ഇപ്പോള്‍ രാവിലെ 10:30 ആയിരിക്കുന്നു. ഹണി രാവിലെ ജോലിക്ക് തയ്യാറെടുക്കുകയാണ്. ഡ്രസ്സിംഗ് ടേബിളിന് മുന്‍പില്‍നിന്ന് അവര്‍ വളരെ ശ്രദ്ധാപൂര്‍വ്വം ചുവന്ന ലിപ്സ്റ്റിക്ക് ഇടുകയാണ്. “ഇത് എന്റെ ഉടയാടകളുമായി നന്നായി ചേരും”, തന്റെ ഏഴുവയസ്സുകാരിയായ പുത്രിയെ ഭക്ഷണം കഴിപ്പിക്കാന്‍ തിരക്കു കൂട്ടുന്നതിനിടയില്‍ അവര്‍ പറഞ്ഞു. മേശയില്‍ കുറച്ചു മുഖാവരണങ്ങളും ഒരുജോഡി ഇയര്‍ഫോണുകളും തൂങ്ങിക്കിടക്കുന്നു. മുറിയുടെ ഒരു മൂലയ്ക്കുള്ള ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന ദൈവങ്ങളുടെയും ബന്ധുക്കളുടെയും ഫോട്ടോകള്‍ കണ്ണാടിയില്‍ പ്രതിഫലിക്കുമ്പോള്‍ സൗന്ദര്യവര്‍ദ്ധക വസ്തുക്കളും ചമയവസ്തുക്കളും മേശപ്പുറത്ത് ചിതറിക്കിടക്കുന്നു.
ഹണി (പേര് മാറ്റിയിരിക്കുന്നു) തന്റെ വീട്ടില്‍നിന്നും 7-8 കിലോമീറ്റര്‍ അകലെയുള്ള ഒരു ഹോട്ടലില്‍ ഇടപാടുകാരനെ കാണാനായി തയ്യാറെടുക്കുകയാണ്. ന്യൂ ഡല്‍ഹിയിലെ മംഗോള്‍പുരിയിലെ താമസസ്ഥലത്തുള്ള ഒരു ഒറ്റമുറിയാണ് ഹണിയുടെ വീട്. 32-കാരിയായ അവര്‍ ലൈംഗികതൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നു. തലസ്ഥാനത്തെ നാംഗ്ലോയി ജാട്ട് പ്രദേശത്താണ് അവരുടെ പ്രവര്‍ത്തനം. അവര്‍ യഥാര്‍ത്ഥത്തില്‍ ഗ്രാമീണ ഹരിയാനയില്‍ നിന്നുവരുന്നു. “10 വര്‍ഷം മുന്‍പ് വന്ന ഞാന്‍ ഇപ്പോള്‍ ഇവിടെയാണ്. പക്ഷെ ഡല്‍ഹിയില്‍ വന്നതിനുശേഷമുള്ള എന്റെ ജീവിതം നിര്‍ഭാഗ്യകരങ്ങളായ ഒരു സംഭവ പരമ്പരയാണ്.”
എന്ത് തരത്തിലുള്ള നിര്‍ഭാഗ്യങ്ങള്‍?
“നാല് ഗര്‍ഭമലസലുകള്‍, തൊ ബഹുത് ബഡി ബാത് ഹേ [വളരെ വലിയ കാര്യമാണ്]! എന്നെ ഭക്ഷണം കഴിപ്പിക്കാനോ നോക്കാനോ ആശുപത്രിയില്‍ കൊണ്ടുപോകാനോ ആരുമില്ലാതിരുന്ന സമയത്ത് അതാണ് സംഭവിച്ചത്”, ചിരിച്ചുകൊണ്ട് അവര്‍ പറഞ്ഞു. ഇത്രയുംകാലം കടന്ന് ഇവിടെത്തിയത് സ്വന്തം നിലയ്ക്കാണ് എന്ന സൂചന അതിലുണ്ടായിരുന്നു.
“ഇതുമാത്രമാണ് ഈയൊരു ജോലി ഞാന്‍ സ്വീകരിക്കാനുണ്ടായ ഒരേയൊരു കാരണം. എനിക്കു ഭക്ഷണം കഴിക്കാനോ അപ്പോഴും ഉള്ളിലുണ്ടായിരുന്ന കുട്ടിയുടെ പോഷണം നോക്കാനോ കൈയില്‍ പണമുണ്ടായിരുന്നില്ല. ഞാന്‍ അഞ്ചാംതവണ ഗര്‍ഭിണിയായിരിക്കുന്നു. ഞാന്‍ ഗര്‍ഭിണിയായിരുന്ന സമയത്ത് ഭര്‍ത്താവ് എന്നെ ഉപേക്ഷിച്ചുപോയി. എന്റെ അസുഖവുമായി ബന്ധപ്പെട്ടുണ്ടായ ഒരുകൂട്ടം സംഭവങ്ങളുടെ പേരില്‍ ഞാന്‍ ജോലിചെയ്യുകയായിരുന്ന, പ്ലാസ്റ്റിക് പാത്രങ്ങള്‍ ഉണ്ടാക്കിയിരുന്ന ഫാക്ടറിയില്‍നിന്നും ബോസ് എന്നെ പുറത്താക്കി. അവിടെനിന്നും എനിക്ക് പ്രതിമാസം 10,000 രൂപ കിട്ടുമായിരുന്നു”, അവര്‍ പറഞ്ഞു.
ഹണിയുടെ മാതാപിതാക്കള്‍ 16-ാം വയസ്സില്‍ ഹരിയാനയില്‍ വച്ച് അവരെ വിവാഹം കഴിച്ചയച്ചതാണ്. അവര്‍ ഭര്‍ത്താവിനോടൊത്ത് അവിടെ മൂന്നുവര്‍ഷം താമസിച്ചു. അയാള്‍ ഒരു ഡ്രൈവര്‍ ആയിരുന്നു. ഹണിക്ക് ഏതാണ്ട് 22 വയസ്സുള്ളപ്പോള്‍ അവര്‍ ഡല്‍ഹിക്ക് തിരിച്ചു. പക്ഷെ അവിടെത്തിയശേഷം മദ്യപനായ അവരുടെ ഭര്‍ത്താവ് പലപ്പോഴും അപ്രത്യക്ഷമാകുമായിരുന്നു. “മാസങ്ങളോളം അയാള്‍ പോകുമായിരുന്നു. എവിടെ? എനിക്കറിയില്ല. ഇപ്പോഴും അയാളത് ചെയ്യുന്നു, ഒരിക്കലും പറയുകയുമില്ല. വെറുതെ മറ്റുസ്ത്രീകള്‍ക്കൊപ്പം പോകുന്നു, പണം തീരുമ്പോള്‍ തിരിച്ചുവരുന്നു. ഭക്ഷണ സാധനങ്ങള്‍ എത്തിച്ചുനല്‍കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന അയാള്‍ മിക്ക സമയത്തും തനിയെ സമയം ചിലവഴിക്കുകയായിരുന്നു. എനിക്ക് 4 തവണ ഗര്‍ഭം അലസിയതിനു കാരണമതാണ്. അയാള്‍ എനിക്കുവേണ്ട മരുന്നുകളോ പോഷകാഹാരങ്ങളോ കൊണ്ടുവരുമായിരുന്നില്ല. എല്ലായ്പ്പോഴും എനിക്ക് ക്ഷീണം തോന്നിയിരുന്നു”, അവര്‍ കൂട്ടിച്ചേര്‍ത്തു.







