്റര്‍ അകലെ സോളാപൂരുള്ള ഒരു സ്വകാര്യ ആശുപത്രിയിലേക്കു മാറ്റാന്‍ കുടുംബം തീരുമാനിച്ചു.
ആറു ദിവസങ്ങള്‍ അവിടെ ചിലവഴിച്ച ശേഷം ഏപ്രില്‍ 6-ന് രാവിലെ അദ്ദേഹം മരിച്ചു.









