ലോൺതുക (നിങ്ങളിൽനിന്ന്) തിരിച്ചുപിടിക്കാൻ ഗാന്ധിമാർഗ്ഗം പിന്തുടരാനാണ് ബാങ്കിന്റെ തീരുമാനം. ഇതിനായി താഴെപ്പറയുന്നവയിൽ ഏതെങ്കിലും ഒരു മാർഗം സ്വീകരിക്കാനാണ് ബാങ്ക് തീരുമാനിച്ചിരിക്കുന്നത്:. 1) നിങ്ങളുടെ വീടിന് മുന്നിൽ ടെന്റ് കെട്ടി പ്രതിഷേധിക്കുക, 2) പാട്ടുസംഘത്തെ ഉപയോഗിക്കുക, 3) മണിയടിക്കുക.
"ഇതിലൂടെ, സമൂഹത്തിലെ നിങ്ങളുടെ പ്രതിച്ഛായയും നിലനിൽപ്പും അപകടത്തിലാകും'
തങ്ങളുടെ 20,000-ഓളം വരുന്ന ഇടപാടുകാർക്ക് പരസ്യമായ അപമാനവും പരിഹാസവും വാഗ്ദാനം ചെയ്യുകയാണ് ഒസ്മാനാബാദ് ഡിസ്ട്രിക്ട് സെൻട്രൽ കോഓപ്പറേറ്റീവ് ബാങ്ക് (ഒഡിസിസി). കഴിഞ്ഞ കുറച്ചുവർഷങ്ങളായി കടുത്ത ദുരവസ്ഥയിലൂടെ കടന്നുപേകുന്ന കർഷകരാണ് ഈ ഇടപാടുകാരിൽ കൂടുതലും. വിളനാശവും വിലയിടിവുമൊക്കെയാണ് അവരെ ഈ അവസ്ഥയിലെത്തിച്ചത്. ഇതോടൊപ്പം, വരൾച്ചയും ജലദൗർലഭ്യവും കൂടിയായപ്പോൾ അത് ലോൺ തിരിച്ചടവിനെ കൂടുതൽ ബാധിച്ചു. തീർന്നില്ല, 500, 1000 രൂപ നോട്ടുകൾ നിരോധിച്ച കേന്ദ്രസർക്കാരിന്റെ നടപടിമൂലം തൈാഴിലാളികൾക്ക് കൂലി കൊടുക്കാൻപോലും കഴിയാത്ത അവസ്ഥയിലായി ഇന്ന് ഈ കർഷകർ. "നവംബർ ഒമ്പതുമുതൽ കർഷകതൊഴിലാളികൾക്ക് ഒരുപൈസ പോലും കൂലിയായി നൽകിയിട്ടില്ല”, ഖേഡ് ഗ്രാമത്തിലെ ചെറുകിട കർഷകനായ എസ്.എം. ഗവാലെ പറയുന്നു. "എല്ലാവരും പട്ടിണിയിലാണ്.'
നിക്ഷേപകർക്ക് പണം പിൻവലിക്കാൻ കഴിയാത്തതിന് കാരണം കർഷകരാണെന്നാണ് ബാങ്കിൽനിന്നുള്ള കത്തിൽ (ലേഖനത്തിന്റെ അവസാനഭാഗത്ത് ചേർത്തിക്കുന്നു) അവരെ ഓർമ്മിപ്പിക്കുന്നത്. "ഇക്കാരണങ്ങളാൽ ഏതെങ്കിലും നിക്ഷേപകൻ ആത്മഹത്യ ചെയ്താൽ, അതിന്റെ ഉത്തരവാദിത്തം നിങ്ങൾക്കായിരിക്കും' എന്നാണ് ആ ഭീഷണി.
ഈ സാഹചര്യത്തിൽ, ഗ്രാമം സന്ദർശിക്കുകയും കർഷകരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ബാങ്കിന്റെ റിക്കവറി സംഘം കർഷകരുടെയിടയിൽ പിരിമുറുക്കത്തിനും നിരാശയ്ക്കും വഴിവെക്കുന്നു. വിചിത്രമെന്നുപറയട്ടെ, 20,000 കർഷകരുടെ ഒന്നിച്ചുള്ള കുടിശ്ശിക കേവലം, 180 കോടിയാണെങ്കിൽ, പഞ്ചസാര ഫാക്ടറികളായ തെർനയും തുൽജാഭവാനിയും ഇതേ ബാങ്കിന് നൽകാനുള്ളത് 352 കോടിരൂപയാണ്. എന്നാൽ ഈ ചെറുകിട കർഷകരുടെമേൽ ബാങ്ക് പ്രയോഗിക്കുന്ന തന്ത്രങ്ങളൊന്നും ശക്തരുടെ ഫാക്ടറികളുടെ കാര്യത്തിൽ അവർ കൈക്കൊള്ളുന്നില്ല. "ഈ ഫാക്ടറികൾ പൂട്ടിപ്പോയതാണ്”, ഒഡിസിസി എക്സിക്യൂട്ടീവ് ഡയറക്ടർ വിജയ് ഘോൻസെ പാട്ടീൽ പറയുന്നു. അതുകൊണ്ട് അവിടെ ഗാന്ധിമാർഗ്ഗം നടക്കില്ല. ഇവരുടെ ഉടമസ്ഥതയിലുള്ള വിലപിടിപ്പുള്ള ഭൂമി പിടിച്ചെടുക്കാനോ ലേലം ചെയ്യാനോ ബാങ്ക് ഇതുവരെയും തയ്യാറായിട്ടുമില്ല.
ഗാന്ധിവഴിയിലൂടെയുള്ള കുടിശ്ശിക നിവാരണം അരുൺ ജെയ്റ്റ്ലിയുടെ പ്രസംഗത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന്, കർഷകരെ ഭീഷണിപ്പെടുത്തുന്ന ഈ കത്ത് തയ്യാറാക്കിയ ഘോൻസെ പാട്ടീൽ പറയുന്നു. കുടിശ്ശിക വരുത്തുന്നവർക്കെതിരേ നടപടിയെടുക്കുമെന്ന് കഴിഞ്ഞ ബഡ്ജറ്റ് സമ്മേളനത്തിൽ (മുൻ) കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബാങ്കിന്റെ നടപടിയെന്ന് ഒസ്മാനാബാദ് നഗരത്തിലെ ബാങ്കിന്റെ ആസ്ഥാനത്തിരുന്ന് ഘോൻസെ പാട്ടീൽ സ്വയം ന്യായീകരിച്ച് ഞങ്ങളോട് പറഞ്ഞു.


