വീടിനു പുറത്ത് ഒരു കട്ടിലിൽ 40-കാരിയായ മാലൻ അമ്മ വരുന്നതും കാത്തിരിക്കുകയാണ്. അവർ തനിക്ക് പ്രിയപ്പെട്ട ഫ്ലോറൽ ബ്ലൗസും കണങ്കാൽ വരെയെത്തുന്ന പാവാടയുമാണ് ധരിച്ചിരുന്നത്. അവർ എന്നെ നോക്കി. അവരുടെ മുഖം വിടർന്നു. എന്റെ മുൻ സന്ദർശനത്തിൽ നിന്നും അവർ എന്നെ മനസ്സിലാക്കി. "ആയി നാഹി ഘരി” [അമ്മ വീട്ടിൽ ഇല്ല], ഇഷ്ടികയും കല്ലും മണ്ണും ചേർത്തുണ്ടാക്കിയ കുടുംബത്തിന്റെ ഇരട്ടമുറി വീടിന്റെ വാതിൽപ്പടിയിൽ ഇരിക്കുമ്പോൾ അവർ പറഞ്ഞു.
മാലൻ മോരെ 63-കാരിയായ അമ്മ രാഹിബായിയോടും 83-കാരനായ അച്ഛൻ നാനയോടുമൊപ്പം പൂനെ ജില്ലയിലെ മുൽശി താലൂക്കിലെ വാഡി ഗ്രാമത്തിലാണ് താമസിക്കുന്നത് (അവരുടെ പേരുകളും ഗ്രാമത്തിന്റെ പേരും മാറ്റിയിരിക്കുന്നു). ഏകദേശം മൂന്നേക്കർ വരുന്ന ഭൂമിയിൽ ഈ കുടുംബം നെല്ല്, ഗോതമ്പ്, പച്ചക്കറികൾ എന്നിവ കൃഷി ചെയ്യുന്നു.
മാലന് ‘ബോർഡർലൈൻ മെന്റൽ റീറ്റാർഡേഷൻ’ ആണെന്ന് അവർക്ക് 18 വയസ്സുള്ളപ്പോൾ പൂനെയിലെ സസൂൻ ജനറൽ ആശുപത്രി സ്ഥിരീകരിച്ചു.
അതിനു 12 വർഷങ്ങൾക്കു മുൻപ് അവർ പ്രദേശത്തെ സംസ്ഥാന ഉടമസ്ഥതയിലുള്ള പ്രാഥമിക വിദ്യാലയത്തിൽ പോയിരുന്നു. "അവളുടെ ക്ലാസിൽ പഠിച്ചവരെല്ലാം നാലാംക്ലാസ് കടന്നു മുന്നോട്ടുപോയി. പക്ഷെ മണ്ണിൽ കുത്തിക്കുറിക്കുന്നതിനപ്പുറം പോകാൻ അവൾക്കു കഴിഞ്ഞില്ല”, രാഹിബായ് പറഞ്ഞു. "അവസാനം അവളെ സ്കൂളിൽ നിന്നും മാറ്റാന് ക്ലാസ് അദ്ധ്യാപിക എന്നോട് പറഞ്ഞു.” മാലന് അപ്പോൾ 15 വയസ്സായിരുന്നു.
അപ്പോൾ മുതൽ തന്റെ അമ്മയോടൊപ്പം ചെറിയ വീട്ടുജോലികൾ ചെയ്തുകൊണ്ട് മാലൻ വീട്ടിൽ താമസിക്കുന്നു, പക്ഷെ താല്പര്യമുള്ളപ്പോൾ മാത്രം. അവർ അപൂർവമായേ സംസാരിക്കാറുള്ളൂ. സംസാരിക്കുകയാണെങ്കിൽ അത് രാഹിബായിയോടും മറ്റു ചിലരോടും മാത്രം. പക്ഷേ അവർക്ക് മനസ്സിലാക്കാനും വിനിമയം ചെയ്യാനും സാധിക്കും. ഞാൻ അവരോട് സംസാരിച്ചപ്പോൾ അവർ തലയാട്ടുകയും പുഞ്ചിരിക്കുകയും കുറച്ചുനേരത്തേക്ക് മാത്രം സംസാരിക്കുകയും ചെയ്തു.







