ഒരു തെളിഞ്ഞ ദിനത്തിൽ സുനിതാ റാണി ഏകദേശം 30 പേരടങ്ങുന്ന ഒരു വനിതാ സംഘത്തോട് സംസാരിച്ചു കൊണ്ടിരിക്കുകയാണ്. വലിയൊരു സംഘമായി പുറത്തുവരാനും തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി അനിശ്ചിതകാല സമരം നടത്താനും അവർ ആഹ്വാനം ചെയ്തു. "കാം പക്കാ, നൗക്കരി കച്ചി” [കൃത്യമായ ജോലി, കൃത്യതയില്ലാത്ത വേതനം], സുനിതാ റാണി ഉറക്കെ വിളിച്ചു പറഞ്ഞു. "നഹീം ചലേഗി, നഹീം ചലേഗി” [ഇത് നടക്കില്ല, ഇത് നടക്കില്ല], മറ്റു സ്ത്രീകൾ ഒരുമിച്ച് വിളിച്ചു.
ഡൽഹി ഹരിയാന ഹൈവേയിൽ നിന്നും മാറി, സോനീപത് പട്ടണത്തിലെ സിവിൽ ആശുപത്രിക്ക് പുറത്തുള്ള ഒരു പുൽത്തകിടിയിൽ, ഹരിയാനയിലെ തങ്ങളുടെ യൂണിഫോമായ ചുവപ്പ് വസ്ത്രങ്ങൾ ധരിച്ച സ്ത്രീകൾ ഒരു ധുർരിയിൽ ഇരുന്ന് സുനിതയെ ശ്രവിക്കുകയാണ്. അവർക്ക് എല്ലാവർക്കുമറിയാവുന്ന തങ്ങളുടെ പ്രശ്നങ്ങൾ സുനിത എണ്ണി പറയുന്നു.
സ്ത്രീകളെല്ലാം അംഗീകൃത സാമൂഹ്യാരോഗ്യ പ്രവര്‍ത്തകര്‍ അല്ലെങ്കില്‍ ആശ പ്രവര്‍ത്തകര്‍ (Accredited Social HealthActivist - ASHA) ആണ് – രാജ്യത്തിന്റെ നാഷണൽ റൂറൽ ഹെൽത്ത് മിഷന്റെ (എൻ.ആർ.എച്.എം.) കാലാൾ പടയാളികൾ. രാജ്യത്തെ പൊതു ആരോഗ്യരക്ഷാ സംവിധാനവുമായി ഗ്രാമീണ ജനതയെ ബന്ധിപ്പിക്കുന്ന നിർണ്ണായകമായ ഒരു കണ്ണിയാണിത്. രാജ്യത്തുടനീളം ഒരു ദശലക്ഷത്തിലധികം ആശാ പ്രവർത്തകരുണ്ട്. ആരോഗ്യ ബന്ധിതമായ ഏതൊരു ആവശ്യങ്ങളിലും അടിയന്തര ഘട്ടങ്ങളിലും പലപ്പോഴും ആദ്യം ലഭ്യമാകുന്ന ആരോഗ്യ സുരക്ഷാ പ്രവർത്തകർ ഇവരാണ്.
പോഷകാഹാരങ്ങളെയും ശുചീകരണ ങ്ങളെയും പകർച്ചവ്യാധികളുടെയും കുറിച്ചുള്ള വിവരങ്ങൾ നൽകുന്നത് തുടങ്ങി ക്ഷയ രോഗികളുടെ ചികിത്സ കാര്യങ്ങൾ അന്വേഷിക്കുകയും ആരോഗ്യ സൂചകങ്ങളുടെ രേഖകൾ പരിപാലിക്കുകയും ചെയ്യുന്നതു വരെയുള്ള ബുദ്ധിമുട്ടേറിയ 12 പ്രാഥമിക ജോലികളും അറുപതിലധികം ഉപജോലികളും ചെയ്യാൻ അവരോട് ആവശ്യപ്പെടുന്നു.
അവർ അതും അതിലധികവും ചെയ്യുന്നു. “പക്ഷേ ഞങ്ങളെ എന്തിനു വേണ്ടിയാണോ പരിശീലിപ്പിച്ചത് അത് യഥാർത്ഥത്തിൽ അവശേഷിക്കുന്നു – മാതൃ നവജാത ശിശു ആരോഗ്യ സ്ഥിതിവിവരക്കണക്കുകൾ മെച്ചപ്പെടുത്തുക എന്നത്”, സുനിത പറഞ്ഞു. സോനീപത് ജില്ലയിലെ നാഥുപൂർ ഗ്രാമത്തിലാണ് സുനിത ജോലി ചെയ്യുന്നത്. ഗ്രാമത്തിലെ 2,953 ആളുകളുടെ കാര്യങ്ങൾ നോക്കുന്ന മൂന്ന് ആശാ പ്രവർത്തകരിൽ ഒരാൾ കൂടിയാണ് അവർ.








